പുര നിറയെ
വിശക്കുന്ന ഉണ്ണികൾ
അരികിൽ
കടംകൊണ്ട വറ്റുമായ്
മുല ചുരത്താത്ത കവിത
മടിയിൽ നിന്ന്
ഇരുട്ടിലേയ്ക്കിറങ്ങിപ്പോകുന്നു
ചുടുചോര വലിച്ചുകുടിച്ച്
വറ്റിവരണ്ട വരികൾ.
2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച
വര(രി)യിൽ
മുറ്റമടിച്ചു കഴിഞ്ഞ്
നിവർന്നു നിന്ന്
മുഖത്തും പിൻകഴുത്തിലും
പൊടിഞ്ഞുനിൽക്കുന്ന
വിയർപ്പുതുള്ളികൾ
കാറ്റിനുമാത്രമാണ്
അവകാശപ്പെട്ടതെന്ന്
സാരിത്തുമ്പിനെ വിലക്കി,
പുഴയോളം തണുപ്പുകൊണ്ട്
ഉയിരാകെ പുതച്ച്,
ആകാശത്തോളം വലിപ്പമുള്ള
കാൻവാസിൽ
തെളിഞ്ഞുകിടക്കുന്ന ചിത്രം
ഒരുവട്ടം കൂടി നോക്കി,
അതിനു ചുവടെ
ഒരിടത്തും പതിയാതെപോയ
പേരെഴുതി വെച്ച്
ചിത്രലേഖയെന്നു വായിച്ച്,
ചായക്കൂട്ടൊരുക്കാൻ
ഒരു കുടം വെള്ളവുമെടുത്ത്
ഞാനെന്റെ പുരയുടെ
മുൻവാതിൽ തുറക്കുന്നു.
2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച
ഓരോ ശ്വാസകണത്തിലും
വരച്ചുകഴിഞ്ഞ
ഇമ്മിണി മുറ്റത്തെ
തലകീഴായ് പിടിച്ച്
ഒരീർക്കിൽ
പറിച്ചെടുത്ത്
'ഭൂമിയോളമെന്ന്
തലക്കെട്ടെഴുതിവെച്ച്
നീയൊരു
വിയർപ്പുതുള്ളിയെ
പിൻകഴുത്താകെ
പരത്തി
ചുണ്ടു കുടഞ്ഞിടുന്നു
എന്നുമെന്നപോലെ.
ഒരു കിളിവേഗത്തെ
പൊൻതൂവലായ്
നുള്ളിയെടുത്ത്
കൈക്കുമ്പിളിൽ വെച്ച്
കൂട്ടിനു ഞാനുണ്ടെന്ന്
വിരൽ ഞൊടിച്ച്,
മൂവന്തിക്കു പൊട്ടിന്
ഇലച്ചാറു കൂട്ടാൻ
പടിഞ്ഞാറേ മുറ്റത്ത്
കാടൊരുക്കാൻ
നീ കൂടെവേണമെന്ന്
കവിൾ തൊട്ടെടുക്കുന്നു
എന്നുമെന്നപോലെ.
താരകപ്പൂവിറുത്ത്
തുഞ്ചത്തു തിരുകിവെച്ച്
മുടിപ്പിന്നൽ നോക്കി
കാണാത്ത ചന്തമെന്ന്
നുണ കുടഞ്ഞിട്ട്
ചിക്കിയൊതുക്കി,
അടുക്കള
കാക്കുന്നൊരീ
പാതിരാ നേരത്തും
'ഒളിച്ചേ കണ്ടേന്ന്
സാരിത്തുമ്പു വലിച്ച്
'നീ മാത്ര'മെന്നൊരുമ്മയിൽ
കണ്ണു തിരുമ്മിയടയ്ക്കുന്നു
എന്നുമെന്നപോലെ.
രാവിനു പുതപ്പു കൊടുത്ത്
നിലാവിനു താരാട്ടു പാടി
കാറ്റിനണയ്ക്കാൻ
ഞാനൊരു വിളക്കു കൊടുക്കട്ടെ .
2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച
മണ്ണിനു മീതെ
ആ കുപ്പിവളപ്പകുതി
ഇട്ടേച്ചു പോകണം,
മുറുക്കിപ്പിടിച്ചിട്ടുണ്ട്
മറുപകുതി.
മിഴിപ്പൂക്കൾ
നെഞ്ചിനു മീതെ
ചൊരിഞ്ഞു പോകണം
എഴുതപ്പെടുന്ന വരിയിലെ
ഒരു വാക്കായ്
നമുക്ക് വിടരേണ്ടതുണ്ട്.
--------------------------------
കടവഴിച്ച്
തുഴയിൽ വെച്ച്
തിര മുറിച്ച്
തലയിൽ കെട്ടി
നിഴൽക്കറ്റയഴിച്ചിട്ട്
പടവാകെ വിതിർത്തിട്ട്
പുഴ മെതിച്ചു കടന്നുപോയ്
കനൽക്കാറ്റിൻ മഴത്തോണി.
_____________________________
കടവഴിച്ച്
തുഴയിൽ വെച്ച്
തിര മുറിച്ച്
തലയിൽ കെട്ടി
നിഴൽക്കറ്റയഴിച്ചിട്ട്
പടവാകെ വിതിർത്തിട്ട്
പുഴ മെതിച്ചു കടന്നുപോയ്
കനൽക്കാറ്റിൻ മഴത്തോണി.
____________________________