2015, ജനുവരി 23, വെള്ളിയാഴ്‌ച

വെറുതെ ...

ഓർമ്മയെന്ന വാക്കിനെ
കാടെന്നു വായിച്ച്
ചുരം കയറണം
ഓരോ നുറുങ്ങിനെയും
ഓരോ മരത്തിന്റെ
പേരു ചൊല്ലി വിളിക്കണം.
നിങ്ങൾ തോൽക്കാതിരിക്കാനാണ്
ഞാൻ കണ്ണെഴുതാതിരുന്നതെന്ന്
കുന്നിമണികളോട് പറയണം.
നിങ്ങൾക്ക് നോവാതിരിക്കാനാണ്
ഞാൻ ചൂടാതിരുന്നതെന്ന്
പൂക്കളോടും പറയണം.
പച്ചഞരമ്പിൽനിന്നൊരു
മഞ്ഞുകണം
ഉടയാതെടുത്ത്
പൊട്ടുകുത്തണം.
ചില്ലമേലെ കലപിലകൂട്ടി
കൈകാൽ കുടയുന്നവരോട്
നാട്ടുവിശേഷം ചോദിച്ചറിയണം.
പൂത്തിറങ്ങുന്ന മിന്നാമിനുങ്ങുകളെ
രാവേറെയായെന്ന്
ഓർമ്മപ്പെടുത്തണം.
ചുരമിറങ്ങുമ്പോൾ
ഒരിക്കൽക്കൂടി
അക്ഷരമാല ഉരുവിട്ടുനോക്കണം.
അതിലെവിടെയാണ്
നീയും ഞാനുമെന്ന്
തിരയണം .
------------------------------



2015, ജനുവരി 12, തിങ്കളാഴ്‌ച

'മഞ്ഞാടിക്കുരു '

'' അഴകൊത്ത മഞ്ചാടിമണികൾ പെറുക്കാനാണ്
കുട്ടികൾക്കിഷ്ടം . ചേറു പുരണ്ട , മാറ്റു കുറഞ്ഞ
മഞ്ചാടിമണികളെ ആരും പെറുക്കില്ല. പക്ഷെ
അവരാണ് അനുഗ്രഹിക്കപ്പെട്ടത് .ഭൂമിയുടെ
മടിയിലുറങ്ങി , പുതുവേരുകളോടെ അളവറ്റ
മഞ്ചാടിമണികൾ പൊഴിക്കുന്ന വൃക്ഷങ്ങളായി
അവ വളരും .''
അഞ്ജലി മേനോന്റെ 'മഞ്ഞാടിക്കുരു 'വിൽ നിന്ന്
പെറുക്കിക്കൂട്ടിയെടുത്ത ഈ വാങ് മയ ചിത്രത്തിൽ
ബാല്യകൗതുകം മണ്ണുപുരളാതെ സൂക്ഷിച്ചുവെച്ച
മഞ്ചാടിക്കുരുക്കൂട്ടത്തിന്റെ അടക്കിപ്പിടിച്ച തേങ്ങൽ.
തിരയെടുക്കാത്ത ഓർമ്മകൾക്ക് കടലോളം ആഴം.!!!
*******
*****
***
*
***
*****
*******

2015, ജനുവരി 10, ശനിയാഴ്‌ച

' പ്രഥമ പ്രതിശ്രുതി '


--'' ഓ, കറമ്പീ...ഓ വെളുമ്പീ ...........സന്ധ്യയ്ക്കോ കൊടുംകാറ്റിനു
മുമ്പോ ഒക്കെ കന്നുകാലികളെ വിളിക്കുമ്പോൾ ഈ അനുനാസിക
സ്വരം പ്രയോഗിക്കുന്നത് എന്തിനെന്ന് സത്യവതിക്ക്
അറിഞ്ഞുകൂടായിരുന്നു .
അതാണ്‌ പതിവെന്നു മാത്രമറിയാം.ഇങ്ങനെ വിളിക്കുന്ന ആളുകൾക്കും
എട്ടു വയസ്സുള്ള സത്യവതിയെക്കാൾ കൂടുതലായി എന്തെങ്കിലും
അറിയാമോ ? .......വരം കിട്ടിയ ഒരു കാളയോ പശുവോ മനുഷ്യന്റെ
ഭാഷ പഠിച്ചശേഷം മനുഷ്യനോട് തന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂചിപ്പിച്ചു
കാണുമോ ? ഈ അനുനാസികസ്വരമാണ് എനിക്കിഷ്ടമെന്ന് ആ മൃഗം
പറഞ്ഞിരിക്കുമോ ? ''

 ' പ്രഥമ പ്രതിശ്രുതി '

സ്വന്തമാക്കി , ഒരിക്കൽക്കൂടി വായിച്ച പുസ്തകം .
ഭാരതീയ ജ്ഞാനപീഠപുരസ്കാരം നേടിയ നോവൽ.
ആയിരത്തിതൊള്ളായിരത്തിഅറുപത്തിനാലിൽ എഴുതപ്പെട്ടത്.
ആശാപൂർണ്ണാദേവി , ജ്ഞാനപീറപുരസ്കാരം നേടിയ മൂന്നാമത്തെ
ബംഗാളി , ഒന്നാമത്തെ വനിത .


'' അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളിൽ
കുരുങ്ങിക്കിടന്ന ബംഗാളിലെ ബകുൾമാരുടെയും പാറുൾമാരുടെയും
ചരിത്രമാണ് ഈ നോവൽ .ഇന്നത്തെ ബംഗാളിനു പിന്നിൽ
അമ്മമാരുടെയും അമ്മുമ്മമാരുടെയും വർഷങ്ങൾ നീണ്ടുനിന്ന
സമരത്തിന്റെ സംഘർഷചരിത്രമുണ്ട് .കണ്ണീരിന്റെയും
ദുരന്തങ്ങളുടെയും മുൾവഴികളിലൂടെ സഞ്ചരിച്ച് , ബംഗാളിലെ
സ്ത്രീ വിമോചനതിനത്തിന്റെ പ്രഥമ വാഗ്ദാനമായി മാറിയ
'സത്യവതി' യെന്ന കഥാപാത്രത്തിന്റെ കഥയാണ്‌
പ്രഥമ പ്രതിശ്രുതിയിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .''
-------------------------------













2015, ജനുവരി 6, ചൊവ്വാഴ്ച

ശേഷം നിനക്കു പറയാനുള്ളത് ..


എന്റെ പേര്
കൊത്തിവെച്ചിട്ടുള്ള
ഒരു പുരാതനദ്വീപിലാണ്
നീയും ഞാനും .
ഒരു നാവികനും
കാണാനാവാത്തവിധം
കടൽ നമ്മളെ
മറച്ചുപിടിച്ചിട്ടുണ്ട്.
തീരത്തു പതിയുന്ന
എന്റെ കാൽവിരലുകളെ
തിരയെടുക്കുമെന്ന്
നീയെപ്പോഴും ഭയക്കുന്നു .
പകൽ തഥാഗതനായ
സൂര്യനെയും
രാത്രി നക്ഷത്രങ്ങളെന്ന
മായയെയും കാട്ടി
പ്രലോഭിപ്പിക്കുന്ന
ആകാശത്തെക്കുറിച്ചാണ്
നമ്മളിപ്പോൾ സംസാരിക്കുന്നത് .
ഇന്നലെ ചോരപ്പുഴയൊഴുകിയ
പാഠശാലകളെക്കുറിച്ചും
പ്രാർത്ഥനാലയങ്ങളെക്കുറിച്ചും
നമ്മൾ മറക്കുന്നു .
മഴവില്ലിൽ നിന്ന് നിറം മുക്കി
പൂമ്പാറ്റകളുടെ ചിറകു വരയ്ക്കാമെന്നും
ഒരു ചുംബനമേറ്റ്
ചിരിക്കാനൊരുങ്ങി നില്ക്കുന്ന
പൂമൊട്ടുകളിലൂടെ നടക്കാമെന്നും
എന്നോട്‌ നീ അടക്കം പറയുന്നു .
നീ കടലെന്നെഴുതുമ്പോൾ
കരയെന്നു വായിച്ച്
വീണ്ടും ഞാനെന്റെ ബാല്യത്തെ
ചെപ്പിനുള്ളിൽ നിന്നെടുത്ത്
മുന്നിൽ വെയ്ക്കുന്നു .
ഒരു പൗർണ്ണമാസി നാളിൽ
നീയെന്റെ കണ്ണിൽ
പൂത്തുനില്ക്കുന്ന നേരം
കണ്‍പോളകൾക്കു മീതെ
മെല്ലെ വിരലടയാളം പതിപ്പിച്ച്
എന്നെ മണ്ണിലുറക്കി
നീ വിണ്ണിലുണർന്നിരിക്കും .
എന്നോ ഏതോ ഒരു ദേശത്ത്
അല്ല ,
ഇതുപോലൊരു ദ്വീപിൽ
വീണ്ടുമെനിക്ക് മുളപൊട്ടും .
അന്ന് ..............
-----------------------------


2015, ജനുവരി 2, വെള്ളിയാഴ്‌ച

ഉന്മാദിനി ..


എങ്ങുനിന്നോ
പൊടുന്നനെ
പാഞ്ഞെത്തിയ കാറ്റ് 
ഇതൾ പൊഴിച്ചിട്ട
കടും നിറമുള്ള
പാതിറോസാപ്പൂവ് .
മുറ്റത്തേക്കിറങ്ങി വന്ന് 
അവൾ ചിരിക്കുന്നു .
ചിതറി വീണ
ഇതളുകളെ തഴുകി
കാറ്റിന്റെ വികൃതിയെന്ന്
സാന്ത്വനിപ്പിക്കുന്നു.
അവരെ പെറുക്കിയെടുത്ത്
സ്വപ്നങ്ങളെയെന്നപോലെ
പൊതിഞ്ഞു പിടിച്ച് 
അവൾ വീണ്ടും  ചിരിക്കുന്നു .
നിലത്തുവീണു ചിതറാതെ 
കൈക്കുമ്പിൾ
നെഞ്ചോട്‌ ചേർത്തുപിടിക്കുന്നു .
പിറകിൽ 
കോരിച്ചൊരിയുന്ന മഴയെ നോക്കി
അവൾ പിന്നെയും  ചിരിക്കുന്നു
ഇതളില്ലാത്ത തണ്ട്
കാറ്റിലാടുന്നു .
കൈക്കുമ്പിൾ തുറന്നുപിടിച്ച്‌
ഓരോ ഇതളിലും
അവളെന്ന രാഗത്തിന്റെ 
ആരോഹണാവരോഹണങ്ങൾ
പകർത്തിപ്പകർത്തി
പിന്നെയും പിന്നെയും
അവൾ  ചിരിക്കുന്നു .!!!

-----------------------------------




--------------------