2019, ഡിസംബർ 28, ശനിയാഴ്‌ച

കൊളുത്തിപ്പടർത്തീല 
വാക്കുകൾ,
അടഞ്ഞൊരൊച്ചയെ
തുറന്നു വിട്ടീല വഴികളിൽ,
കൊത്തിപ്പെറുക്കിയോരോ 
മണികളും.
എന്റെ മണ്ണേ,
എന്റെ മണ്ണേന്നടക്കിപ്പിടിച്ച്,
ഞാനെന്നോടു
പറയുന്നതൊക്കെയൊരു 
പ്രാർത്ഥനയാകും വിധ- 
മെത്രയും പവിത്രമായ്.

2019, ഡിസംബർ 26, വ്യാഴാഴ്‌ച

കേട്ടു കേട്ട്
കറുത്തുപോയ് 
ഇത്തിരിപ്പോന്ന 
ചുവര്.
(നീയും)
ഒരു കടുകുപൊട്ടൽ,
തിളയാകും വരെ 
ഒരിടവേള.  
  
ആകാശവും 
കോരിയെടുത്ത്     
തിടുക്കപ്പെട്ടെത്തും      
കാറ്റിന്റെ കിതപ്പ്.
ആളിയാളി   
വിയർത്തൊലിച്ച്  
ഊർന്നു വീണലിയും    
വറ്റാത്ത മണങ്ങൾ.

മഴവില്ലു താളിച്ച 
ഉപ്പേരി വിളമ്പിയൊന്ന്  
നിവരുന്നേരം   
ഞാനൊന്നുമേ
അറിഞ്ഞതല്ലെന്ന്   
നിറം മോന്തി വെളുക്കും
അടുക്കളത്തിട്ടയിലിരുന്ന്,
ഒളികണ്ണിട്ടു നോക്കി  
ഒരു കിണ്ണം കിനാവെളിച്ചം.



ഒരു പൂമ്പാറ്റയുടെ 
ചിറകു മുറിച്ചെടുത്ത് 
ഒരു ചാവേറിനുടുപ്പു- 
തുന്നാനാവില്ലെന്നാരു 
പറഞ്ഞു.
കുഴിച്ചിട്ടിടത്തുനിന്നിളകി 
വരുന്നുണ്ട്,
ചോരയൊലിക്കുന്ന
കറുത്ത അക്കങ്ങളുടെ 
കണ്ണാടിമുറിയും 
കാഴ്ചയ്ക്കു വെച്ചിരിക്കുന്ന,
എന്റെ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും.

2019, ഡിസംബർ 24, ചൊവ്വാഴ്ച

ഓരോ ഋതുവും
ഓരോ മണമായെന്നിൽ 
വിരിഞ്ഞു നിൽക്കും.
വിരൽത്തുമ്പിലിറ്റുന്ന 
വാക്കിന്റെ തണുപ്പായ് 
നീയെന്നിൽ പൊഴിഞ്ഞ്, 
മണ്ണിന്റെ ചുവപ്പായ് 
നമുക്കലിഞ്ഞു ചേരണം.
പച്ച ഞരമ്പിലൂടെ 
എന്നോ മാഞ്ഞ പുഴയുടെ
നിലയ്ക്കാത്ത സംഗീതമായ്, 
മൃതിയടഞ്ഞ വേരിന്നറ്റത്തെ 
തുടിക്കുന്ന സത്തയിൽ
ഉന്മാദിയായൊരു കവിതയായ്
മുളപൊട്ടിയൊഴുകണം.


2019, ഡിസംബർ 18, ബുധനാഴ്‌ച

മാപ്പെന്നെഴുതി
ഒപ്പിട്ടിട്ടുണ്ട്.
ജനിച്ചുപോയതിന്,
നീയാണെന്റെ രാജ്യമെന്ന്
ഓരോ ശ്വാസത്തിലും
പച്ചയെന്നു മിടിച്ചതിന്,
അഴുകിയൊരു ജഡമായ്   
അറ്റം കാണാതെ
വേച്ചു വേച്ച് നടന്നതിന്.

തുരുമ്പിച്ച പകലിന്റെ
വായ്ത്തലയിൽ നിന്നോ
തുളവീണ രാത്രിയുടെ
അടിത്തട്ടിൽ നിന്നോ
നീയെന്നെ കണ്ടെടുത്തേക്കും.
ജനിച്ച മണ്ണിൽത്തന്നെ
കുഴി കുത്തി മൂടുക.
മുളച്ചു വന്നേക്കും
ചൂണ്ടുവിരലിന്നറ്റത്തെ
ജ്വലിക്കുന്നൊരു വാക്കായ്.



