2015, മാർച്ച് 28, ശനിയാഴ്‌ച

എന്റേതെന്റേതെന്ന് ....



 'ദേ , നോക്ക്
 ചുവരിൽ നീ നട്ട ചെടി
പൂവിട്ടിരിക്കുന്നു
എന്തൊരു ചേല് .'
ഒരു ഞൊടിയിടകൊണ്ട്
ഇരുട്ടിൽ തലയനക്കി
ഉത്തരം പറയുന്ന
ഒരു കുഞ്ഞായി
ചുവരിൽ നിന്ന് ചുവരിലേയ്ക്ക്
ഞാൻ നടന്നുകയറുന്നു .

ആകാശത്തിന്റെ നെറ്റിയിലെ
കടുംചുവപ്പു പൊട്ട്
ഊയലാടുന്ന മഞ്ഞക്കിളി
പച്ച മേയുന്ന കാലികൾ
മഴവില്ലിൽ നിന്ന്
ഊർന്നുവീഴുന്ന കുപ്പിവളകൾ .

മൂന്നാം നിലയിലെ
പാതിയടച്ച  ജനാലയ്ക്കരികിൽ
പട്ടം പറത്തി നില്ക്കുന്നു
ഒരു പെണ്‍കുട്ടി.
നോക്കിനില്ക്കെ 
നൂലുപിടിക്കുന്ന വിരലുകൾ
എന്റേതായി മാറുന്നു
ആകാശത്തെ കീറിമുറിച്ച്
പൂക്കാത്തമരത്തിൽ 
പൂവായി നിറയുന്ന  പട്ടം
അങ്ങു ദൂരെ ഒരു മല
കാട്  കണ്ടുകണ്ട്
ഒഴുകിയിറങ്ങി പരക്കുന്ന പുഴ .

മുകളിലേയ്ക്കൊഴുകിയെത്തിയ
പുഴയിൽ കാൽ നനച്ച്
ആറ്റുവഞ്ഞിയുടെ  മൊട്ടു പറിച്ച് 
പുഴക്കരയിൽ നിന്നുകൊണ്ട്
ഞാനൊരു ശലഭത്തിന്റെ
ചിറകു വരയ്ക്കാൻ തുടങ്ങുന്നു ..!
-----------------------------





2015, മാർച്ച് 22, ഞായറാഴ്‌ച

' അനാമിക '

തിരക്കിനിടയിൽപ്പെട്ട്
ശ്വാസംമുട്ടി മരിച്ച
ശരീരത്തിലാണ്
അവസാനമായി
ഞാനവളെക്കണ്ടത് .

നെഞ്ചിനു മുകളിൽ
നെടുകെയും കുറുകെയും
തെളിഞ്ഞു കാണുന്ന,
മണ്ണിന്റെ നിറത്തിലുള്ള 
ബൂട്ട്സിന്റെ വരകൾ .

തലമുടിയിൽനിന്നു
തെറിച്ചു വീണ്
ബാഷ്പമാകാൻ മറന്ന്
മണ്ണിനു മീതെ
തിളങ്ങുന്ന മഞ്ഞുതുള്ളികൾ .

നെറ്റിയിൽ പരന്നൊഴുകി
നിരാകാരയായി
നിറമറ്റുപോയൊരു
സിന്ദൂരപ്പൊട്ട് .

ചുണ്ടിനിടയിൽ
ഞെരിഞ്ഞമർന്ന്
അകാലമൃത്യു  വരിച്ച
ഏതോ ഒരു വാക്ക് .

ഇനിയുമിനിയും
കാണാൻ മോഹിച്ച് ,
ഉറങ്ങിയ കൃഷ്ണമണികൾക്കു മീതെ
ഉണർന്നിരിക്കുന്ന കണ്‍പോളകൾ .

മൂക്കിനൊരു വശത്തായി
ചോര , വരച്ചു പഠിച്ച
വട്ടമെത്താത്ത
ഒരു കുഞ്ഞു പൊട്ട് .

