2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

നിള
അവൾക്കു മുകളിലൂടെ കടന്നു പോയിട്ടുണ്ട് .അരികിലിറങ്ങി
നോക്കിനിന്നിട്ടുണ്ട്, ഒരു തേങ്ങൽ വന്ന് കാഴ്ച മറയ്ക്കുംവരെ .
പലവട്ടം .
അന്നൊക്കെ അവൾ പേരിൽ മാത്രം നിറഞ്ഞൊഴുകിയവൾ .
പോയകാലത്തിന്റെ ബാക്കിപത്രമെന്നവണ്ണം അങ്ങിങ്ങായി
സൗന്ദര്യത്തിന്റെ തിരുശേഷിപ്പുകൾ .നനഞ്ഞ കൺപീലികൾ
പോലെ അവിടവിടെ മഞ്ഞിച്ച പുൽനാമ്പുകൾ .ഓർക്കുമ്പോൾ,
വായിക്കുമ്പോൾ ഒക്കെ അവളൊന്നു നിറഞ്ഞുകാണാൻ വല്ലാതെ
മോഹിച്ചു .

ഇന്നലെ കണ്ട ചിത്രങ്ങളിൽ , വീഡിയോകളിൽ ഇരുകരകളെയും
ചേർത്തുപിടിച്ച് അവൾ ആർത്തുല്ലസിച്ച് ഒഴുകുകയാണ് .എത്ര
കണ്ടിട്ടും മതിവരാത്ത കാഴ്ച .' ഇവിടെയൊരു നദിയുണ്ട്' എന്ന്
ഇനിയെന്നും പാടാൻ കഴിഞ്ഞെങ്കിൽ .

മണ്ണടരുകളിൽ തളർന്നുറങ്ങിപ്പോയ നദിയുടെ കുഞ്ഞുങ്ങളെല്ലാം
ഉണർന്നെണീറ്റെങ്കിൽ .

നദികൾ ആത്മഹത്യ ചെയ്യുന്നവരല്ല .കൊല്ലുകയാണ് മനുഷ്യൻ .

മണ്ണിന്റെ നിറവാണ് നദിയുടെ പാട്ടെന്ന് മനുഷ്യൻ എന്നാവും
തിരിച്ചറിയുക .വേണ്ടാത്തതൊക്കെ വലിച്ചെറിയാനുള്ളതല്ല
അവളുടെ നെഞ്ചെന്ന് അവനെന്നാണ് ബോധ്യപ്പെടുക.
കോരിയെടുത്ത് വിലയിടാനുള്ളതല്ല അവളുടെ നെഞ്ചകമെന്ന്
അവനെന്നാണ് മനസ്സിലാവുക .കെട്ടിയിടപ്പെടേണ്ടവളല്ല
നദിയെന്ന് ഇനിയെന്നാണ് അവനറിയുക.

ഓരോ നദിയെയും ചൂണ്ടി 'ഇതെന്റെ നദി ' എന്നെല്ലാ  മനുഷ്യരും
പറയുന്ന നാള് .അതൊരു സ്വപ്നമാണ് .ആകാശത്തോളം വലിയ
ഒരു സ്വപ്നം .