2013, ജൂലൈ 30, ചൊവ്വാഴ്ച

തൂവെള്ള വിരിയിട്ട കിടക്കയിൽ  ശരീരം ലംബമാക്കിവച്ച്  അച്ഛനിരുന്നു.  എന്തൊരു തിളക്കമായിരുന്നു ആ മുഖത്ത് . ഒരു തിരിച്ചുവരവിന്റെ അതിരില്ലാത്ത ആഹ്ളാദം !
മൗനവ്രതം  അവസാനിപ്പിച്ച  ഒരാളെപ്പോലെ അറിയാതെപോയതൊക്കെ 
ചോദിച്ചറിയാനുള്ള ആവേശമായിരുന്നു വാക്കുകളിൽ .

എന്റെ  നോട്ടം അച്ഛന്റെ ഒഴിഞ്ഞ ഇടംകൈത്തണ്ടയിലേക്ക് ഞാനറിയാതെ
ചിതറി വീണുകൊണ്ടിരുന്നു . അച്ഛന്റെ  സന്തതസഹചാരിയായ വാച്ച് , വീട്ടിലെ
മേശപ്പുറത്ത് അനാഥമായിട്ട് പത്തു ദിവസമായിരിക്കുന്നു .ഓർത്തെടുത്തു അച്ഛൻ .
വാച്ചിനൊപ്പംകുടയെടുക്കാൻ പറഞ്ഞില്ല .ആശുപത്രി കിടക്കയിൽ കുടയ്ക്കെന്തു
കാര്യം .

അച്ഛന്റെ അവസാനത്തെ ആവശ്യം നിറവേറ്റികൊടുക്കാനായില്ല .രാത്രിയോടെ
അച്ഛൻ  ബോധരഹിതനായി . വെന്റിലേറ്ററിനുള്ളിൽ  അവസാന ശ്വാസത്തിനായി
കാത്തുകിടന്നപ്പോഴും , അച്ഛന്റെ ഒഴിഞ്ഞ കൈത്തണ്ട ,സമയസൂചികളുടെ
ചലനത്തിന്  കാതോർത്തിട്ടുണ്ടാവും .

അച്ഛന്റെ കറുത്ത ഡയലുള്ള എച്ച് എം ടി  വാച്ച് ...
ഞാൻ സൂക്ഷിക്കുന്ന ഏറ്റവും വിലപ്പെട്ട സമ്പാദ്യം. അച്ഛനെപ്പോലെ
സമയനിഷ്ഠ  പാലിക്കുന്ന മറ്റൊരാളെ  കിട്ടില്ലെന്ന്  ഉറപ്പുള്ളതുകൊണ്ട്
തേങ്ങിയും കിതച്ചും കുറെ ഓടിയ ശേഷം അത്  നിശ്ചലമായി .നിഷ്ഠയോടെ ഓരോ
രാപകലുകളെ കൃത്യതയോടെ പകുത്തെടുക്കാത്തതിന്  മാത്രമാണ് എന്നെ  അച്ഛൻ
വഴക്ക് പറഞ്ഞിരുന്നത് . രാവിലെ അഞ്ചുമണിക്ക്  ഉണരുന്നതു മുതൽ  മുടങ്ങാത്ത
വൈകുന്നേരനടത്തത്തിലും  ഉറക്കത്തിലും  ഒക്കെ വഴികാട്ടിയായി  അച്ഛനൊപ്പം
വാച്ചുണ്ടാവും , ഇടയ്ക്കിടയ്ക്ക് അച്ഛന്റെ കൈയിലെ നീണ്ടുചുരുണ്ട രോമങ്ങളെ പിടിച്ചു
വലിച്ച്  നോവിച്ചുകൊണ്ട് .

കറുത്ത നിറമുള്ള പെട്ടിക്കുള്ളിൽ മൂന്ന്  ദിശകളിലേയ്ക്ക്  നോക്കിക്കിടക്കുന്നു ,
മരിച്ച മൂന്നു കുട്ടികളെയെന്നപോലെ സൂചികളും പേറി ആ  വാച്ച്‌ . മരിക്കാത്ത
ഓർമകളും  പേറി , ഞാനും .

( അച്ഛൻ  പോയിട്ട്  ഇന്ന് നാലുവർഷം )

#

2013, ജൂലൈ 29, തിങ്കളാഴ്‌ച

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം / സഹ്യമലക്ഷേത്രം .

#

ചുറ്റും മലനിരകൾ .മീതെ കുടമാറ്റം നടത്തുന്ന ആകാശം .പൊട്ടിച്ചിരിച്ച് ,
ആർത്തുല്ലസിച്ചൊഴുകുന്ന പാപനാശിനി .വരദാനമായൊരരുവി .
കല്ലുകളിൽ , വെറുംകാൽ ചവിട്ടി ,ഓരം ചേർന്ന് ,നടന്നപ്പോൾ കിട്ടിയ
അനുഭൂതി !പ്രകൃതിയെ അറിയുന്ന സ്വർഗീയമായ അവസ്ഥാവിശേഷം !!!

