ഇന്നലെ ' വീട്ടിലേയ്ക്കുള്ള യാത്ര , ധന്യമാക്കി മാറ്റിയ ഉച്ചനേരം !
തൃശൂർ വഴി വയനാട് , 'ആര്യാസിൽ കൈകഴുകി ഊണിനു കാത്തിരിക്കുന്ന നേരം .
ഊണ് കഴിഞ്ഞ് , കൈതുടച്ചു മുന്നിലൂടെ നടന്നടുക്കുന്ന ഒരു വലിയ 'മനുഷ്യൻ .
എഴുത്തുകാരനിൽ ഒതുങ്ങാത്ത , ഒരുപാട് വിശേഷണങ്ങൾ സ്വന്തമായിട്ടുള്ള ഒരു
വലിയ കലാകാരൻ . ശ്രീ . മാടമ്പ് കുഞ്ഞിക്കുട്ടൻ .
ശ്രീ . മാടമ്പ് അടുത്തെത്തിയയുടനെ ഞാനെഴുന്നേറ്റ് , കൈകൂപ്പി .അദ്ദേഹം
തിരിച്ചും . ഓർത്തു നോക്കി തിരിച്ചറിയാനാവുന്നില്ലല്ലോയെന്ന കുറ്റബോധത്തോടെ
അന്വേഷണം . അദ്ദേഹത്തിന് തിരിച്ചറിയാൻ പാകത്തിൽ ഞാൻ ആരുമല്ലല്ലോ.
അതുതന്നെ ഞാൻ മറുപടിയായി പറഞ്ഞു . ചിരിച്ചുകൊണ്ടു തന്നെ എന്നെക്കുറിച്ച്
പറയാനുള്ളതൊക്കെ ചോദിച്ചറിഞ്ഞു . ഒരു ഡോക്കുമെന്ററിയുടെ വർക്കിലാണെന്ന്
പറഞ്ഞ് കൈകൂപ്പി യാത്ര പറഞ്ഞു . ഒരു വലിയ മനുഷ്യന്റെ മഹാമനസ്കതകൊണ്ട്
എന്റെ ആ ഉച്ചനേരം ദൈവീകമാക്കപ്പെടുകയായിരുന്നു !
ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപും കിട്ടി സമാനമായ ഒരനുഭവം .അതും ഒരു
ഉച്ചനേരം . കായംകുളത്തുവച്ച് , ഫോട്ടോഗ്രാഫർ ശ്രീ .ശിവനും ഗായകൻ
ശ്രീ . ഉദയഭാനുവും . ഊണ് കഴിക്കുന്നതിനിടെ കണ്ടു , ദൂരെ രണ്ടാളെയും .ഊണ് കഴിച്ച്
കഴിയുന്നതുവരെ കാത്തു . കൈകഴുകി മാറുമ്പോൾ കൈകൂപ്പി വന്ദിച്ചു . ഒരുപാട്
കേട്ട ശബ്ദം നേരിൽ കേൾക്കണം എന്നൊരു ആഗ്രഹം പറഞ്ഞു . അദ്ദേഹം ചിരിച്ചു .
'എറണാകുളത്ത് ഒരു കല്യാണം കൂടാൻ പോകുകയാണ് , തീരെ വയ്യാ , വല്ലാത്ത
ചുമയുണ്ട് ' , പറഞ്ഞു തീരും മുന്പ് അദ്ദേഹം ചുമക്കാൻ തുടങ്ങി .പിന്നെ വിശേഷങ്ങൾ
ചോദിച്ചറിഞ്ഞതൊക്കെ ശ്രീ .ശിവനായിരുന്നു .പതുക്കെപ്പതുക്കെ നടന്നു നീങ്ങുന്ന
ആ കൂട്ടുകാരെ നോക്കി ഞാൻ നിന്നു . അപ്പോൾ ഞാൻ അറിയാതെ മൂളിപ്പോയി
'' പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും ...................................................
.............................................................ഒരു വരിയും പാടിക്കേൾക്കാനായില്ലെങ്കിലും
കുറച്ചു വാക്കുകൾ ,അതുതന്നെ ധാരാളമായിരുന്നു എനിക്ക് . അനുഗ്രഹിക്കപ്പെട്ടവരുടെ
സാമീപ്യത്തിൽ ദൈവത്തെ കാണുന്ന അനുഭവം.