2013 നവംബർ 19, ചൊവ്വാഴ്ച

വിലാപ പർവ്വം

എനിക്ക്  ഒരു വീടേയുള്ളു
മരം പെയ്ത് തണുക്കുന്നൊരു വീട്
അത് എനിക്കെൻറെ മകന് കൊടുക്കണം
അവനും ജനാലകൾ മലർക്കെ തുറന്നിടണം .

നിങ്ങൾക്ക് പലപല ദേശങ്ങളിൽ
വീടുകളുണ്ടാവും
ഉരുൾ പൊട്ടലിൽ നിന്നും ചുടുകാറ്റിൽ നിന്നും
മാറിനിന്ന് ജീവിതം ആഘോഷമാക്കാൻ .
നിങ്ങൾ വായിക്കുന്ന ശാസ്ത്രപുസ്തകത്തിൽ
ആഗോളതാപനമില്ല ,
മലിനീകരണമില്ല ........
'വികസനം മാത്രം .
മണൽ വാരി,മല മാന്തി ,കാടുവെട്ടി, കടൽക്കരവിറ്റ്
കൊടിക്കൂറകൾ മാറിമാറി നിങ്ങൾ വികസിക്കും
പിന്നിൽ 'തത്തകളെ അണിചേർത്ത്
ചരട് വലിക്കുന്നതിന് മുന്പ് ,
വലിയവരേ , നിങ്ങൾ
ഒരിക്കലെങ്കിലും ഭൂപടം നോക്കണം .

നാളെ, ഉപഗ്രഹവാർത്തകളിൽ
ഞങ്ങളൊരു  പ്രകൃതിദുരന്തമായി
വായിക്കപ്പെടുമ്പോൾ
നിങ്ങൾ ഏതോ നാട്ടിലെ മാളികയിലിരുന്ന്
കടലകൊറിച്ച്‌ ,
കരയിൽ പൊന്തിവരുന്ന
ഞങ്ങളുടെ അവയവഭാഗങ്ങൾ എണ്ണിനോക്കി
ചൊവ്വയിൽ ഒരു വീട് സ്വപ്നം കാണും .

നിങ്ങൾക്കായി ,  ചരിത്രത്തിൽ
മാപ്പെന്നൊരു വാക്കുണ്ടാവില്ല .
ഒരിക്കൽക്കൂടി ഞാൻ നിങ്ങളോട്  പറയുന്നു
എനിക്ക്  ഒരു വീടേയുള്ളു .

2013 നവംബർ 14, വ്യാഴാഴ്‌ച

അടുക്കളജനാലയെക്കാൾ ഉയർന്ന മണ്‍തിട്ട .അവിടമാകെ തിങ്ങിനിറഞ്ഞ
പച്ചപ്പ്‌ . വെട്ടുവഴിയിലൂടെ എന്നും രാവിലെ നടന്നുപോകുന്ന രണ്ടുപേർ.
കാഴ്ചയിലെത്തുന്നത് അച്ഛന്റെ മുതുകിലെ സ്കൂൾ ബാഗ് .ഒപ്പം നടന്നെത്താത്ത
ആ കുഞ്ഞു പെണ്‍കുട്ടി അവളുടെ യാത്ര എങ്ങനെയാണാസ്വദിക്കുന്നതെന്ന് അവളെക്കാണാതെതന്നെ ജനാലക്കിപ്പുറം നിന്ന് എനിക്ക് കാണാൻകഴിയുന്നു  .

ഇന്നലത്തെ മൊട്ടുകൾ പൂവായതു കണ്ട്  വിസ്മയിക്കുന്നത് ,പിടികൊടുക്കാത്ത
തുമ്പികളോടും പൂമ്പാറ്റകളോടും പരിഭവിക്കുന്നത്,ഉരുളൻകല്ലുകൾ പെറുക്കി
ഭംഗിനോക്കി ഫ്രോക്കിന്റെ പോക്കറ്റിൽ നിക്ഷേപിക്കുന്നത് ,ചെളിവെള്ളം
തട്ടിത്തെറിപ്പിച്ച് , ആർത്തുചിരിക്കുന്നത് ,വേഗതകൂട്ടി  നടന്ന്  മേഘങ്ങളെ
തോല്പ്പിക്കുന്നത് , മഴയുള്ള ദിവസങ്ങളിൽ കാറിനുള്ളിൽ ഒന്നും മിണ്ടാതെ ,
അസ്വസ്ഥതയോടെ പുറത്തേയ്ക്ക് നോക്കിയിരിക്കുന്നത് ....................