മന്ത്രങ്ങളുരുവിട്ട് , പിതൃതർപ്പണം .
മണ്‍മറഞ്ഞ  പിതാമഹരുടെ ആത്മാക്കൾക്ക്  നിത്യശാന്തിക്കായി
പ്രാർത്ഥന .അറിഞ്ഞോ   അറിയാതെയോ  ചെയ്തുപോയ തെറ്റുകൾക്ക്
ജലത്തെ സാക്ഷിയാക്കി മാപ്പിരക്കൽ . പിതൃക്കളെ   പ്രീതിപ്പെടുത്തൽ .
പാപനാശിനിയിൽ മുങ്ങി നിവർന്നപ്പോൾ ശരീരവും മനസ്സും പാടെ
ശുദ്ധീകരിക്കപ്പെട്ടതുപോലെ !

ഈറനുമായി  ഗണപതിക്കും ശിവനും മുന്നിൽ സമർപ്പണം .

ഓരോ കല്ലിലും പാദം തൊടുമ്പോഴും കണ്ണുകൾ ഇരുവശത്തേക്കും
തിരഞ്ഞുകൊണ്ടിരുന്നു .എല്ലാ മരങ്ങളെയും കണ്ണാലുഴിഞ്ഞു .അവയിൽ
ഏതിനായിരിക്കും എന്റെ അച്ഛന്റെ അസ്ഥി  വളമായിത്തീർന്നത്‌ ..
അച്ഛന്റെ അസ്ഥിക്ക് മേൽ മുളപൊട്ടിയ ചെടിക്ക്‌ ഇപ്പോൾ നാലുവയസ്സ്
പ്രായം .അച്ഛന്റെ മകളിതാ തൊട്ടടുത്തുണ്ടെന്ന്  ഏതു മരത്തിന്റെ വേരുകളാവും
അതിന്റെ ശിഖരങ്ങളോട്  രഹസ്യമായി പറഞ്ഞിട്ടുണ്ടാവുക?..

പടവുകൾ കയറി മുകളിൽ ചെന്നുനിന്ന്‌ ഒന്നുകൂടി നോക്കി .

മഹാവിഷ്ണുവിന്റെ തിരുസന്നിധിയിൽ  നെയ് വിളക്ക് സമർപ്പിച്ച്‌ ,കണ്ണുനിറയെ
പ്രാർത്ഥന .

ഇനി മടക്കം . തിരിച്ചറിയാനാവാതിരുന്ന ആ മരത്തെയും കൂടെയുള്ള എല്ലാ
മരങ്ങളെയും , അച്ഛൻ അസ്ഥിയായ്  ഉറങ്ങിയ , ആ  തെളിനീരരുവിയുടെ
മടിത്തട്ടിനെയും ഞാനെന്റെ  കരളിൽ പതിച്ചെടുത്തു വച്ചു . എനിക്കെന്നും
തണൽ വേണം , പുതച്ചുറങ്ങാൻ കുളിരും .

2013, ജൂലൈ 23, ചൊവ്വാഴ്ച

പ്രാർത്ഥിക ...

#

എത്ര വേഗത്തിലോടിയിട്ടും
ഞാനെന്താണെന്നും
ബാല്യത്തിന്റെ
ഉമ്മറപ്പടിയിൽത്തന്നെ
ജയിക്കുന്നു !

തൊഴുത്തിലെ ഓലവിടവിലൂടെ
പൂവാലിപ്പശുവിന്റെ  വയറിൽ
സൂര്യനെക്കണ്ടതും
നുള്ളിയെടുക്കാൻ നോക്കിയതും
ഇന്നലെ .

പത്തായത്തിനുള്ളിൽ തിരികത്തിച്ച്
പൂട്ടിവച്ച കദളിക്കുല
മഞ്ഞയുടുപ്പിട്ടോന്നു നോക്കാൻ
പതുങ്ങിപ്പതുങ്ങി പോയതും
ഇന്നലെ .

ആയമ്മ കനലിൽ ചുട്ടെടുത്ത കപ്പ
കൊതിമൂത്ത്‌  തട്ടിയെടുത്ത്
നാക്കു പൊള്ളിച്ചതു കണ്ട്
ചിരട്ടയിലിടിച്ച ചമ്മന്തി കളിയാക്കിച്ചിരിച്ചതും
ഇന്നലെ .

അച്ഛൻ  തന്ന പൈസ
കൈകുത്തി നിരങ്ങുന്ന ലക്ഷ്മണനു കൊടുത്തിട്ട്
അവന്റെ ചിരി തിരികെ വാങ്ങിയതും
കുറ്റിപ്പെൻസിൽകൊണ്ടെഴുതിയതും
ഇന്നലെ .

എന്നിട്ടുമെന്നിട്ടുമെന്തേ
ഭരണി നിറച്ച കുന്നിമണികൾക്കിടയിൽ നിന്ന്
കണ്ടെടുക്കാനാവുന്നില്ല
ആദ്യമായ്
കൂട്ടിവായിച്ച വാക്ക് ???!

#