2016, ഡിസംബർ 20, ചൊവ്വാഴ്ച

വസുന്ധര

കണ്ണും കാതും
ഹൃദയത്തോട്
ചേർത്തുപിടിച്ചാൽ
കേൾക്കാം

ഒരു നേർത്ത
സ്വരത്തിൽ നിന്ന്
അവൾ മുഴക്കങ്ങളെ
തീപ്പിടിപ്പിക്കുന്നത്
 
തേങ്ങലിൽ നിന്ന്
ആർത്തലച്ച് 
മുടിയഴിച്ചിട്ട്
കടപുഴകുന്നത്

വറ്റിപ്പോകുന്ന
ഞരമ്പുകളിലൂടെ
ദാഹമെന്നു മുറിഞ്ഞ്
ഉൾവലിയുന്നത്‌

ചുട്ടുപൊള്ളി
കൊടും തിരകളായ്
തീരത്തെ വിഴുങ്ങി
ചൂടാറ്റുന്നത്

വിണ്ടുകീറി
വികലമായ നെഞ്ച്
ആകാശത്തേക്ക്
തുറന്നുപിടിക്കുന്നത്
 
നിറം ചോർന്ന
പൂക്കൾകൊണ്ട്
വസന്തമെന്നെഴുതുന്നത്

പടക്കോപ്പ്
മൂർച്ചപ്പെടുത്തി
വികൃതമാക്കപ്പെട്ട ഭൂപടം
തിരുത്തുന്നതെങ്ങനെ ....!