2015, ജൂലൈ 4, ശനിയാഴ്‌ച

' ഹതശേഷ '

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ 
ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത
ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടിടീച്ചർ കേട്ടെഴുത്ത് നടത്തുന്നു
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക് .
ശാരദാമ്മ ടീച്ചറിന്റെ ക്ലാസ്സിൽ
അക്ഷരസ്ഫുടതയോടെ
ഒരു ഖണ്ഡിക വായിച്ച്
കൊതിതീരാതെ 
ഇരിപ്പിടത്തിൽ അമർന്നിരിക്കുന്നു.
ചെറിയ കെട്ടിടത്തിൽനിന്ന്
വലിയ കെട്ടിടത്തിലേയ്ക്കു കയറി
റംല ടീച്ചറിന്റെ മേശക്കരികിൽ
കൂട്ടുകാർക്കഭിമുഖം നിന്ന്
ഈണത്തിൽ  ചൊല്ലുന്ന വരികളിൽ
നിശബ്ദമാകുന്ന എട്ടാംക്ലാസ്സ് മുറി.

ഒഴിഞ്ഞ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ നിന്ന്
ഞാനെന്റെ കവിതയെ
കണ്ടെടുക്കുന്നു.
കാറ്റിൽ ആടിയുലയുന്ന  ദാവണി
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ .

രാസനാമങ്ങളും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
വെളുത്ത പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറി.

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിനു മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തിവെച്ചിരിക്കുന്ന 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.

ഒരു ജീവിതംകൊണ്ടെത്ര തവണ
മരണത്തെ അടയാളപ്പെടുത്താനാവുമെന്ന്
ശൂന്യമായ  ഇടവേള
ഒരിക്കൽക്കൂടി പറഞ്ഞുതരുന്നു .
-------------------------------------------