അസ്തമയമായിരുന്നു
കരയാകെ തിരക്കും.
ഒരു കുഞ്ഞുതിരപോൽ വന്ന്
എന്റെയുടലുയിരാകെ നനച്ച്
സന്ധ്യപോൽ ചുവപ്പിച്ചവളേ,
ഓർക്കുകയാണ് നിന്നെ.
ഞാനുറങ്ങിയ നിന്റെ മുറി
ചുവരിൽ നിന്റെ ഛായാചിത്രം
ആരോ മടിയിലുറങ്ങുന്നുവെന്ന്
തോന്നിപ്പിക്കുമാറ്
ധ്യാനത്തിലെന്നപോലെ.
അക്ഷരങ്ങളുടെ മണം,
ചിതറിക്കിടക്കുന്ന വായന,
പാതിയിൽ നിർത്തി
മഷിയുണങ്ങിയ പേന.
പേരു പറഞ്ഞിരുന്നില്ല
രണ്ടാമതൊന്ന് ചോദിച്ചതുമില്ല.
ഓർക്കുകയാണ് നിന്നെ.
നോവിന്റെ കൺമഷി
ഇടയ്ക്കിടയ്ക്ക്
സാരിത്തുമ്പാൽ മായ്ച്ചുതന്നത്,
നിറമുള്ള കുപ്പിവളകളാൽ
ഒഴിഞ്ഞ കൈത്തണ്ട നിറച്ചത്,
ഇല്ലാത്ത മറുകൊന്ന്
കവിളിൽ കറുപ്പിച്ചത്,
പറക്കാനായൊരാകാശം
ഇരുവശവും തുന്നിത്തന്നത്,
നിശ്വാസംകൊണ്ടൊന്നായതും.
നീ പോയതിൽപ്പിന്നെ
ചമഞ്ഞുകിടന്നിട്ടില്ലെന്റെ മുറ്റം.
വേരറ്റുപോയവളുടെ
ഞരമ്പിൽ പൂത്തുനിൽക്കുന്നു
നിറയെ തൊട്ടാവാടികൾ
വിരൽത്തുമ്പിലെ ചോരയ്ക്ക്
ആദ്യമായ് കണ്ട നാൾ
നീയുടുത്തിരുന്ന ചേലയുടെ നിറം.
കിനാവിലാകെ കാട് വരച്ചവളേ,
ഒറ്റവാക്കില്ലെങ്കിലും
ആരും വായിക്കാനിടയില്ലെങ്കിലും
നിന്നെയെഴുതാതിരിക്കുന്നതെങ്ങനെ.!