2019, മേയ് 24, വെള്ളിയാഴ്‌ച

തിരമുറിച്ചെഴുതുന്നതെന്തെന്നാൽ

ഒരു വിങ്ങൽ
ഹൃദയഭിത്തി തുളച്ച്
ഉള്ളിലൊരു കൂടു പണിയാൻ
തുടങ്ങുമ്പോഴൊക്കെ
പാലം കടന്ന്
ചിരപരിചിതമായൊരിടവഴിയിലൂടെ
എന്നിലേയ്ക്കെത്താറുണ്ട്
ഒരു ചൂട്ടുവെളിച്ചം.

അന്നേരം കേൾക്കാം
തൊഴുത്തിലൊരു
നേർത്ത മുരടനക്കം
കൂട്ടിലൊരു ചിറകടിയൊച്ച
ഇളകിയാടി നിൽക്കുന്ന 
കപ്പിയുടെ കരച്ചിൽ.

ഒക്കെയുമൊന്നു കണ്ണോടിച്ച്
കുടഞ്ഞു വിരിക്കുന്ന
ചാരുകസേരയിലിരുന്ന്
'നീ പറയാതെതന്നെ കേട്ടെന്ന 
മുഖവുരയോടെ
ഒച്ചയില്ലാത്തൊരു ചിരി.

നീട്ടുംമുമ്പേ പിടിച്ചുവാങ്ങി
മുട്ടായിപ്പൊതി തുറന്നുവെച്ച്
ബാക്കിനിൽക്കുന്ന
ചെറുതും വലുതുമായ
പുഴുവെടുക്കാത്ത പല്ലുകൾ
നന്നായി തുറന്നു കാട്ടി
ഉറക്കെച്ചിരിക്കുന്ന ഞാൻ.

മെടഞ്ഞുതരുന്ന
ഓലക്കാൽ പമ്പരവുംകൊണ്ട് 
മുറ്റത്തു കയറിനിൽക്കുന്ന
മടിയൻകാറ്റിനെ വെല്ലുവിളിച്ച്
നിലാവിന്റെ വിരലും പിടിച്ച്
ശ്വാസമെന്നെ തോൽപ്പിക്കുംവരെ
അങ്ങോട്ടിങ്ങോട്ടോട്ടം.

കണ്ണട ശരിയാക്കിവെച്ച്  
തെറ്റിച്ചെഴുതിയ വാക്കിന്
ഒരു ചുവന്ന വട്ടം.
അതിനടയാളമിടുന്ന   
ചെവിയിലെ കിഴുക്കിന്റെ
വല്ലാത്ത പുകച്ചിലിൽ
സാരമില്ലെന്നൊരു സാന്ത്വനം.

നിഴൽപറ്റി നടന്ന്,
വെളിച്ചമുറങ്ങിയിട്ടില്ലാത്ത 
കവലകളിലെ
കടത്തിണ്ണയിലുറങ്ങുന്ന
നിശ്വാസങ്ങളിൽ നിന്ന്
കുടിച്ചുവറ്റിച്ച വെയിലിന്റെ
കനലുള്ള വരികൾ
ഒന്നൊന്നായ് കേട്ടെഴുത്ത്.

ഒടുവിൽ
മുടിപ്പിന്നലിലൊരു നക്ഷത്രം
തിരുകിത്തന്ന്
ഒതുക്കുകല്ലിറങ്ങിനിൽക്കുന്ന 
ചൂട്ടുകറ്റയുടെ കാളൽ.

വെളിച്ചമസ്തമിക്കെ,
തിര ചാടി മറിയുന്ന 
കടലിന്റെ മടിയിലേയ്ക്ക്
വിരലുണ്ടുറങ്ങാൻ
ഊളിയിട്ടിറങ്ങിപ്പോകുന്നു
ഞാനെന്ന രാവിന്റെ കുട്ടി.
_________________________________