പണ്ട് പണ്ട്
എന്നുവെച്ചാൽ വളരെ പണ്ട്
ഈ മുറ്റം,ദേഹമാസകലം മണൽ പുതച്ചിരുന്നു
പുറം നോവിക്കാതെ ഞാനന്ന് മുറ്റമടിച്ചു
കരിയിലകളുടെ പിന്നാലെ മണലിറങ്ങിപ്പോയാൽ
അമ്മയുടെ നെഞ്ച് പിടയും .
അതുകൊണ്ടാവും തൊടുന്ന മാത്രയിൽ
ചൂൽ ഓർമപ്പെടുത്തും , ' പതിയെ , പതിയെ '.
മഞ്ഞ് പൊഴിഞ്ഞു വീണ മണലിൽ
കുടിലും കൊട്ടാരവും പണിത് , പിന്നെ
ചാഞ്ഞും ചരിഞ്ഞും കിടന്ന് ചന്തം നോക്കി
രസിച്ചു , ഞാനുമെന്റെ കൂട്ടാരും .
നായ മൂത്രിച്ചോ ,പൂച്ച അപ്പിയിട്ടോ ...
ആര് അന്വേഷിക്കാൻ മിനക്കെടുന്നു അതൊക്കെ !
പെറ്റിക്കോട്ടിലൊളിച്ച് , വീട്ടിനുള്ളിൽ കയറിക്കൂടി
ചിതറിപ്പെയ്യുന്ന മണൽത്തരികളോട്
അമ്മ വല്ലാതെ കലഹിക്കും
അതാണെനിക്ക് മനസ്സിലാകാതിരുന്നത് .
പിന്നീടെന്നോ , മണൽ നഷ്ടപ്പെട്ട്
പുഴയുടെ കണ്ണ് ചുവന്നു
മുറ്റത്തിന്റെ നെഞ്ച് ഓടുകൊണ്ടുറച്ചു
അവളൊറ്റയ്ക്ക് മാനം നോക്കിക്കിടന്നു തേങ്ങി .
ഇന്നീ മുറ്റത്ത് കാൽതൊടുമ്പോൾ പഴയ തണുപ്പ് ,
ഒരു കിളിയെപ്പോലെ ഉള്ളിലിരുന്നു കുറുകുന്നു
ഞാനുണ്ടാക്കിയ കുടിലും കൊട്ടാരവും
മണലിൽ പൂത്തുനിന്ന മരക്കൊമ്പും
ഇടിഞ്ഞുവീഴാതെ,വാടിക്കരിയാതെ
അവിടെത്തന്നെയുണ്ടാവും
എനിക്കങ്ങനെ വിശ്വസിക്കാനാണിഷ്ടം ,
മണ്ണായിത്തീരുംവരെ ...
#