2015, നവംബർ 18, ബുധനാഴ്‌ച

ബാക്കിയാവുന്നതിലൊരു തുള്ളി

പുതപ്പിനടിയിൽ
തണുത്തു വിറയ്ക്കുന്നുണ്ട്
അമ്മച്ചൂട്  കൊതിച്ച്
കനമുള്ളൊരു പനി .

അടുക്കളവാതിലിലേയ്ക്ക്
ആർത്തിയോടെ
നുഴഞ്ഞു കയറുന്നുണ്ട്
പാതിയടഞ്ഞൊരു നോട്ടം.

നിനക്കു വേണ്ടെങ്കിൽ
എനിക്കും വേണ്ടെന്ന്
കൂട്ടിരുന്ന നോവിൽ
നനയുന്നുണ്ടുമിനീർ .

ജനലരികിൽ ചേർന്നുനിന്ന്
മഴ തൊട്ടു തണുക്കാൻ
കൈനീട്ടിപ്പിടിക്കുന്നുണ്ട്
നിറമേലും കുപ്പിവളകൾ .

നല്ലവാക്കോതുവാൻ
ത്രാണിയുണ്ടാവണേയെന്ന്
പേർത്തും പേർത്തും ജപിക്കാൻ
ഉണരുന്നുണ്ട് ചുണ്ടുകൾ .

പണ്ടുപണ്ട് വളരെ പണ്ട്
പേരില്ലാരാജ്യത്തൊരു
രാജകുമാരിയെന്ന് കേൾക്കാൻ
ഉഴറുന്നുണ്ടൊരുറക്കം .

ഇതാ , ഭൂമിയുടെ അറ്റമെന്ന്
ഉറക്കത്തിനിടയിൽ കയറിവന്ന്
ആരോ വിരൽ പിടിക്കുന്നു .
ഉയർന്നുതാഴുന്ന
ശ്വാസത്തിനുമേലെ
കാലെടുത്തുവെച്ച്
ശാന്തമായുറങ്ങുകയായിരുന്നെന്ന്
പനിക്കിടക്കയിൽനിന്ന്
ചാടിയെഴുന്നേറ്റിരുന്ന്
ഒരുവൾ മോണകാട്ടി ചിരിക്കുന്നു .