വീടിന്റെ മുൻവശത്ത് ചെന്നുനിന്നാൽ ഇടതുവശത്തെ വഴിയിലൂടെ അവൾ
ഇറങ്ങി വരുന്നതു കാണാൻകഴിയും. നോക്കിയിട്ടില്ലിതേവരെ .ഒരു  പക്ഷെ
അവളൊരു  മെലിഞ്ഞ കുട്ടിയായിരിക്കാം. അവളുടെ കൊലുസിട്ട കാലുകൾ
ഷൂസിനുള്ളിലിരുന്ന് വല്ലാതെ ഞെളിപിരി കൊള്ളുന്നുണ്ടാവാം. ഇടതൂർന്ന
തലമുടി രണ്ടായി പകുത്തു മുറുക്കി കെട്ടിയിട്ടുണ്ടാവാം ............

വേണ്ട , കാണണ്ട . അവൾ  മറഞ്ഞു  തന്നെ നിൽക്കട്ടെ .

അരിമണി കൊത്തിത്തിന്നാനെത്തിയ കുഞ്ഞിക്കിളികൾ ജനാലയിലേക്ക്
നോക്കി ചിലയ്ക്കുന്നു ,'' വട്ട് , മുഴുത്ത വട്ട് ! ഒന്നു പോയി നോക്കിയാലെന്താ
ആകാശം ഇടിഞ്ഞു വീഴോ ? ''
ഇവൾക്കറിയില്ലല്ലോ എന്റെ ആകാശം !!!!!


2013 നവംബർ 13, ബുധനാഴ്‌ച

' ഭൂമിക '


കാട്ടുപൂക്കളെ തൊട്ടുതലോടി
വിളിക്കാനൊരു പേരു തിരഞ്ഞ്
പണ്ടെന്നോ മയിലാട്ടം കണ്ട
പാറമേലൊന്നിരിക്കാൻ പോയതാണ്
മങ്ങിത്തുടങ്ങാത്ത വെയിൽ
നിഴലെടുത്ത്  തണൽ തരുന്ന മരങ്ങൾ .
തെളിനീരിൽ കാൽ നനച്ച് , മുഖം കുടഞ്ഞ്‌
പടവുകളില്ലാത്ത കയറ്റത്തിൽ ...
കാറ്റേത് കിതപ്പേതെന്നറിയാതെ
പൊതിക്കുള്ളിലിരുന്ന് കടലമണികൾ ചിരിച്ചു .

കാപ്പിച്ചെടികൾക്ക്‌  താഴെ കൂനിക്കൂടി
ഒറ്റമുറിയിലൊരു കുടിൽ
പല ആവേഗങ്ങളിൽ ചിരിയും കരച്ചിലും
വെറ്റില പൊള്ളിച്ച , നരച്ച ചിരിയും താങ്ങി
എത്തിനോക്കുന്നു ഒരു പാതിപെണ്ണുടൽ
മുറ്റത്തെ പാറയിൽ  ചാരിയിരുന്ന്
കുഞ്ഞിന് മുലകൊടുക്കുന്നു ,
അല്പംകൂടി മുതിർന്നൊരു കുഞ്ഞ് !
മുഖത്തെ നഖപ്പാടുകളിൽ
അവന്റെ അടങ്ങാത്ത വിശപ്പ്‌
ചോരയൊലിക്കുന്ന വാർത്തയിൽ ,
അർത്ഥമറിയാതെ പലരാൽ ഭോഗിക്കപ്പെട്ട്
ഉടഞ്ഞു പോയൊരു വാക്കു പോലെ അവൾ .
ഇടതു കൈകൊണ്ട് നാണം മറച്ചുനില്ക്കുന്ന
ഇത്തിപ്പോന്നവന്റെ  വലതുകൈയിലിരുന്ന്
കടലമണികൾ വീണ്ടും ചിരിച്ചു .

നിറങ്ങളൊടുങ്ങിയ ചുഴികളിൽ
ആർത്തലച്ചു നിറയുന്നു ഒരു കൊടുങ്കാട്
തളിരിലകൾക്കു മീതെ പുളഞ്ഞ്
ഇരുട്ടിലുണരുന്ന വിഷജന്തുക്കൾ
തുളച്ചു കയറുന്ന സൂര്യവെളിച്ചത്തിൽ
വഴിയായ് രൂപപ്പെടുന്ന വെളുത്ത തൂവലുകൾ
ഓരോ ചോരത്തുള്ളിയിലും കൈകാൽകുടഞ്ഞ്‌
മുഖമില്ലാതെ ചിരിക്കുന്ന കുഞ്ഞുങ്ങൾ
വെളിച്ചത്തിന്റെ അങ്ങേ തലയ്ക്കൽ
മുടിയഴിച്ചിട്ട് ,നിലയ്ക്കാത്ത നിലവിളികൾ ...

