2014, നവംബർ 29, ശനിയാഴ്‌ച

''കണ്ണുകളില്ല, കാതുകളില്ല- ......

 ''കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിവൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍ ? ''


ഞാനവിടെ പ്രതിഷ്ഠിതമായിരുന്നുവെന്ന അറിവ്
ഒരു മാത്ര അനിർവചനീയമായ നിർവൃതി.
പിന്നെ നിതാന്തമായ ലഹരിപിടിക്കുന്ന വേദന .

ഒരു ബന്ധത്തിന്റെ തീവ്രത ഇതിനേക്കാൾ മനോഹരമായി ഒരു കവി
എങ്ങനെ ചോദിക്കാൻ .കാണാൻ കണ്ണുകൾ വേണ്ട ,കേൾക്കാൻ കാതുകളും .
എനിക്കേറ്റവും ഇഷ്ടമായ ചങ്ങമ്പുഴക്കവിത,'മനസ്വിനി ' ,അതിലെ ഏറ്റവും
ഇഷ്ടമുള്ള വരികൾ .

വരികൾ ഇറങ്ങിവന്ന് ഒരനുഭവമായി മാറുമ്പോൾ നമ്മൾ അവയെ
നെഞ്ചോട്‌ ചേർത്തുപിടിക്കും .ഏറ്റവും ഇഷ്ടം എന്ന് കാതുകളില്ലാത്ത
അവരോട് പറയും .വീണ്ടും വീണ്ടും വായിക്കും ....

ഒരു സ്പർശം കൊണ്ടുപോലും പരസ്പരം  തിരിച്ചറിയപ്പെടുന്ന ഇന്ദ്രജാലം , എങ്ങനെ ? എവിടെനിന്ന് ? ....ഉത്തരമില്ലാത്ത ചോദ്യങ്ങൾ !!!
----------------------------------------------------

2014, നവംബർ 22, ശനിയാഴ്‌ച

ഓരോ വരിയും പറയുന്നു ,' ഞാൻ കവിതയല്ല. '

ഉറക്കം മുറിച്ച്  മണ്ണിൽ നിന്ന് ഞാനും
ഇരുട്ട്  മുറിച്ച് വിണ്ണിൽ നിന്ന് ഇവളും
വിരൽകോർത്ത്‌ നടക്കാനിറങ്ങുന്നു .

ഇപ്പോൾ പകൽ കനംവെച്ചു തുടങ്ങുന്നു
എന്നെപ്പിരിഞ്ഞ വീടുകൾക്കെല്ലാം അതേ മുഖം .

അന്നൊരിക്കൽ പള്ളുരുത്തിയിലെ പുലവാണിഭമേളയിൽ
കുലുങ്ങിച്ചിരിച്ച കുപ്പിവളകളിലൊരെണ്ണമിതാ 
ഞങ്ങൾ കോഴിക്കൊടെത്തിയപ്പോൾ
ഒരു ചൂടുചായ തന്ന് കോപ്പയിൽ തട്ടി വീണ്ടും ചിരിക്കുന്നു
ഇവിടെനിന്നൊരമ്മയെ മധുരമായി ഉള്ളിൽ നിറച്ചെടുക്കുന്നു .

തൃശ്ശൂരിറങ്ങി സരോജിനിയെയും അവളുടെ നാലാമത്തെ
പ്രസവത്തിലെ ഏഴാമത്തെ കുട്ടിയെയും കണ്ട് 
നാളെ താമരശ്ശേരി ചുരം കയറാമെന്ന് കണക്കുകൂട്ടി
ഞങ്ങൾ നാദാപുരം പള്ളികടന്ന് കല്ലാച്ചിയിലെത്തുന്നു
ചേലുള്ളൊരു മുഖത്തിരുന്ന്  അലുക്കുത്തുകൾ
മഴ വരുന്നുണ്ടോന്നു നോക്കി മാനമളക്കുന്നു
അടുക്കളയിലോടിവന്ന് ഒരിളംകൈ വേദനയാക്കിക്കളിക്കുന്നു 
ചിരികൊണ്ട് കുശലം ചോദിച്ചൊരാൾ തിരക്കിട്ടു നടന്നുപോകുന്നു
കഴുത്തിലെ പിടിവിടുവിച്ചൊരാട്ടിൻകുട്ടി പടികയറി വരുന്നു
ഉമ്മ മറിയം , സദ്ദു , അച്ചുവേട്ടൻ , ഷമീനാടെ ആട്ടിൻകുട്ടി !.

