2015, നവംബർ 11, ബുധനാഴ്‌ച

സ്വപ്നപഥത്തിലെവിടെയോ ...

അമ്മിണിയേടത്തിയുടെ
ഓലപ്പുരയിലെ
അടുപ്പിൻതിട്ടയിൽ
ഉറക്കംതൂങ്ങിയിരുന്ന
കറുമ്പിപ്പൂച്ചയുടെ കണ്ണിന്റെ
ഒരു തരി തൊട്ടെടുത്ത്
ചൂട്ടു കത്തിച്ച്
അപ്പുണ്ണീടെ ഒട്ടിയ
വയറിലൊരുമ്മ കൊടുത്ത്
ഞാനിന്നിറങ്ങുന്നു .

ഗോപാലേട്ടന്റെ ആലയിൽ
ചാരംപുതച്ചുറങ്ങുന്നുണ്ടാവും
ഒരു പിടി കനൽക്കട്ടകൾ
വേണിയേടത്തിയുടെ വീട്ടിലെ
അകത്തളത്തിൽ
തിരിതാഴ്ന്നിരിപ്പുണ്ടാവും
നാളെയെന്ന് മന്ത്രം ജപിക്കുന്ന
നിലവിളക്കുകൾ .

ഒരു കാതം കൂടിയുണ്ടെന്ന്
ഒരു ചൂണ്ടുവിരലടയാളം തന്ന
പാലമരത്തിന്റെ മണമെടുത്ത്
നെറ്റിയിൽ തൊട്ട്
പൊത്തിലൊരിടം കണ്ടുപിടിച്ച്
തുള വീണ ആകാശത്തെയും
വെട്ടേറ്റ സൂര്യനെയും
മുറിപ്പെട്ട് മുറിപ്പെട്ട്
തുന്നൽക്കാരിയായ ഭൂമിയെയും
അല്പനേരം സൂക്ഷിക്കാനേൽപ്പിച്ച്
ഞാൻ നടക്കുന്നു .

ഇന്നലെ ഞാൻ നട്ട പൂമരം
ഇരുണ്ടുപോയവളെന്ന്
ഇലയനക്കുന്നു
കാത്തിരുന്ന് കണ്ണുകുഴഞ്ഞെന്ന്
നീ പരിഭവിക്കുന്നു
ഉടലുമുയിരുമെന്നടക്കം പറഞ്ഞ്
നമ്മൾ കൈകോർക്കുന്നു
ഒരു ഭ്രമണപഥത്തിൽ നഷ്ടപ്പെട്ട്
നാളെ വീണ്ടും
രണ്ടു ഗ്രഹങ്ങളായ് പിരിയാൻ
പുതിയൊരു സൗരയൂഥം തീർക്കുന്നു .