2015, ജൂലൈ 30, വ്യാഴാഴ്‌ച

അച്ഛനെ വീണ്ടും വായിക്കുമ്പോൾ ...

വായിക്കുംതോറും ഇഷ്ടം കൂടിക്കൂടി വരുന്നൊരു പുസ്തകം .
അതാണ്‌ എനിക്കെന്റെ അച്ഛൻ .
ഓർമ്മയിൽ നിറയാൻ തുടങ്ങിയിട്ട് ഇന്നേക്ക്  6 വർഷം തികയുന്നു .
ഇരുട്ടിലേയ്ക്ക്‌  പകച്ചുനോക്കുമ്പോഴൊക്കെ ഒരു മിന്നാമിനുങ്ങായി കാഴ്ചയിൽ ഓടിയെത്തും .
ചെവികൊടുക്കുമ്പോൾ അലക്കിതേച്ച വെള്ളമുണ്ടിന്റെ കിരുകിരെയുള്ള ശബ്ദം.
കറുത്ത ഫ്രെയിമിന്റെ കണ്ണട , ഭംഗിയായി ചീകിയൊതുക്കിയ ഇടതൂർന്ന തലമുടി .
മീശവെയ്ക്കാത്ത , ഗൗരവമുള്ള മുഖം .കൈത്തണ്ടയിൽ ഒരിക്കലും നിലച്ചുകണ്ടിട്ടില്ലാത്ത സമയസൂചികൾ. ശരീരവും മനസ്സും എപ്പോഴും വൃത്തിയും വെടിപ്പുമായി സൂക്ഷിച്ച ,
കർക്കശക്കാരനായ എന്റെ അച്ഛൻ .

തലയിലൊരു തലോടൽ .ഇരുട്ട് മാഞ്ഞ് വെളിച്ചമാകാൻ അത് ധാരാളം .

'' പഴുത്ത പ്ലാവില വീഴുമ്പോൾ
ചിരിപ്പൂ പച്ച പ്ലാവിലയേ ,
നിനക്കുമിങ്ങനെ വരുമെന്ന്
നിനച്ചിരിക്കണമെന്നെന്നും .''

ഒന്നിലധികം തവണ അച്ഛൻ ഈ വരികൾ പറഞ്ഞുതന്നിട്ടുണ്ട് .
എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പ് കേട്ടു പഠിച്ചത് .
സാഹിത്യത്തിൽ അല്പംപോലും താല്പര്യം കാണിക്കാതിരുന്ന കണക്കു മാഷ്‌, അച്ഛൻ .
ആരാണ് എഴുതിയതെന്ന് ഞാൻ ചോദിച്ചില്ല ,അച്ഛൻ പറഞ്ഞുതന്നതുമില്ല .
ആ വരികളിലെ ഗഹനമായ അർത്ഥം , അർത്ഥമറിയാതെ ഞാൻ ഉരുവിട്ടിരുന്നു .
പഴുത്ത പ്ലാവിലയുടെ വീഴ്ച ഒരു മരണം എന്നതിനേക്കാൾ ഒരു പതനമായിട്ടാണ് ഞാൻ
എന്നും വായിച്ചത് . അതുകൊണ്ടാവാം ആരുടെ പതനത്തിലും ഞാൻ വല്ലാതെ
വേദനിക്കുന്നത് .

അധ്യാപകനായിരുന്ന അച്ഛൻ  എന്നെ പഠിപ്പിച്ചിട്ടില്ല .അധ്യാപികയല്ലാത്ത ഞാൻ
എന്റെ കുട്ടികളെ പഠിപ്പിച്ചു .ഒടുവിലാണ് എനിക്ക് ബോധ്യമായത് അതിനുള്ള കാരണം .
ഞാൻ എന്ന പുസ്തകം എന്നെങ്കിലും ഒരിക്കൽ എന്റെ കുട്ടികൾ വായിക്കുമ്പോൾ അതിലെ
ഒരദ്ധ്യായം അവരെ വേദനിപ്പിക്കുമായിരിക്കും ,ഞാനൊരു അധ്യാപികയായി സ്വയം
അവരോധിക്കപ്പെട്ട ഒരു അദ്ധ്യായം .അച്ഛന്റെ വിരൽതുമ്പിലെ പിടി വിടുവിച്ച് ഞാൻ
നടന്ന വഴി .
സ്നേഹിച്ചു കൊതിതീർന്നിട്ടില്ലിന്നും .