വേഗത കൂട്ടി ഞങ്ങൾ കാഞ്ഞങ്ങാട് കവല പിന്നിടുന്നു
നിത്യാനന്ദാശ്രമവും പരന്നുകിടക്കുന്ന പാടവും നോക്കിനില്ക്കുന്നു
ഉദയാസ്തമയങ്ങൾ ഭംഗി കൂട്ടിയിരുന്നൊരു വീട് 
കളിയും ചിരിയും കൊണ്ട് ഇരട്ടക്കുട്ടികൾ മുറ്റം നിറയ്ക്കുന്നു 
കഥകൾ കൈമാറി  രണ്ടു വലിയ ചിരികൾ ഒന്നാകുന്നു
കോട്ടവാതിലിനെയും അമ്മിണിയെയും പിന്നിലാക്കി
ഒരു  വലിയ വെളുത്ത ഭാണ്ഡക്കെട്ട്  തെളിഞ്ഞു വരുന്നു
വരച്ചിട്ടും വരച്ചിട്ടും മതിയാകാത്ത ഒരു ചിത്രം
നിറഞ്ഞ ചിരിയും ഭാണ്ഡക്കെട്ടും വരാന്തയിലിറക്കിവെച്ച്
ഒന്നും മിണ്ടാതെ അമ്മിണി നടന്നു മറയുന്നു
തലയിൽ  ഒരുകെട്ട്  വിറകുമായി വീണ്ടും വരുന്നു
കല്ലടുപ്പിൽ തീകൂട്ടി വെള്ളം ചൂടാക്കുന്നു
വീണ്ടും കുളിക്കാൻ എന്നെ നിർബന്ധിക്കുന്നു
അനുസരണയില്ലെന്നു പറഞ്ഞ്  ശകാരിക്കുന്നു
ഭാണ്ഡക്കെട്ടിനകത്തുനിന്നൊരു സുഗന്ധം ചാടിയിറങ്ങുന്നു
സോപ്പ് ,ചീപ്പ് , കണ്ണാടി മുതൽ വെട്ടുകത്തി വരെ നിരന്നിരിക്കുന്നു.
നിലത്തിരുന്ന് ധ്യാനത്തോടെ ഓരോ ഉരുളയും കഴിക്കുമ്പോൾ
നടന്ന വഴികൾ തെളിമയോടെ  ഓർത്തെടുക്കുമ്പോൾ
പെയ്യാത്ത മഴയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ
ഒരു വരിപോലും തെറ്റാതെ കവിത ചൊല്ലുമ്പോൾ
അമ്മിണി ഭ്രാന്തിയല്ലെന്ന് ഞാൻ ചിന്താമണിയോട് തർക്കിക്കുന്നു
മൈതാനത്ത് കളിച്ചുനില്ക്കുന്ന കുട്ടികളെ കല്ലെറിയുമ്പോൾ
ഓരോ പുൽക്കൊടിയെയും നോക്കി ഒച്ചവെയ്ക്കുമ്പോൾ
ഞാനവളെ സംശയത്തോടെ നോക്കുന്നു
മടക്കിത്തന്ന പുത്തൻ സാരിയുമായി ഞാനും 
എൻറെ പഴയ സാരി മുഖത്തോട് ചേർത്തുപിടിച്ച് അവളും
പരസ്പരം നോക്കിനിൽക്കുമ്പോൾ  
അവൾക്ക്  ഭ്രാന്തില്ലെന്ന്
ഒരിക്കൽക്കൂടി കണ്ണീരോടെ ഞാനുറപ്പിക്കുന്നു .

വിരൽ വിടുവിച്ച് ഇവൾ പറയുന്നു
സർക്കാരാപ്പീസ്സിന്റെ തിണ്ണയിലെ വെളിച്ചത്തിൽ
പേടിയില്ലാതെ ഉറങ്ങാനായി അമ്മിണിയിന്നും വരുമെന്ന്
ഇന്നും .... ?
എന്നോ മരണപ്പെട്ട ഇവൾ പറയുന്നത് 
ഞാനെങ്ങനെ വിശ്വസിക്കും ...?..
---------------------------------------------------





2014, നവംബർ 17, തിങ്കളാഴ്‌ച

സന്ദിത

കറുപ്പുകൊണ്ട്
രേഖപ്പെടുത്തിവെച്ച
വെളുത്ത ഇന്നലെകൾ
മുറ്റം കാണാത്ത വെള്ളത്തിൽ
കറുത്ത ഉറുമ്പിനെയും കൊണ്ട്
വെളുത്ത കടലാസ്സുതോണി
കറുത്ത ആകാശം വിതറുന്ന
വെളുത്ത മുത്തുകൾ
ആടിയുലഞ്ഞും ഉന്നംതെറ്റാതെ
അക്കരെനോക്കിപ്പോകുന്ന
കറുപ്പും വെളുപ്പും
കരയിലെത്തി വരിയൊരുക്കാൻ
കറുപ്പിന്റെ വേഗം
മുങ്ങിത്താഴുന്ന വെളുപ്പിന്റെ
മായാത്ത ചിരി .

