2019, ജനുവരി 31, വ്യാഴാഴ്‌ച

കനലെ(വെ)ഴുത്ത്

കരുണയോടെയും
കരുതലോടെയുമാണ്
നീയെന്റെ മൗനത്തെ
തുടച്ചു മിനുക്കി
ഇരുട്ടിന്റെ നെറുകയിൽ
കത്തിച്ചുവെച്ചത്.

നിലാവിലുറങ്ങുന്ന
നക്ഷത്രങ്ങൾ 
കുടിച്ചു വറ്റിച്ച
നിശബ്ദതയെക്കുറിച്ച്
നീ വാതോരാതെ
പറഞ്ഞതു കേട്ടുകേട്ടാണ്
നിശ്ചലതയുടെ ചിത്രം
ഞാൻ വരച്ചുതീർത്തത്.

കേട്ടുപോകാനൊരു
കാറ്റുപോലുമില്ലെങ്കിലും
ഒരു നിഴൽകൊണ്ട്  
ചുവക്കാനാവുമെന്ന്
വഴി ചൂണ്ടിനിൽക്കുന്നൊരു
നിറം പൊഴിക്കുന്ന പൂവാക.

വിരുന്നിനെത്തുന്ന
പകലിന്റെ വിശപ്പിന്
തൂവാതെ വിളമ്പി 
നിറയെ'യെന്നൊരൂട്ടൽ.

പദമഴിഞ്ഞ 
വാക്കുകൊണ്ട്
വീശിത്തണുപ്പിച്ച്
മൗനമഴിച്ചെടുത്ത്
മുറുകെയൊരു കെട്ട്.

മുറ്റത്തു വിരിച്ചിട്ട 
മുറിവിനു കൂട്ടിരുന്ന്
പാകമായ വിരലുകളെ
ചിക്കിയൊതുക്കിയെടുത്ത്
പുരയുടെ മൂലയിൽ
തീയ് കൂട്ടി
കനലുദിക്കുവോളം
കാത്തിരിപ്പ്.

നാളെയെന്നൊരു
നേരിന്റെ  
തുഞ്ചത്തൂഞ്ഞാലകെട്ടി
പറന്നുപോകുന്ന കിളികളെ
കൈകൊട്ടി വിളിച്ച്
പാട്ടൊന്നുകേട്ട് 
ചാഞ്ഞൊന്നുറങ്ങണം.
_______________________________

2019, ജനുവരി 12, ശനിയാഴ്‌ച

തു(തി)രുത്ത്

വേരുകൾ
തേടിയിറങ്ങിയാണ്
നിങ്ങൾ 
മണ്ണടരുകളിൽ
വീണ്ടുമൊന്നായത്.

കൈകാലരിഞ്ഞ്
ഉടലരിഞ്ഞ്
ഉയിരരിഞ്ഞ്
നിശബ്ദരാക്കപ്പെട്ടവർ.
 
മണ്ണിടങ്ങളെല്ലാം
ചുട്ടെരിച്ച്
അകം പൊള്ളിക്കുന്നത്,
കണ്ടു കണ്ട്
കണ്ണീർ വറ്റിയിട്ടും
തോരാതെ കരഞ്ഞവർ.

കൊടിപാറുന്ന
തെരുവുകളിൽ 
വാഴ്ത്തപ്പെടുന്നവരുടെ
പ്രകമ്പനം കൊണ്ട് 
തലയടർന്നിട്ടും  
ചെവിയരിയപ്പെട്ടവർ.

തീതുപ്പുന്ന
വരികൾക്ക്
നനയാവാനാകാതെ
ഉരുകിയൊലിച്ച്
ഉള്ളിലേയ്ക്കുതന്നെ
ഒഴുകിപ്പോയവർ.

പൂട്ടിക്കിടക്കുന്ന
മുറിക്കുള്ളിൽ
വിശക്കുന്നെന്ന്
ഞാൻ പെറ്റുപേക്ഷിച്ച
വരികൾ.

ഞാൻ,

ഒരിതൾകൊണ്ടൊരു
വസന്തം ചുരത്തിയ
മുലകളരിയപ്പെട്ട ദേശം.
________________________

2019, ജനുവരി 11, വെള്ളിയാഴ്‌ച

പ്രയാണം

കണ്ടുനിൽക്കെ
ഉയർന്നുയർന്ന്
മറഞ്ഞുപോകുന്ന
പട്ടം നോക്കി
നിലച്ചുപോകുന്നൊരു
ശ്വാസം പോലെ.

തണൽവിരിയാത്ത
ചില്ലകൾക്കു താഴെ
തിങ്ങിനിന്നിരുന്ന
ഇലകളുടെ
കൊഴിഞ്ഞുപോയ
കാലമോർത്തെടുത്ത്
ഒരു വിലാപം
കുടഞ്ഞിടുകയാണ്
ഇന്നലെയുടെ
പരിച്ഛേദം കണക്കെ.

തുളയെടുത്ത
ആകാശം
നോക്കിനിന്ന്
എഴുതപ്പെടേണ്ട
പുസ്തകത്തിൽ
ഞെട്ടറ്റുപോയവളുടെ
ഭാഷ തിരയുകയാണ്
ഇന്നലെയുടെ തീയിൽ
ഉരുകിയൊലിച്ചവ.

കിട്ടാനിടയില്ലാത്ത
അവശിഷ്ടങ്ങൾ
മണ്ണിലും വേരിലും
പരതിത്തളർന്ന്
മേഘങ്ങളിലേയ്ക്ക്
കയറിപ്പോകാൻ
മഴവില്ലുകൊണ്ടൊരു
വഴി വെട്ടുന്നു 
പൊള്ളിയ വിരലുകൾ.

കടലെടുത്ത
ചുവരിലായിരുന്നു
ഞാൻ നട്ടുവെച്ച
വരികൾ,
ഒരു കൊടുങ്കാറ്റായോ
ഒരു പെരുമഴയായോ
നാളേയ്ക്ക്
മുളപ്പിച്ചെടുക്കാൻ
ആവാത്ത വിധം
വേരറ്റ് മാഞ്ഞുപോയത്.

______________________________