2015, ജൂൺ 12, വെള്ളിയാഴ്‌ച

നമ്മൾ പൂക്കുന്ന രാജ്യം .

നിറയെ മിന്നാമിനുങ്ങുകൾ
പൂത്തുനിന്ന മരത്തിന്റെ
ചില്ലകളിലൊന്നൊടിച്ചെടുത്താണ്
ഒരു മാത്ര ദൂരമുള്ള നിന്നിലേയ്ക്ക്
ഞാനൊരു പാലമുണ്ടാക്കിയത്.

കൂടുവിട്ട് വീടുണർത്താനെത്തുന്ന
കിളിപ്പേച്ചിനീണമിടുന്നവഴിയിൽ
മഞ്ഞുപിഴിഞ്ഞ് ,നീയെനിക്കായ് വിരിക്കും 
ഇട്ടിരിക്കാനൊരു കസ്സവു തൂവാല .

നിറഞ്ഞിരിക്കുന്ന ചെപ്പുതുറന്ന്
പീച്ചിമരച്ചുവപ്പിൽ വിരൽതൊട്ട്
കണ്ണാടി നോക്കാതെ
ഞാനൊരു   പൊട്ടുകുത്തും.

ആലിപ്പഴം നിറച്ച മണ്‍ഭരണി
നീയെനിക്കായ്  തുറന്നു വെയ്ക്കും
ഉള്ളിന്റെയുള്ളിലേയ്ക്ക്  പതിയെ
ഞാനാ മധുരം നുണച്ചിറക്കും .

മണ്‍തിട്ടയ്ക്കും പച്ചപ്പിനും മറവിലൂടെ
ചുവന്ന റിബണ്‍ പറക്കുന്നുണ്ടോയെന്ന്
ഒളിഞ്ഞുനോക്കി , കാണാത്ത ആ മുഖം
എന്റെ ബാല്യമെന്ന്  കൊതിക്കും .

കുണുങ്ങിയാർത്ത് , മതിമറന്നു ചിരിക്കുന്ന
കടുംനിറമുള്ള കാട്ടുപൂക്കൾക്ക്  മേലെ
മഴയുടെ തുണ്ടുകൾ ഒന്നൊന്നായി
നീ നിരത്തി നിരത്തി വെയ്ക്കും .

പൂവുടലുകൾ പിച്ചിചീന്തി രസിക്കുന്ന
കുസൃതികളുടെ നനുത്ത വാലുകൾ
വാഴനാരുകൊണ്ട് കൂട്ടിക്കെട്ടണമെന്ന്
നമ്മൾ അടക്കം പറയും .

അത്തിമരക്കൊമ്പിൽ ഒറ്റക്കിരുന്ന്
മലമുഴക്കുന്നവളെ കാണാൻ
താലത്തിൽ തേനും വയമ്പുമെടുത്ത്
നീയെനിക്ക് കൂട്ടിനു വരും .

ചായം തേയ്ക്കാത്ത നിന്റെ കുടികളിൽ
വാതിൽചാരി മറഞ്ഞുനില്ക്കുന്നവരെ
പേരുവിളിച്ച് , ചേർത്തുനിർത്തി നമ്മൾ
കാടുകണ്ടുറവകണ്ട്  മലയിറങ്ങും .

മലമുകളിൽ മാഞ്ഞുമാഞ്ഞു പോകുന്ന
ചുവന്ന മേഘങ്ങളെ സാക്ഷിയാക്കി
സൂര്യകാന്തത്തിന്റെ കഥ പറഞ്ഞ്
നമ്മൾ കൈകോർത്തു പടവുകളിറങ്ങും.

നാഗമരത്തിന്റെ ഇലപ്പടർപ്പിൽ
കൂടണയുന്ന കുഞ്ഞു പറവകളെ
ഒരിക്കൽക്കൂടി കണ്‍നിറച്ചെടുത്ത്
ഞാൻ പാലത്തിലേയ്ക്ക്  കാൽവെയ്ക്കും .

അടുക്കളയിലെ
നിലച്ചുപോയ സൂചികളിൽ നിന്ന്
ഘടികാരത്തെ കൃത്യമായി
വായിച്ചെടുക്കുന്നതുപോലെ
എന്നിൽ നീയെപ്പോഴും
ഓർമ്മപ്പെട്ടുകൊണ്ടേയിരിക്കുന്നു
ഇതുവരെയാരും
അടയാളപ്പെടാത്തതുപോലെ ...!
---------------------------------------