ഇരുട്ട് വിളഞ്ഞ
നെടുങ്കൻ പാടത്തിന്റെ
തെക്കേ മൂലയിൽ നിന്ന്
എത്തിനോക്കിയാൽ
താഴേപ്പറമ്പിൽ കാണാം
ഇന്നലെ പെയ്ത മഴയിൽ
ഒലിച്ചുപോയ വീടുകളുടെ
അസ്ഥികൂടങ്ങൾ
കൂക്കിവിളി കേട്ട്
ഞാനിവിടെയുണ്ടേന്ന്
കൈപൊക്കി നിന്ന്
മരമുടല് കാത്തുവെച്ച്
മഴയെടുക്കാതെൻറെ കുടില്
കാറ്റിനെയാട്ടിയോടിച്ച്
തടുക്ക് വിരിച്ച്
ഇരുട്ടേന്ന് നീട്ടിവിളിച്ച്
അത്താഴം വിളമ്പി
കൂട്ടിരിക്കുന്ന
മണ്ണെണ്ണ വിളക്ക്
മെഴുകിയ തിണ്ണയിൽ
ചുരുണ്ടുകിടക്കുന്ന
തുടലില്ലാത്ത മുരൾച്ച
അകലെ തെളിയുന്ന
ചൂട്ടുവെട്ടത്തിലേയ്ക്ക്
കഴുത്തു നീട്ടി
തൂണും ചാരിയിരിക്കുന്ന
മിന്നിന്റെ മിനുക്കം
ഇല്ലായ്മയിലേക്ക്
കണ്ണ് വിടർത്തി
വിരലുണ്ടു ചിരിച്ച്
പിഞ്ഞിയ പായയിൽ
തളിരായൊരു കവിത
പൊട്ടക്കിണറ്റിനുള്ളിലെ
വീണുടഞ്ഞ ചന്ദ്രനോട്
'എന്നെ മനസ്സിലായില്ലേ'യെന്ന്
വാറ് പൊട്ടിയ പഴഞ്ചൻ ചോദ്യം.