2019, ജൂൺ 15, ശനിയാഴ്‌ച

നിഴൽച്ചിത്രങ്ങൾ

തുന്നൽക്കാരി സൗദേച്ചി
പുറംപണിക്കാരൻ വാസുവേട്ടനൊപ്പം
ഒളിച്ചോടിപ്പോയ ശേഷം
ബ്ളൗസിനളവെടുക്കാൻ
അമ്മ ആരെയും വീട്ടിൽ വരുത്തിയില്ല.

ചൂട്ടുകത്തിച്ചുപിടിച്ച്
കാരണവന്മാർ പലദിക്കിലേയ്ക്കും
പോയിവന്ന നാൾക്കു ശേഷമാണ്
അയലത്തെ പെണ്ണുങ്ങൾ
സന്ധ്യാനേരത്ത് പതിവായി
കൂട്ടംകൂടിനിന്ന് കുശുകുശുക്കൽ
ശീലമാക്കിയത്.

ഉടലറിഞ്ഞും ഉള്ളറിഞ്ഞും
തുന്നിക്കിട്ടിയവയിൽ
കുറ്റമാരോപിക്കാനില്ലാതെ
നിരാശപ്പെട്ട ദിവസങ്ങളെ
ഓർത്തെടുത്തയവിറക്കിയാണ്
അവരോരോരുത്തരും
പിരിഞ്ഞുപോയിരുന്നത്.

മണ്ണുകോരിയ
വലിയ കയാലയ്ക്കപ്പുറംനിന്ന്
ദിവാകരേട്ടൻ ഉറക്കെ ചോദിക്കും
ടീച്ചറേ,തുന്നാനൊന്നുമിരുപ്പില്ലേ
അടുക്കളയിൽ നിന്ന്
ഉത്തരമിറങ്ങിച്ചെല്ലുമ്പോഴേയ്ക്കും
ചോദ്യം ഇടവഴികടന്ന് പാടത്തിറങ്ങിയിരിക്കും.

വേനലും വർഷവും
ഊഴമിട്ട് കടന്നുപോകെ
ഒരു ത്രിസന്ധ്യനേരത്താണ്
സൗദേച്ചി ഒക്കത്തൊരു കുട്ടിയും
നിറവയറുമായി ഒറ്റയ്ക്ക് വന്നത്.

അമ്മ,നിറയെ ഊട്ടിയതും
ക്ഷീണിച്ച കൈത്തലം പിടിച്ച്
ഇതിരിക്കട്ടെയെന്നു തലോടി
അച്ഛനറിയാത്ത സമ്പാദ്യം
കൊടുത്തുവിട്ടതും ഓർമ്മ.

വീടുകടത്തിയ ശേഷം
ഞാനാ ഓർമ്മയിലൊട്ടുനേരം
ഇരുന്നതേയില്ല.

അമ്മ,മുറ്റമറിയാതെ
വീണുപോയ നാളുകളിലാണ്
അളവുകൾ കൂട്ടിയും കുറച്ചും
ആരൊക്കൊയോ തുന്നിയ
പിൻമുറക്കാരെയും 
വെയിലിൽ തൂങ്ങിയാടുന്ന
അവരുടെ ഹുക്കുകളും
നോക്കി നിന്നുപോയത്.

വലിയ കുപ്പായത്തിനുള്ളിലെ
ചെറിയ കുട്ടിയായി അമ്മയും
തുന്നൽ വിട്ടൊരു കുപ്പായമായി
സൗദേച്ചിയും
അളവുകളില്ലാത്ത ലോകത്ത്
ഇന്നും അയൽക്കാരായി
മിണ്ടിയും പറഞ്ഞുമിരിക്കുകയാവും.
____________________________________