അളവുതെറ്റാതെ
തോണിയുണ്ടാക്കാൻ
മരണമില്ലാത്ത നാട്ടിൽ
മഴപെയ്ത്
മുറ്റം നിറഞ്ഞിട്ടുണ്ടാവുമോ ? ..
--------------------------------

2014, നവംബർ 13, വ്യാഴാഴ്‌ച

വട്ടപുരാണം


പുള്ളിപ്പശുവിന്റെ
വയറിൽപ്പതിഞ്ഞ വട്ടമാണ്
എന്നെ ആദ്യമായി പറ്റിച്ചത് .
പിന്നെ മെടഞ്ഞുകെട്ടിയ ഓല തുളച്ച്
കൈയിലും കാലിലും നെഞ്ചിലുമൊക്കെ
മാറിമാറിപ്പതിഞ്ഞ് ..
കഞ്ഞിക്കലത്തിലും മീൻച്ചട്ടിയിലും
കൊതിയോടെ എത്തിനോക്കി ..
ഉരൽക്കളത്തിൽ  ഉച്ചമയക്കം കൂടുന്ന
അമ്മിണിയേടത്തിയുടെ
കവിളിലെ കാക്കപ്പുള്ളി തൊട്ടുനോക്കി ..
കിഴക്കു നിന്ന് പടിഞ്ഞാറോടി..
ഇരുട്ടിൻറെ ഉച്ചിയിൽ കയറിനിന്ന് ..
എന്നെ തോൽപ്പിച്ചുകൊണ്ടേയിരുന്നു .
ഒടുവിലൊരു ദിവസം
ചന്തയ്ക്കു പോകാനൊരുങ്ങി നിന്ന
അമ്മിണിയേടത്തിയുടെ
നെറ്റിയിലെ ചുവന്ന വട്ടം
പതിയെ ഇളക്കിയെടുത്ത്
കണ്ണാടി നോക്കാതെ
ഒട്ടിച്ചുവെച്ചാണ്
ഞാൻ ജയിച്ചത്‌ .....!!!
---------------------------

2014, നവംബർ 12, ബുധനാഴ്‌ച

നിനക്കു പറയാനുള്ളത് , എനിക്കും ....!


ഋതുചംക്രമണങ്ങളുടെ
വഴിയിലൊരിടത്ത്
കടമ്പിൻപൂക്കൾ പൂത്തുലഞ്ഞുനിന്ന
മണ്ണൊലിച്ചുപോയ ഭൂമിയുടെ
ഹൃത്തടച്ചുവപ്പിലാണ്
നമ്മളാദ്യമായി ചേർന്നിരുന്നതും
പരസ്പരം ചുംബിച്ചതും .
വലിച്ചെറിയപ്പെട്ട ഞാനും
കാണാതെപോയ നീയും .
സ്ഥലകാലനാമങ്ങളോർത്തെടുത്ത്
നമ്മൾ ഒരേ രാജ്യത്തെ
രണ്ടു ദേശങ്ങളിലായിരുന്നെന്നറിഞ്ഞു .
നിറമൊട്ടും മങ്ങാത്ത എനിക്കു ചുറ്റും
അംഗഭംഗം വരാത്ത നീയൊരു
വൃത്തം വരച്ചു .
വസന്തകാലത്ത് 
എഴുത്തുമേശയിലായിരുന്നു
ഞാനേറെ കുലുങ്ങിച്ചിരിച്ചത്
താളം ചവിട്ടുന്നിടത്ത്  നീയും .

ഇന്ന്  ഈവഴി ഒരു പെണ്‍കുട്ടി
നടന്നു വന്നേക്കാം
വാകപ്പൂവിരിയിൽ പതിയുന്ന
അവളുടെ കൈകാലുകളിൽ
നമ്മുടെ ചിരി
ഒരിക്കൽക്കൂടി കേൾക്കാനായേക്കും
നമ്മൾ പൂർണ്ണരാകുന്ന നിമിഷം .!

നാളെ വീണ്ടും വർഷം വരും
രണ്ടു ദിശകൾ 
നമ്മെ പകുത്തെടുക്കും
ഋതുക്കൾ മാറിമാറി വരും
ചേമന്തിയും മുല്ലയും വീണ്ടും പൂക്കും .