2019, ഡിസംബർ 17, ചൊവ്വാഴ്ച

ഉടലുപേക്ഷിച്ച
കുപ്പായത്തിന്റെ
ഇടം നെഞ്ചിൽ
പറ്റിപ്പിടിച്ചിരുന്ന്
പച്ച വിട്ടു പോയ
നൂലോർമ്മയെ
കോർത്തെടുത്ത്
ചുവക്കുന്നു
തുന്നൽ മറന്ന പൂവ്.
മഞ്ഞെന്നൊതുക്കി
മഴയെന്നു ചിക്കി
മുറ്റമുണക്കുന്നു
കരിയിലക്കുരുവികൾ.
വേനൽ കുടിക്കാൻ
അടുപ്പെന്നു കൂട്ടി
പായ ചുരുട്ടുന്നു
കൂട്ടിലെ കുറുകൽ.

2019, ഡിസംബർ 10, ചൊവ്വാഴ്ച


അങ്ങോട്ടിങ്ങോട്ടെന്ന് 
തൊട്ടു വിളിച്ച്,
മുറ്റത്ത് 
പൊടിപറത്തിക്കളിക്കുന്ന  
നക്ഷത്രങ്ങൾ.
പാകത്തിനൊരുടുപ്പ്
തുന്നാൻ  
ഇമ്മിണിവെട്ടം നീട്ടി വെച്ച്      
നഖം കടിച്ചിരിക്കുന്ന 
ഭൂമി.
പറന്നു പറന്നു പറന്ന്,
ഉറങ്ങാതിരിക്കാൻ   
ഉടലാകെ കണ്ണു വരയ്ക്കുന്ന
കടൽ.
ഒഴുകിത്തുളുമ്പുന്ന കാറ്റിന്റെ  
വിരൽത്തുമ്പു തട്ടി
ഉണർന്നെണീറ്റ്,
ഓലക്കാൽ പമ്പരത്തിന്നറ്റത്ത് 
കറങ്ങിത്തുടങ്ങുന്നു 
സൂര്യൻ.!


ആളൊഴിഞ്ഞ വീടിന്റെ 
വരാന്തയിൽക്കയറി
ചുരുണ്ടുകൂടിക്കിടക്കുന്ന
വെയിൽ.
ഒരു മുരടനക്കം കൊണ്ട് 
പാളിനോക്കുന്ന കാറ്റ്.
നിലംപറ്റിക്കിടക്കുന്ന
മഞ്ഞിച്ച ആകാശങ്ങൾ. 
വിരൽത്തുമ്പുകൊണ്ടൊന്ന്
തൊട്ടടുക്കാൻ പോലുമാ
വാത്ത വിധം
മാഞ്ഞു പോയിരിക്കുന്നു
വീടിന്റെ നിഴൽ.

2019, ഡിസംബർ 6, വെള്ളിയാഴ്‌ച

വെയിലിനോട്
വഴി ചോദിച്ച് 
പടികടന്നെത്തിയ 
കവിത.
ഇല തൊട്ടു കൂട്ടി
നിറവെന്നൊരു  
രസക്കൂട്ടിന്റെ വരി. 
കാടായ് 
തണലായ് 
മുളക്കുന്നൊരോർമ്മയെ  
നട്ടു നനച്ച് 
നിഴലും നോക്കി  
പതിഞ്ഞിരിക്കുന്നു 
പച്ചയായൊരൊതുക്കുകല്ല്.

2019, ഡിസംബർ 3, ചൊവ്വാഴ്ച

ഒന്നു മുതൽ ഒന്നു വരെ

നേരം
വെളുത്തിട്ടില്ല.
കരയെന്നു തോന്നിക്കുന്ന 
വിജനമായൊരു ദേശം.
ചിത്രത്തിലേതുപോലെ 
അതേ ചുവര്,
അതേ മേൽക്കൂര,
അതേ വീട്.

അയയിൽ 
തൂക്കിയിട്ടിരിക്കുന്ന 
പാട്ടുകളുടെ 
മേലങ്കികൾ,
നിലാവ് പിഴിഞ്ഞിട്ട
തോർത്തുമുണ്ട്,
മഴയുടെ 
കുടുക്കില്ലാക്കുപ്പായം,
കാറ്റിന്റെ 
നനവിറ്റുവീഴുന്ന തൊപ്പി, 
എഴുതാക്കവിതയുടെ 
കസവു ദാവണി, 
ഞൊറിയിട്ട കിനാക്കളുടെ 
കിന്നരികൾ.

രാവിനെ 
തട്ടിക്കുടഞ്ഞിട്ട്
നക്ഷത്രങ്ങൾ പെറുക്കി
വള്ളികളിൽ തൂക്കിയിട്ട് 
വേലിപ്പടർപ്പിലിരുന്ന്  
ഇതെന്റെ രാജ്യമെന്ന്  
ആകാശത്തിന് 
കുറിമാനമെഴുതുന്നു 
പേരില്ലാത്തൊരു കുരുവി.