മണ്ണിൽപ്പുതഞ്ഞ് ,
നിറങ്ങൾ വാരിയുടുത്തും
അഴിച്ചുവെച്ചും
ഉന്മാദത്തിലേയ്ക്കൂളിയിടുന്ന
ആകാശത്തെ
അടയാളപ്പെടുത്തിയ
വിരലുകൾ .

തിരക്കൊഴിഞ്ഞ
ഈ വീഥിയുടെ അറ്റത്തുനിന്ന്
അവളുടെ ആകാശത്തിന്
ശേഷക്രിയ ചെയ്ത്
ഞാനിറങ്ങുന്നു ,
വായിച്ചുതീരാത്ത
നാനാർത്ഥങ്ങളിലേയ്ക്ക് .
-----------------------------








2015, മാർച്ച് 9, തിങ്കളാഴ്‌ച

മുറിവാഴങ്ങളിൽ ...

പുഴ
എന്നോടൊപ്പമോ
ഞാൻ
അവളോടൊപ്പമോ
നടക്കാൻ തുടങ്ങിയത് ...

ഒഴുകി നനഞ്ഞ്
ഒരു കരയായ്
വീടണഞ്ഞത് 
ഞങ്ങളൊന്നിച്ച് .

തെച്ചിക്കായ്  പഴുക്കാത്ത
കടവുകളിൽ
കരയല്ലേ കരയല്ലേയെന്ന്
കൈനനയ്ക്കുന്നതും
ഞങ്ങളൊന്നിച്ച്.
---------------------------

2015, മാർച്ച് 2, തിങ്കളാഴ്‌ച

ഓർമ്മക്കുറിപ്പിൽ നിന്നെ അടയാളപ്പെടുത്തുന്നതെങ്ങനെ ...


നീട്ടിവിളിക്ക്
എന്നും അച്ഛന്റെ ഉയരം 
ആകാശത്തിന്റെ പരപ്പ്
കൈവെള്ള നിറയുന്ന
ചോറുരുളയുടെ സ്വാദ് .

പെറ്റിക്കോട്ടിലിരുന്ന്
കുലുങ്ങിച്ചിരിക്കുന്ന
കുന്നിമണികളിൽ

ഊഞ്ഞാലിടുന്ന
വരിക്കപ്ലാവിന്റെ ചുവട്ടിൽ
മണ്ണപ്പം ചുട്ടുകൂട്ടുന്ന 
ചിരട്ടകളുടെ കലപിലകളിൽ

മുറ്റം നിറഞ്ഞ് ,ഗോലി കളിക്കുന്ന
ആണ്‍കുട്ടികളുടെ
കൂട്ടിമുട്ടുന്ന നോട്ടങ്ങളിൽ

താഴത്തുവീട്ടിലെ
തത്തമ്മപ്പെണ്ണിൻറെ 
ചിറകടിയൊച്ചയിൽ

ഒപ്പമെത്താൻ പിറകേയോടുന്ന
പൈക്കിടാവിന്റെ ചുണ്ടിലെ
പാൽപ്പതയിൽ

നിവർത്തിവെച്ച
പുസ്തകത്തിനു  മീതെ
ഉറക്കം തൂങ്ങിച്ചുവന്ന്
വെളിച്ചത്തിലേയ്ക്ക് മിഴിക്കുന്ന
പേടിച്ചരണ്ട കണ്ണുകളിൽ ...

ഒരുണർത്തുപാട്ടുപൊലെ
നീണ്ടു നീണ്ടു പരന്നിരുന്ന
സുഖദമായ ഒരാവൃത്തി .

ഒരുവട്ടം കൂടി
ഒരു  വട്ടംകൂടി
എന്നെ കേൾക്കാൻ കൊതിച്ച്
വാതിലിനപ്പുറം മറഞ്ഞുനിന്ന്
നീയും ................!
-----------------------------