2018 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

നിലാപ്പെൻസിൽ വര

ഒരു നാൾ
കാടിന്
മണം ചോർന്നപ്പോഴാണ്
നിലാവെന്നെ ചേർത്തുപിടിച്ച്
പൂവിതൾത്തുഞ്ചത്ത്
പച്ചകുത്തിയത്.

ഒരു തോരമഴയിലാണ്
കാട്ടാറ് കടഞ്ഞ്
ഞാനൊരു മലയും
അവിടെയൊരു പുരയും
വരച്ചത്.

ഒരു തുള്ളി മഞ്ഞിന്റെ
കവിൾ തൊട്ടെടുത്താണ്
ഞാനെന്റെ പുരയുടെ
നിലമാകെ
മെഴുകിയത്.

ഒരു നക്ഷത്രത്തിന്റെ
കണ്ണിൽനിന്നൊരു തിരി വെട്ടം
കടം വാങ്ങിയാണ്
ഞാനെന്റെ പുരയാകെ
മിനുക്കിയത്.

നിന്റെ പ്രണയത്തിൽ
രാപാർത്തപ്പോഴാണ്
എനിക്കൊരു കിനാക്കുഞ്ഞ്
പിറന്നത്,
അപ്പോഴാണ്
വേലിക്കലൊരു ചെമ്പരത്തി
ഉടലാകെ ചുവന്നതും.

_______________________________

2018 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

സിയാ...

വിരൽ
ചോദിച്ചതിന്
ഒട്ടുമേ
നൊമ്പരപ്പെട്ടില്ല 
മുറിച്ചുകൊടുക്കുക
എന്നതായിരുന്നു
ജന്മംകൊണ്ട്
ഞാനായതിന്റെ
പൊരുളും.

നിറഞ്ഞ്
കാടു പൂക്കുന്നത്
കണ്ടിട്ടാണ്
ഞാനക്ഷരങ്ങൾ
നട്ടുവെച്ചത്.

താരകളെ
കണ്ണെഴുതിച്ചാണ്
ഉറക്കമിളയ്ക്കാൻ
രാവിനെ
കൂട്ടിനിരുത്തിയത്.

പതിവായ്
പുഴ മുങ്ങി
നിവർന്നിട്ടാണ്
നിറയുന്ന കണ്ണിന്
പെയ്തൊഴുകാൻ  
ചാലൊരുക്കിയത്.

വിരൽ
ചോദിച്ചവർക്കല്ലാം'
മുറിച്ചു കൊടുത്ത്
അംഗഭംഗം വന്നൊരു
വാക്കാണ് ' ഞാൻ '.

2018 ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഏകമുദ്രാംഗിതം

മടക്കയാത്രയിലും
ഒരു നറു ചിരി
കൂടെയുണ്ടാവണമെന്ന്
നീയിന്നലെയും
പറഞ്ഞൊരോർമ്മ.

കൊണ്ടുപോകാൻ,
മായക്കാഴ്ചകൾ തന്ന
നിന്റെ വിരൽത്തുമ്പുകളും
നിന്നിലുണർന്നിരുന്ന
രാപകലുകളും മാത്രം.

തെളിയുന്നു,
നമ്മുടെ പുരയെന്നും 
കത്തിച്ചു പിടിച്ച  
ശരറാന്തൽ പോലെ
തേയ്ച്ചു മിനുക്കിയ
നിലവിളക്ക്.

നമ്മളിപ്പൊഴും
വിരൽകോർക്കാതെ
കണ്ണുകൾ ചിമ്മിനിന്ന്
വിണ്ണിനെയുറക്കാതിരിക്കുന്ന  
രണ്ട് നക്ഷത്രങ്ങൾ.

നാമൊരുമിച്ച്
വായിച്ച വസന്തം
വിതറിയിടുകയാണ്
തൂവെള്ളയുടെ  
വിതാനത്തിനു മീതെ
മണമുള്ള പൂക്കളുടെ
നനവുള്ള നിറങ്ങൾ.
 
കൂടൊരുക്കാൻ
കൂട്ടിനു വന്നവൾ 
തൊട്ടു പോയിരിക്കുന്നു
കുളിർ നെറ്റിയിൽ
കടും നിറമുള്ള പൊട്ട്.

അത്രയുമത്രയും
ചേർത്തുപിടിച്ചിരുന്നു
ഒരു തുള്ളിപോലും
ചോർന്നുപോകാതെ
വേഗതയേറിയ യാത്രയിലും
ഭൂമി കടലിനെയെന്നപോലെ.