--------------------------------------

2014, നവംബർ 1, ശനിയാഴ്‌ച


 *
        
''വാംങ്മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം .''

( എന്‍റെ വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)

വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.


 ഒരു  കത(ഥ)യില്ലാത്തവൾ ഇവിടെയെഴുതാൻ തുടങ്ങിയിട്ട് ഇന്നേക്ക്
അഞ്ചു വർഷം . ശിശുവായി തുടങ്ങി ശിശുവായിത്തന്നെ നിലകൊള്ളുന്ന
പ്രതിഭാസം.......!ഇവളെ 'കത(ഥ)യില്ലാത്തവളേയെന്ന് വിളിക്കാനും '
'എന്തോ ' എന്ന്  നീട്ടി  വിളികേൾക്കാനും ഇഷ്ടമേറെ ...............

എത്രദൂരം സഞ്ചരിച്ചാലാണ്  ഇവൾക്കൊരു ലക്ഷണമൊത്ത കവിതയോ
ആദിമദ്ധ്യാന്തം വായനാസുഖം നൽകുന്ന ഒരു കഥയോ എഴുതാനാവുക ...

ധ്യാനിക്കണം.
വാക്കിനെ ധ്യാനിക്കണം.
വാക്കിനെ ധ്യാനിക്കാൻ ആദ്യമായി എന്നെ ഉപദേശിച്ച ഗുരുവിന്
പ്രണാമം .
---------------------------------------
കേരളകൗമുദി ആഴ്ചപതിപ്പിൽ ശ്രീമതി ശ്രീലതാ പിള്ള 'കഥയില്ലാത്തവളെ '
ഒരു ' സ്നേഹാർത്ഥി 'യാക്കിയ , അതു വായിച്ച നിമിഷം ....എനിക്കു കിട്ടിയ
വിലമതിക്കാനാവാത്ത സമ്മാനം.....!

Saturday, July 31, 2010

സ്‌നേഹാര്‍ത്ഥി

(2010 ജൂലായ് 31 ലക്കത്തിലേക്ക്)

ആശാന്‍ ആശയ ഗംഭീരന്‍ , ഉള്ളൂര്‍ ഉജ്ജ്വല ശബ്ദാഢ്യന്‍, വള്ളത്തോള്‍ വാക്യ സുന്ദരന്‍ എന്ന് പഠിച്ചിട്ടുണ്ട് . ചങ്ങമ്പുഴ, മഹാകാവ്യമെഴുതാത്ത മഹാകവി എന്നും . ഇവര്‍ എഴുതിയതു പോലെ അര്‍ത്ഥ-പദ ഭംഗി തികഞ്ഞ കാവ്യങ്ങള്‍ ഇനി കൈരളിക്കു കിട്ടുമെന്നു തോന്നുന്നുമില്ല. അതു കവികളുടെ കുറ്റമല്ല. കാലത്തിന്റെ മാറ്റമാണ്. എന്നാല്‍ നല്ല കവിതകള്‍ ധാരാളം ഉണ്ടാകുന്നുണ്ട് താനും. കവിത്രയത്തെ ആഘോഷിക്കുന്നതിനിടെ പുതിയ കവിതകള്‍ അവഗണിക്കപ്പെടുന്നു എന്ന മന്ത്രി കെ.സുധാകരന്റെ പരാമര്‍ശമാണ് ഇങ്ങനെയെല്ലാം ചിന്തിപ്പിച്ചത്. ഇതാ ഇവിടെ ഒരു പുതിയ കവിയെ പരിചയപ്പെടുത്തുന്നു, മന്ത്രി വായിക്കുമോ ആവോ?

'സ്‌നേഹം നടിക്കുന്നവരെയും കള്ളം പറയുന്നവരെയും വല്ലാതെ വെറുക്കുന്ന' ഭിക്ഷാംദേഹിയുടെ (http://kathayillaaththaval.blogspot.com/ ) ബ്ലോഗില്‍ ഓര്‍മ്മച്ചിന്തുകളും കഥകളും പാരായണ സുഖം തരുന്ന കവിതകളും ഉണ്ട്.
സഖി
കാത്തുനിന്നു ഞാനേകനായ് ദിനം ,
നീ വരുന്നത് കാണുവാന്‍ ,
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്‌നേഹ-,
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ ,
ജീവിതപ്പെരു വീഥിയില്‍ ,
മന്ദഹാസം പൊഴിച്ചണയുന്നു ,
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ ,
മോദവും ദുഃഖ ഭാരവും ,
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍ ,
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍

കണ്ടെടുത്തൊരു വാക്ക് ഞാനെന്റെ ,
നെഞ്ചിനുള്ളിലായ് കാത്തത് ,
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ ,
സുന്ദരപദം മല്‍ 'സഖീ '...

കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ സാഹിത്യവും, കേരളത്തിന്റെ തനതു കലകളും അരച്ചു കലക്കി കുടിച്ച, ബൂലോകത്തെ കലാ-സാഹിത്യസവ്യസാചി എന്‍.ബി. സുരേഷ് (http://kilithooval.blogspot.com/ ) ഈ കവിതയ്ക്ക് ഇട്ട കമന്റ്-

'കാത്തിരിക്കാനൊരാളുണ്ടായിരിക്കുക, അയാള്‍ കാത്തിരിക്കുന്നവന്റെ പ്രതീ ക്ഷ പോലെ ചാരെ അണയുക. സ്‌നേഹം തുളുമ്പുന്ന മനസ്സ് പങ്കു വയ്ക്കുക, പരസ്പരം തിരിച്ചറിയുക. രണ്ടുപേരുടെയും ഹൃദയങ്ങള്‍ ഒന്നുപോലെ ചിന്തിക്കുക. എത്ര നല്ല നടക്കാത്ത സ്വപ്നം. സ്വപ്നങ്ങള്‍ കാണാനുള്ള കണ്ണുകള്‍ ഇപ്പോഴും നമ്മള്‍ക്ക് നഷ്ടമായിട്ടില്ല അല്ലേ. ഒരു പാവം പാവം മനസ്സ് കവിതയില്‍ തുടിക്കുന്നുണ്ട്.'

'സഖി ' എന്നെ ഓര്‍മ്മിപ്പിച്ചത് പ്രൊ. ജി.കുമാരപിള്ളയുടെ 'താരകങ്ങളുറങ്ങിയ രാത്രിയില്‍' എന്നു തുടങ്ങുന്ന ഹൃദ്യ കവിതയാണ്.

മൃഗതൃഷ്ണിക
മിഴിയിണ പൂട്ടിയുറങ്ങേണ്ട നേരത്ത് ,
കണ്‍മിഴിച്ചെന്തിന്നു നോക്കുന്നു ഞാന്‍ സഖേ ,
കാണാത്ത കാഴ്ചകള്‍ കാണുവാനോ അതോ ,
കണ്ടവ വീണ്ടും പകര്‍ത്തുവാനോ ?
..................................................................
കാനല്‍ജലം കണ്ടു മോഹിച്ച മാനിനെ
മരുഭൂമി നെഞ്ചോട് ചേര്‍ത്തപോലെ ,
പൊടിയുന്ന ജീവരക്തത്തിന്റെ കണികയും ,
മാറോടു ചേര്‍ക്കുന്നു ദേവി വസുന്ധര .

ചന്തത്തിലെഴുതിയ താളിന്റെ വരികളില്‍ ,
മഷി പടര്‍ത്താതെ തിരിച്ചു പോകാം ,
ചൊല്ലി പഠിച്ച പാഠങ്ങളുരുവിട്ട് ,
പോകാം നമുക്കിനി കണ്ണേ , മടങ്ങുക

സൗമ്യഭാവം മാത്രമാണ് കവിതകളില്‍ എന്നു കരുതണ്ട. ഭൂമിയെ നശിപ്പിക്കുന്നവരോട്
' ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
'തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും'
എന്നു രോഷം കൊള്ളുന്നു സര്‍വ്വംസഹ എന്ന കവിതയില്‍.

ഏകയായ അമ്മയക്ക് കിട്ടിയ കൂട്ടുകാരന്‍, താന്‍ പോയാലും അമ്മയ്ക്ക് കൂട്ടിനുണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്ന രോഗിയായ മകളുടെ കാഴ്ച്ചപ്പാടിലൂടെ പറയുന്ന 'അനഘയുടെ അമ്മ ' എന്ന കഥ നോവുണര്‍ത്തി.

ബ്ലോഗ്, മനസ്സിന്റെ കണ്ണാടി എന്ന് പാഠഭേദം ചെയ്ത്, സാഹിത്യഭംഗിക്കൊപ്പം തെളിഞ്ഞൊരു മനസ്സും കൂടി ദര്‍ശിച്ചു ആ രചനകളില്‍. ഇത്തിരി ബുദ്ധിമുട്ടി കഥകളും കവിതകളും ഒന്ന് എഡിറ്റു ചെയ്തിരുന്നെങ്കില്‍!