2019, മേയ് 2, വ്യാഴാഴ്‌ച

തിരയടക്കം

വാതിലടച്ച്
താഴിട്ടു പൂട്ടി.

കിളിയൊച്ചയുടഞ്ഞ
മുറ്റത്തെയൊന്നാകെ
പെറുക്കിയടുക്കിവെച്ചു.

വിവസ്ത്രരാക്കപ്പെട്ട
വാക്കുകളെ
മേൽ കഴുകിച്ച്
ഉടുതുണി കൊടുത്തു.

ദേഹമാസകലം 
നനഞ്ഞൊട്ടിയ പുഴയെ
കടവിലൊരിടത്തായ് 
അഴിച്ചു വെച്ചു.

പതിയെ,
ഞാനെന്നിൽനിന്നിറങ്ങി
തിരക്കറിയാത്ത 
ഇടവഴിയിലേയ്ക്ക്.

ഒറ്റക്കാൽപ്പുരയുടെ
കൽഭിത്തിക്കുള്ളിൽനിന്ന്
പുറപ്പെട്ടു വരുന്നുണ്ട്
നീ'യെന്ന മന്ത്രാക്ഷരി.

വീശിയടിച്ച്
ചുരമിറങ്ങിവരുന്ന കാറ്റ്, 
ചേർന്നുനടക്കുമ്പോൾ 
എനിക്കൊരു തൂവലിന്റെ
കനം മാത്രം.

വഴിനീളെ നടന്ന്
കനൽ വിരിക്കുന്നു,
പോക്കുവെയിലിന്റെ
വിരലുകൾ.

വഴിതെറ്റാതിരിക്കാൻ
ചേല കുടഞ്ഞിടുന്നു
കവിൾ ചുവന്ന മേഘങ്ങൾ.

ആകാശത്തിന്
തിരികെ കൊടുക്കണം
കടമായ് തന്ന ചിറക്.

മുടി വാരിക്കെട്ടി
റവുക്കയുടെ കെട്ടഴിച്ചിട്ട്
നിലാവിളക്കിന്റെ
തിരിതാഴ്ത്തിവെച്ച്
രാത്രിയിപ്പോൾ
ചരിഞ്ഞുകിടന്നുറങ്ങാൻ
തുടങ്ങുകയാവും.

നീയിപ്പോൾ
കാട്ടുപൂക്കൾക്ക്
നിറംകൊടുക്കാൻ
മഞ്ഞളരയ്ക്കുകയും.

ചിറകിനു തുന്നാൻ
ഉടലറുത്തുകൊടുത്ത്
നീ പാർത്തൊരുയിരുമായ്
തിരിച്ചുപോകുകയാണ്.

ഞാനിനി മേൽ
ഓർമ്മയിൽനിന്നും
പുറത്താക്കപ്പെട്ടവൾ.
________________________________