ഒരിതൾ പൂവ്
നെറുകയിലിട്ട്
തിരികെ പോവുക
പുറത്തെ കൽപ്പടവിൽ
വരിയായ് കാത്തുനിൽപ്പുണ്ട്
വെളിച്ചപ്പെടേണ്ടവർ 
നീയവർക്കുയിരിടാൻ
വിരൽത്തുമ്പ് കൊടുക്കുക
ഇനിയെന്റെ പേർ 'ഓർമ്മ'.
______________________________

2018 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

എന്തൊരു ചേലാണ് നിനക്കെന്ന് പിന്നെയുംപിന്നെയും

ഇന്നും
ആദ്യക്ഷരമായ്
വിരൽത്തുമ്പ് മുത്തി
ഒരു നേർത്ത പകലിനെ
ഉയിരാഴംകൊണ്ട്
ഉണർത്തിയെടുത്ത്
ഞാനെന്റെ പുരയുടെ
അടുപ്പിൻതിട്ടയിൽ
കുളിർകായാനിരിക്കുന്നു.

ഉപ്പോളം
കഞ്ഞിമോന്തി
എരിവോളം
കുശുമ്പ് പറഞ്ഞ്
കണ്ണേ കടലേന്ന് വിളിച്ച്
വെയിൽ മൂക്കുമിടങ്ങളിൽ
മതിവരുവോളമുണക്കാനിട്ട്
ഞാനതിന് കൂട്ടിരുന്ന്
ബാക്കിവന്ന വരികൾ
കൊറിക്കാനെടുക്കുന്നു.

കൊതിമൂത്ത കാറ്റ്
ഒരുവരിയൊരുവരിയെന്ന്
വട്ടമിട്ട് പറന്നുപറന്ന് 
ഞാനില്ലിനിയെന്നു പുലമ്പി
ആഞ്ഞിലിക്കൊമ്പിലെ
തൂക്കണാംകുരുവിയുടെ
ചിറകിൽതൂങ്ങിക്കിടന്ന്
പടിഞ്ഞാറ്റേയ്ക്ക് പറക്കുന്നു.

രാത്രിക്ക് കൊടുക്കാൻ
നനവുള്ളതൊക്കെയുടലോടെ
പൊതിഞ്ഞെടുത്ത്
ഒരുനൂൽക്കെട്ടുകെട്ടി
ഒരുതുള്ളിയൂർന്നുപോകാതെ
നിലാവെടുത്തുപോകാതെ 
ഞാനെന്റെ പുരയുടെ വാരിയിൽ
തിരുകി വെയ്ക്കുന്നു.
_________________________________

2018 ഒക്‌ടോബർ 16, ചൊവ്വാഴ്ച

ഒന്നോളം വലുതായൊരൊന്ന്

വരയിൽ
തെളിയുന്നില്ല
വിടരാനൊരുഷസ്സ്
കവിതമൂളാനൊരുച്ച
നിറമാകാനൊരു സന്ധ്യ
കഥകേൾക്കാനൊരു രാവ്.

മുറിയുന്നു
കാഴ്ചകളുടെ വരമ്പ്
കരകവിയുന്നു
കടലിൻ ചുവപ്പ്.

വരച്ചിരുന്നു,
ഒരു മിന്നാമിനുങ്ങിന്റെ
ഇത്തിരി വെട്ടംകൊണ്ട്,
വര കൊണ്ടക്ഷരത്തിന്റെ
കവിൾ മുറിയാതെ.

പാട്ടുണർന്നൊരു
കിളിയാവുന്നതിന്റെ,
കുളിരൊരുകണം പുൽകി
മഞ്ഞാകുന്നതിന്റെ,
വാക്കുതിർന്നു വീണൊരു
കടലാവുന്നതിന്റെ,
പ്രണയം ചായുറങ്ങി
മഴയാകുന്നതിന്റെ,
വാക്കിൻ മൂർച്ചയിൽ
കണ്ണീരൊരു പുഴയായതിന്റെ.

ചിക്കിയുണക്കിയിട്ടും
തോരാതെ കത്തിപ്പടർന്ന
കിനാവു പോറ്റിയ ചിത്രങ്ങൾ.

ആകാശം നിനക്കെന്ന് 
കൊതിപ്പിച്ച കാറ്റേ,
ദിശയറിയാതുഴറുമൊരു പട്ടമായ്
ഞാനിതാ പൊലിയുന്നു മണ്ണിൽ.

2018 ഒക്‌ടോബർ 13, ശനിയാഴ്‌ച

ചില്ല്

നീ കടന്നുവന്നേക്കും,
വെയിലും നിഴലും
ഒന്നായ് വരച്ച വഴിയുടെ
രേഖാചിത്രത്തിലൂടെ.

