2015, നവംബർ 1, ഞായറാഴ്‌ച

ഒരുതരി വെളിച്ചത്തിലോരായിരം നക്ഷത്രങ്ങൾ

ഒളിഞ്ഞുനിന്നു ചിരിവിതറുന്ന
പ്രകാശരേണുക്കളെ
നുള്ളിയെടുത്തു വെയ്ക്കാൻ
തീരാത്ത കൊതിയാണ് .

ഓലക്കീർ വകഞ്ഞുമാറ്റി
അകായിലേക്ക് കടന്നിരിക്കുന്ന
വെളിച്ചപ്പൊട്ടുകളെ നുള്ളിനുള്ളി
വിരൽതുമ്പത്തു ചോരപൊടിയാൻ
തീരാത്ത കൊതിയാണ് .

ഒരാഴവട്ടത്തിൽനിന്ന്
ഒരു ചില്ലു കോരിയെടുത്ത് 
കൈക്കുമ്പിളാൽ മൊത്തിക്കുടിച്ച്
അകംപുറമൊരുപോലെ നനയാൻ
തീരാത്ത കൊതിയാണ് .

നെഞ്ചിലേയ്ക്കിറങ്ങിനിന്ന്
ചിന്നിച്ചിതറിച്ച്‌
നക്ഷത്രപ്പൊട്ടുകളിൽ
മുഖം തോർത്തിയെടുക്കാൻ
തീരാത്ത കൊതിയാണ് .

പേരമരചില്ലയിലാടുന്ന
പോക്കുവെയിൽക്കണ്ണാടിയോട് 
ഒരു  ചീന്തെനിക്കുമെന്നു കടംവാങ്ങി
കണ്‍കോണിൽ പൊതിഞ്ഞുവെയ്ക്കാൻ
തീരാത്ത കൊതിയാണ് .

നിലാവിൻ  മുലക്കച്ച കെട്ടാതെ
രാത്രിയാൾ നടക്കാനിറങ്ങുമ്പോൾ
ഒപ്പരം ഞാനുമുണ്ടേന്ന്
കണ്ണുകുടഞ്ഞെടുത്ത് 
വഴിനീളെ കത്തിച്ചുപിടിക്കാൻ
തീരാത്ത കൊതിയാണ് .

കിനാവിൻ  പാടവരമ്പത്തിരുന്ന്
കാറ്റിൻ വിരലാലൊരു  താൾ മറിച്ച്
'നിന്റെ കണ്ണിലാണെന്റെ കവിത'യെന്ന്
വായിച്ചു വായിച്ചു നിറയാൻ
തീരാത്ത കൊതിയാണ് ....!
-------------------------------------------