2015, ജൂൺ 26, വെള്ളിയാഴ്‌ച

'' ത്രേസ്യാമ്മ ചേടത്ത്യേ ,,,,''

വാതിൽ തുറന്നിട്ടില്ല . ജനാലകൾ പാതിതുറന്നുവെച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .നാളേറെയായിരിക്കുന്നു .പരാതികളും പരിഭവങ്ങളും
ഏറ്റുവാങ്ങാൻ തയ്യാറായി , ഉള്ളിലുള്ള സ്നേഹം മുഴുവനായി കോരിനിറച്ച്
ഒരിക്കൽക്കൂടി നീട്ടി വിളിച്ചു.

"ത്രേസ്യാമ്മ ചേടത്ത്യേ,,,,,,,,,,,,,,,"

ജനാലയ്ക്കപ്പുറം , തെളിഞ്ഞുവരുന്ന പ്രകാശത്തിന്റെ ഒരു തുണ്ടുപോലെ
എന്റെ ത്രേസ്യാമ്മ ചേടത്തി . ഞാന്നുകിടക്കുന്ന കമ്മലിൽ നിന്ന്
ഓടിയിറങ്ങി എന്റെ കവിളിൽ പറ്റിചേർന്ന തിളക്കം .

''എവിടാരുന്നു ? ''
ആ പിണക്കത്തെ ഗാഢമായ ഒരാലിംഗനംകൊണ്ട് മായ്ച്ചുകളഞ്ഞ് വീണ്ടും
ഞങ്ങളൊന്നായി .

ഒളിച്ചു കളിക്കുന്ന മഴ , വിഷം കഴിച്ചുകഴിച്ച്   പാടാനാവുന്നില്ലെന്നു
പരാതിപറയുന്ന കിളികൾ , ശ്വസിക്കാൻ പേടിയെന്നു പറഞ്ഞ് തീ തുപ്പുന്ന
കാറ്റ് ... !..മാറിമറിയുന്ന  അവസ്ഥാവിശേഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും
പറഞ്ഞാശ്വസിച്ച്   വീണ്ടുമൊരു പകൽ.

തുറന്നിട്ടിരിക്കുന്ന അടുക്കള വാതിലിലൂടെ പഴയൊരോർമ മെല്ലെ മെല്ലെ
ഇഴഞ്ഞെത്തുന്നു .
''ത്രേസ്യാമ്മ ചേടത്ത്യേ , ഇപ്പോഴും ഈ പഴയ താമസക്കാർ ആ പൊത്തിനുള്ളിലുണ്ടോ ?
ചോദ്യം മനസ്സിലായെന്ന മട്ടിൽ ചെറുതായൊന്നു ചിരിച്ചു,ചേടത്തി.
'' നിന്റെ ആ പഴയ കൂട്ടിരുപ്പുകാർ അല്ലെ ?''
''അതെയതെ .''
കാൽവിരലുകൾക്ക് മുകളിലൂടെ പുഴപോലെ ഒഴുകിപ്പോയവൻ , കൂട്ടത്തിൽ
മുതിർന്നവനോട് 'ഞാനെന്തിനു നിന്നെ പേടിക്കണം'എന്ന മട്ടിൽ നോക്കിനിന്ന
ആ ദിവസം .!പിന്നെയങ്ങോട്ടെനിക്ക് കാവലായിരുന്നു.
വിഷംതീണ്ടിയില്ല അവരിലാരും.
എന്റെ ചിന്തകളുടെ വഴി നന്നായി
അറിയുന്നതുപോലെ , പിറകിലൊരു നിശ്വാസമായെന്നെ ചേർത്തുപിടിച്ച് ചേടത്തി .

വാതിലടച്ച്‌ ഞങ്ങൾ ഊണുമേശക്കിരുവശത്തായി വീണ്ടും വാർത്തകളുടെ
ചുരുളഴിക്കാൻ തുടങ്ങി .കോഴ,കോഴി' ,വിഴിഞ്ഞം പദ്ധതി ,തെരഞ്ഞെടുപ്പ്...
നിവർത്തിയിട്ട പത്രത്തിൽ, കനത്ത മഴ നനയുന്ന വയനാട്.....
ആൾനാശം ....'നിന്റെ വയനാട് 'എന്ന്  ത്രേസ്യാമ്മചേടത്തി എനിക്കൊപ്പം സങ്കടപ്പെടുന്നു.