താക്കോൽ,
ജനുവരിയിൽ പൂത്ത്
കൊഴിയാതെ
മഞ്ഞിച്ചുനിൽക്കുന്ന
കൊന്നയുടെ ചില്ലയിൽ
തൂക്കിയിട്ടിട്ടുണ്ട്.

ഇടത്തേ മൂലയിലെ 
കാട്ടുമരച്ചില്ലയിൽ 
നീ തൊടുന്നേരം
പറന്നു പൊങ്ങാനായ് 
പടർന്നു കയറി
നോമ്പുനോറ്റിരിപ്പുണ്ട്
കറുത്ത വിത്തുള്ള 
വെളുത്ത അപ്പൂപ്പന്താടി.

വലതു കോണിൽ
ചാരിവെച്ചിട്ടുണ്ട്
നമ്മൾ  
ആകാശമേടയിലേയ്ക്ക്
വിരുന്നുപോയ
ഗോവണി.

കൈകാൽമുഖം കഴുകി
പൂമൂഖം കടക്കണം.

തെളിഞ്ഞു കാണാം
നീ തൊടുമ്പോൾ മാത്രം
തുറക്കുന്ന വാതിൽ.

ഞാനവിടെ
ധ്യാനത്തിലായിരിക്കും 
നീയെന്നെഴുതിയെഴുതി
കനൽപെറ്റ വിരലിൽ
ചുംബിക്കുന്നുണ്ടാവും
വായിച്ച വരികളുടെ
ജപമാല.

അക്ഷരം പൂത്ത നാടിന്റെ
ഭൂപടം തിരഞ്ഞു തിരഞ്ഞ്
കടലാഴത്തിലാണ്ട്
നീലിച്ചു പോയതാണെന്റെ 
മഷിയെഴുതാത്ത കണ്ണുകൾ.

2018 ഒക്‌ടോബർ 7, ഞായറാഴ്‌ച

കനൽപ്പാടൽ

നക്ഷത്രങ്ങൾ
വാരിക്കൂട്ടിയിട്ട്
തീ കായുന്നു രാത്രി.

ഞാൻ ഞാനെന്നൂഴം
കാക്കുന്നു
പാടാൻ കൊതിച്ച്
രാക്കിളികൾ .

മഞ്ഞു വാരിപ്പുതച്ച്
ദിശയറിയാതെ
പായുന്നു കാറ്റ്.

നീയെന്ന വാക്ക്
ഞാനെന്നു വിഴുങ്ങി
മരണപ്പെട്ട വിശപ്പ്.

കടൽ മോന്തിക്കുടിച്ച്
തിരയടങ്ങാത്ത കണ്ണ്.

ഒന്ന്,രണ്ട്,മൂന്നെന്നുകേട്ട് 
മാമുണ്ടുറങ്ങിയ രാവിന്
കരിന്തിരി വരച്ച മറുക്!

മരണത്തിന്
ഭ്രമിപ്പിക്കുന്ന മണമാണ്.
പുതുമഴ നനയുന്ന
മണ്ണിന്റെ മണം..!
_____________________________

2018 ഒക്‌ടോബർ 3, ബുധനാഴ്‌ച

നിന്നിൽ കൊഴിഞ്ഞാണ് ഞാനൊരു പച്ചയായ് കിളിർക്കുക.

നീയാണ് മുറ്റത്തെ
ആദ്യം ചുവപ്പിച്ചതെന്ന്,
നീയാണ് കാറ്റിന്
മണം കൊടുത്തതെന്ന്,
നീയാണ് വിണ്ണിന്
മഴവില്ല് വരച്ചതെന്ന്
നീയാണ് നീയാണെന്റെ
കിനാവിന് വിരിവെച്ചതെന്ന്.

നീ കൊഴിഞ്ഞ മഴയിൽ
ഉരുൾപൊട്ടിയതാണിന്നലെ 
എന്റെ നെഞ്ചകം.

കണ്ണായ് തെളിഞ്ഞ്
ഉയിരായ് നിറഞ്ഞതിനെ
ഞാനൊരുറക്കം കൊണ്ട് 
മായ്ക്കുന്നതെങ്ങനെ..?

കൊഴിഞ്ഞത്
വകഞ്ഞു മാറ്റാൻ,
മറ്റൊരു വിരിയലിനോട് 
അത്രയും ചതുരതയോടെ
ആദ്യമായാദ്യമായെന്നുരുവിട്ട്
വാക്കാലൊരാകാശം 
തുന്നിക്കൊടുക്കാൻ,
ഞാനൊരു കവിയല്ലെൻ പ്രണയമേ.
____________________________________