ഉറക്കം മുറിച്ചുകടക്കാൻ
കൂട്ടിനു കൂടെ വരാറുണ്ട്
തണുത്ത വിരലുകൾ .
നിറങ്ങൾ മങ്ങിയടർന്ന്
തേഞ്ഞുതീരാറായ വഴികളിൽ
കൂട്ടംകൂടി നടക്കാറുണ്ട് .
സൊറ പറഞ്ഞിരിക്കാൻ
നിഴലനക്കം കണ്ട്
പായ മുഴുവനായി നിവർത്തിയിടും
കുളിക്കടവിലിടിഞ്ഞുവീണുപോയ പുഴ .
ഞാൻ നിവർത്തിവെയ്ക്കുന്ന
മഴയുടെ പൊതി പങ്കിട്ടെടുത്ത്
അവരോരോരുത്തരും നന്നായി നനയും .
ചിലർ നക്ഷത്രങ്ങൾ അടർത്തിയെടുത്ത്
ചൂട്ടിൻ തുമ്പ് കത്തിച്ചുപിടിച്ച്
മറന്നുപോയ മുഖങ്ങൾ
പരസ്പരം നോക്കി ഓർത്തെടുക്കും .
അച്ഛനെ വീണ്ടുമൊരു ശിശുവാക്കി
അച്ഛമ്മ മുറുക്കാൻപെട്ടി തുറന്നുവെയ്ക്കുന്നു .
എത്തിനോക്കി ചിരിക്കുന്ന തളിർ വെറ്റില .
'തീണ്ടാരിയുള്ളവരാരും വെറ്റിലക്കൊടിക്കരികിൽ
പോകാറില്ലല്ലോ'യെന്ന ഓർമ്മപ്പെടുത്തൽ .
അച്ഛമ്മ കാലുനീട്ടി വിസ്തരിച്ചിരിക്കുന്നു
വെറ്റില കീറിയെടുത്ത് ചുണ്ണാമ്പു തേയ്ക്കുന്നു .
ഓടിപ്പോയി തുപ്പൽകോളാമ്പിയുമെടുത്ത്
ഇടതുവശം നീക്കിവെച്ച് യമുനേടത്തി .
അച്ഛമ്മയുടെ വലതുവശം ചേർന്നിരുന്ന്
അടയ്ക്കയും വെറ്റിലയും ഇടിച്ചുകൊടുത്ത്
ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ തട്ടി
ഉടഞ്ഞുവീഴുന്ന വാക്കുകളും പെറുക്കിയെടുത്ത്
ഇത്തിരിപ്പോന്ന വെളിച്ചം കൊണ്ട്
ഞാനെന്റെ വിരൽതുമ്പുകളിലെ
ചോപ്പുനിറം അളന്നെടുക്കുന്നു .
പണ്ടൊരിക്കൽ അച്ഛനറിയാതെ
മൂത്തച്ഛനോട് സ്നേഹം കൂടി
ഒരുമിച്ച് മുറുക്കാൻ ചവച്ച ദിവസമാണ്
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും
ദിവാകരൻസാർ ശരിയായിരുന്നെന്നും
ഉറച്ചു വിശ്വസിക്കേണ്ടി വന്നത്.
ആരോ അടയാളപ്പെടുത്തിയിട്ട
ഒരു ഭ്രമണപഥത്തിൽ
എന്തിനോവേണ്ടി നിരന്തരം കറങ്ങുന്നവൾ .
കൂട്ടിനു കൂടെ വരാറുണ്ട്
തണുത്ത വിരലുകൾ .
നിറങ്ങൾ മങ്ങിയടർന്ന്
തേഞ്ഞുതീരാറായ വഴികളിൽ
കൂട്ടംകൂടി നടക്കാറുണ്ട് .
സൊറ പറഞ്ഞിരിക്കാൻ
നിഴലനക്കം കണ്ട്
പായ മുഴുവനായി നിവർത്തിയിടും
കുളിക്കടവിലിടിഞ്ഞുവീണുപോയ പുഴ .
ഞാൻ നിവർത്തിവെയ്ക്കുന്ന
മഴയുടെ പൊതി പങ്കിട്ടെടുത്ത്
അവരോരോരുത്തരും നന്നായി നനയും .
ചിലർ നക്ഷത്രങ്ങൾ അടർത്തിയെടുത്ത്
ചൂട്ടിൻ തുമ്പ് കത്തിച്ചുപിടിച്ച്
മറന്നുപോയ മുഖങ്ങൾ
പരസ്പരം നോക്കി ഓർത്തെടുക്കും .
അച്ഛനെ വീണ്ടുമൊരു ശിശുവാക്കി
അച്ഛമ്മ മുറുക്കാൻപെട്ടി തുറന്നുവെയ്ക്കുന്നു .
എത്തിനോക്കി ചിരിക്കുന്ന തളിർ വെറ്റില .
'തീണ്ടാരിയുള്ളവരാരും വെറ്റിലക്കൊടിക്കരികിൽ
പോകാറില്ലല്ലോ'യെന്ന ഓർമ്മപ്പെടുത്തൽ .
അച്ഛമ്മ കാലുനീട്ടി വിസ്തരിച്ചിരിക്കുന്നു
വെറ്റില കീറിയെടുത്ത് ചുണ്ണാമ്പു തേയ്ക്കുന്നു .
ഓടിപ്പോയി തുപ്പൽകോളാമ്പിയുമെടുത്ത്
ഇടതുവശം നീക്കിവെച്ച് യമുനേടത്തി .
അച്ഛമ്മയുടെ വലതുവശം ചേർന്നിരുന്ന്
അടയ്ക്കയും വെറ്റിലയും ഇടിച്ചുകൊടുത്ത്
ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ തട്ടി
ഉടഞ്ഞുവീഴുന്ന വാക്കുകളും പെറുക്കിയെടുത്ത്
ഇത്തിരിപ്പോന്ന വെളിച്ചം കൊണ്ട്
ഞാനെന്റെ വിരൽതുമ്പുകളിലെ
ചോപ്പുനിറം അളന്നെടുക്കുന്നു .
പണ്ടൊരിക്കൽ അച്ഛനറിയാതെ
മൂത്തച്ഛനോട് സ്നേഹം കൂടി
ഒരുമിച്ച് മുറുക്കാൻ ചവച്ച ദിവസമാണ്
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും
ദിവാകരൻസാർ ശരിയായിരുന്നെന്നും
ഉറച്ചു വിശ്വസിക്കേണ്ടി വന്നത്.
ആരോ അടയാളപ്പെടുത്തിയിട്ട
ഒരു ഭ്രമണപഥത്തിൽ
എന്തിനോവേണ്ടി നിരന്തരം കറങ്ങുന്നവൾ .