''നീ വരാത്തതുകൊണ്ട് ഞാനൊന്നും കരുതിവെച്ചിട്ടില്ല .''
ചേടത്തിയുടെ നേർത്ത സ്വരം .
''ഈ  നെഞ്ചിനകത്ത് നിറയെയുണ്ടല്ലോ എനിക്കുള്ളതൊക്കെ ''
ഞാനാ വിരൽപിടിച്ചൊന്നു ഞൊടിച്ചു.

ഞാലിപ്പൂവൻ പഴം ഏറ്റവും ചെറിയവ ഒന്നൊന്നായെടുത്ത് കഴിക്കുന്നതിനിടയിൽ
ഞാൻ പറഞ്ഞു .''എന്തൊരു സ്വാദ് , പണ്ട് പത്തായത്തിനുള്ളിൽ അമ്മ,
ചന്ദനത്തിരി കത്തിച്ചുവെച്ച്  പഴുപ്പിച്ചെടുത്തിരുന്നതിന്റെ അതേ
സ്വാദ് .''

'' ചേടത്ത്യേ ,,, 
എനിക്ക് കൂടണയാൻ നേരമായി.''

വെളുവെളുങ്ങനെ ചിരിക്കുന്ന ചട്ടയും മുണ്ടും .മുണ്ടിന്റെ അറ്റം പിടിച്ച്
ചുണ്ട് തുടയ്ക്കുന്നതിനിടയിൽ ചട്ട ചെറുതായി പൊക്കി ആ വെളുത്ത വയറിൽ
ഞാനെന്റെ ചുണ്ടുകൾ  പതിച്ചുവെച്ചു .


വാതിൽചാരി നില്ക്കുന്നു ചേടത്തി, ഒരു മനോഹര ശിൽപം പോലെ .
മണ്ണിൽനിന്ന് പൊന്നുവിളയിച്ച അപ്പന്റെ മകൾ .കോളേജ് അധ്യാപികയായി
ജീവിതം .അന്യമതസ്ഥന്റെ മണവാട്ടിയായി സ്വയം അവരോധിച്ച്  ,
നിത്യകന്യകയായി സ്വർഗസ്ഥയായവൾ.

ഞങ്ങൾ രണ്ടു ദേശക്കാർ . ആരും കാണാതെ സന്ധിക്കുന്നു .അവർ
അന്ത്യനാളുകളിൽ ജീവിച്ച വീട് ,എന്റെ നാല് ഞായറാഴ്ചകൾ മാത്രം കണ്ട വീട് .
കേട്ടറിവുകളിൽ നിന്ന് ഞാനാ വീടിന്റെ 
ഓരോ മുക്കിലും മൂലയിലും അവരുടെ മണം തിരഞ്ഞുപിടിച്ച ദിവസങ്ങൾ . 
ഞാൻ വരച്ചെടുത്ത
മുഖം . ഞാൻ കൊടുത്ത ശബ്ദം .അതിലൂടെ ചേടത്തി കഥകൾ പറയുന്നു ,
ആ കഥകൾ കേൾക്കാൻ ഒരു സ്വപ്നാടകയെപ്പോലെ ഞാനിന്നുമെത്തുന്നു .
ആ മടിയിൽ തലവെച്ചു കിടക്കുന്നു ,ആ വിരലുകൾ എന്റെ മുടിയിഴകളിലൂടെ
പരതിനടക്കുന്നു. ആ വിരൽതുമ്പുകളിലൂടെ സ്നേഹത്തിന്റെ കടലാഴങ്ങളിൽ
ഞാൻ ആകാശംപോലെ നീലനിറമാകുന്നു.


കിളികൾ ചില്ലകളിൽ നിരന്നിരിക്കും.
ഞങ്ങൾ കഥ പറയും. അവർ പറന്നുപറന്നു
ചെന്ന് ചേക്കേറിയ ദേശങ്ങളെക്കുറിച്ചും.
എനിക്കും എന്റെ ത്രേസ്യാമ്മ ചേടത്തിക്കും ഞങ്ങളുടെ  കിളികൾക്കും മിണ്ടിപ്പറയാൻ
എന്തിനാണീ മണ്ണിൽ വേറൊരു ഭാഷ.
--------------------------------------------------------------------------------