2015, ജൂൺ 27, ശനിയാഴ്‌ച

കല്ലുപ്പ്

വറവിന്റെ ശബ്ദംകേട്ട്
ഊഴവും കാത്തിരിപ്പാണ്
സൂക്ഷ്മതയോടെ വിതറപ്പെടാൻ
പാകത്തിന് വെന്തുവരുന്ന രുചിയാവാൻ .

അനുപാതം തെറ്റിയാൽ
പഴി കേൾക്കുന്നുണ്ട്
തലങ്ങും വിലങ്ങും നടക്കുന്നുണ്ട്
രൂപത്തിലും ഭാവത്തിലും
മാറിപ്പോയവർ .

ലക്ഷണമൊത്ത ചിരട്ടയിലോ
ഒരു കുഞ്ഞു മണ്‍ഭരണിയിലോ
നനഞ്ഞലിഞ്ഞിരിക്കാൻ
നാളേറെയായി കൊതിച്ചിരിപ്പാണ് .

കനലൂതി കത്തിക്കുന്നതിന്റെ താളം
കൈത്തിട്ടയിൽ നിരന്നിരിക്കുന്ന
പലവ്യഞ്ജനപ്പാത്രങ്ങളുടെ കിലുക്കം
കടകോലിൽ പൊന്തിവരുന്ന വെണ്ണയുടെ നിറവ്
അരകല്ലിൽ കൊത്തിവെയ്ക്കുന്ന കുപ്പിവളക്കിലുക്കം
തിളച്ചുതിളച്ചു വറ്റുന്ന മീൻകറിയുടെ  മണം
തിട്ടയ്ക്കടിയിലെ വിറകുകൊള്ളികളുടെ അടുക്ക്
ഈർക്കിൽ ചൂലിന്റെ താളത്തിലുള്ള നടത്തം .

ആരാന്റെ ഉച്ചമയക്കമുണർത്താൻ
നൂലിൽ തൂങ്ങിക്കിടന്നൊരു കുരുത്തക്കേട്‌ .

ഭംഗിയുള്ള , നിറമുള്ള കുപ്പികളിൽ
കൂടുതൽ മിനുസ്സപ്പെട്ട് , ശ്വാസം കഴിക്കാതെ
വെള്ളത്തിലലിഞ്ഞലിഞ്ഞ് വെള്ളമായ്ത്തീരാനാവാതെ
വരാനിനിയൊരു കാലമില്ലെന്നോർത്ത്
ഞാനൊരു മുറിവിനെ നീറ്റിനീറ്റി വറ്റിക്കുകയാണ് .