എനിക്കെന്നാണൊന്നുറങ്ങാൻ കഴിയുക ?...

2013 നവംബർ 11, തിങ്കളാഴ്‌ച

ചില വാർത്തകൾ ,വർത്തമാനങ്ങൾ വായനയ്ക്കൊടുവിലും ഒരു
വലിയ അസ്വസ്ഥതയായി വിടാതെ പിന്തുടരാറുണ്ട് ,ഈ വായനയും..
ഉത്തരം ശരിയോ തെറ്റോ എന്നൊന്നും അറിയില്ല .പക്ഷേ .............

ചോദ്യം : കേരളത്തിലെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ
ദുരന്തത്തെക്കുറിച്ച് എന്തു പറയുന്നു ? വാരാണസി പ്രസംഗത്തിൽ
അമിതമായ കീടനാശിനിപ്രയോഗം കാൻസർ പോലുള്ള മാരകരോഗങ്ങൾ
ക്ഷണിച്ചു വരുത്തുമെന്ന് താങ്കൾ മുന്നറിയിപ്പ് നൽകിയിരുന്നതാണല്ലോ ?

ഉത്തരം : എൻഡോസൾഫാനെക്കുറിച്ച് എനിക്കറിയില്ല . ശാസ്ത്രീയമായ
തെളിവുകൾ അടിസ്ഥാനമാക്കിയേ സംസാരിക്കാൻ പറ്റൂ .ഞാനോ നിങ്ങളോ
അല്ല വിധി പറയേണ്ടത് .അതേക്കുറിച്ച് വിശകലനം ചെയ്യാൻ കഴിയുന്ന
ഒരു സംഘം ശാസ്ത്രജ്ഞരാണ് അത് വിലയിരുത്തേണ്ടത് .അതിൽ
രാഷ്ട്രീയമുണ്ടാകാൻ പാടില്ല .ഞാൻ അതിന് മറുപടി പറയാതിരിക്കാൻ
കാരണം എനിക്ക് അതേക്കുറിച്ച് വേണ്ടത്ര അറിയില്ല എന്നതുകൊണ്ടാണ് .

( എം.എസ്.സ്വാമിനാഥൻ / പി.ടി .മുഹമ്മദ്‌ സാദിഖ്
മാതൃഭൂമി ആഴ്ചപ്പതിപ്പ് )

2013 നവംബർ 9, ശനിയാഴ്‌ച

വയനാട് / വയ + നാട്

കണ്ടിട്ട് ആറുമാസം തികയാൻ പോകുന്നു .
ഇന്നലെ എൻറെ പ്രിയസുഹൃത്തിന്റെ അന്വേഷണം ,
വയനാട് എങ്ങനെയുണ്ട് ? ഇഷ്ടമായോ ?
സുന്ദരിയാണെന്നും ഇഷ്ടമായിയെന്നും ഞാൻ ...ആ സുന്ദരിയെ
ഒന്ന് വർണിക്കാമോ എന്ന് അടുത്ത ചോദ്യം.വർണിക്കാനാവാത്തവിധം
സൗന്ദര്യം കാണാൻ കഴിയുമ്പോൾ ഭാഷ 'അപൂർണമായി തോന്നാറുണ്ട്
എന്ന് ഞാൻ .ഭാഷ അപൂർണമല്ല , മനോധർമം പോലെ പറയുക ,
കേൾക്കുന്നവൻ അവൻറെ മനോധർമം പോലെ കേൾക്കട്ടെ.....
' വയ ' എന്ന വാക്കിന്റെ അർത്ഥമെന്താ ?
ഇഷ്ടം .( ഊഹിച്ച് പറഞ്ഞതായിരുന്നു )
അപ്പോൾ ഇഷ്ടപ്പെട്ട സ്ഥലത്താണല്ലോ എത്തിയത് .
ശരിയാണ് .

'വയ ' എന്നാൽ ഇച്ഛ / ആഗ്രഹം (സുഖപ്രദമായ വസ്തുക്കളെ
പ്രാപിക്കുന്നതിൽ ശ്രദ്ധ ജനിപ്പിക്കുന്ന മനോവൃത്തി )

എന്നോ ഒരിക്കൽ ആഗ്രഹിച്ചിട്ടുണ്ടാവും ഈ മണ്ണിൽ ഒരു കൂടുകൂട്ടാൻ !

ഈ വാക്കിൻറെ പൊരുൾ ഇതുവരെ തിരഞ്ഞുപോകാതിരുന്നതിന്
പിഴ .....
വാക്കേ ,,,,, പൊറുക്കുക .