2020, മാർച്ച് 30, തിങ്കളാഴ്‌ച

പലായനത്തി-
നൊരുങ്ങേണ്ടതുണ്ട്.
ഒട്ടുമേയൊരുങ്ങാതെ,
ഒന്നുമെടുക്കാതെ,
വിരൽ പിടിക്കുന്നു മേഘം.
അവളും
മഴ തീണ്ടി മരിച്ചതാത്രേ.

തിര തെറുത്ത്
കൊളുത്തി-
വെയ്ക്കുമൊരു
കടൽ,
നനഞ്ഞൊരോർമ്മ.
വിരലൊന്നായ്  
ചേർത്തുപിടിച്ചണയാതെ 
തൂക്കിയിടും   
രാവിന്റെ ചില്ലയിൽ,
മുറിഞ്ഞ വാക്കിന്റെ
ആഴം.

2020, മാർച്ച് 28, ശനിയാഴ്‌ച

ജനി/മൃതി

നോവു പാടത്തിന്റെ
നടുവരമ്പിലിരുന്നാണ്
ഞാനെന്നും
നമ്മളെ വായിക്കാറ്.

പാട്ടു നിർത്തും കിളികൾ.
വരി മുറിക്കും ഉറുമ്പുകൾ.

തെളിഞ്ഞു കാണാം 
ചിറകിന്നറ്റത്ത് 
മരിച്ച വിരലറ്റങ്ങളുടെ 
ചുവന്ന പൊട്ടുകൾ.
വെളുത്ത മേഘത്തിലാണ്
നനഞ്ഞ ഉടലെന്ന്
പാഞ്ഞു പോകുന്ന കാറ്റ്.

പെറുക്കിയെടുക്കും 
നമ്മൾ കോർത്തെടുത്ത  
വാക്കിന്റെ മണികൾ. 
ഉയിരിന്നാഴത്ത് 
ഊർന്നു വീഴാതെ,
മായാതെ പച്ചകുത്താൻ.

കടവിന്നും 
കാത്തു വെച്ചിട്ടുണ്ട് 
ഇരുളാതൊരിലപ്പച്ചയിൽ,
നമ്മളാദ്യമായ് ചുംബിച്ച വെയിൽ.



2020, മാർച്ച് 23, തിങ്കളാഴ്‌ച

തിരിഞ്ഞു നിന്ന്
പിറകിലേയ്ക്കിടുന്ന
മൺകുടത്തിനുള്ളിലെ,
ഉയിരറ്റുപോയ
പ്രണയനേരങ്ങളെ
കൊറോണക്കാലമെന്ന്
അടക്കിപ്പിടിച്ചോടുന്ന  
തിരകൾ.

വെറുമൊരുടലിന് 
ഒറ്റയ്ക്കിരിക്കാൻ  
എന്തിനു വെറുതെ  
തടവറയെന്ന് 
പാടിപ്പറന്നുപോകുന്ന
കിളികൾ.

ഞാൻ,
വിരലുപേക്ഷിച്ചുപോയൊരു 
വാക്ക്.


വരണ്ട മുറ്റത്തു നിന്നും
കൊഴിഞ്ഞുപോയിരിക്കുന്നു 
നിഴലുകൾ.
ഒരുചില്ല നിറം പോലും
ബാക്കിവെയ്ക്കാതെ.
പുറപ്പെട്ടു പോയിരിക്കുന്നു
അച്ഛൻ നട്ടു പിടിപ്പിച്ച
വരിക്കപ്ലാവ്.
ഒരുതുള്ളി മണം പോലും
ഒഴിച്ചുവെയ്ക്കാതെ.
ഒരയവിറക്കംകൊണ്ട്
തൊഴുത്തോ
ഒരു തൂവലനക്കംകൊണ്ട്
തൊടിയോ
ഇങ്ങോട്ടു നോക്കെന്നെയെന്ന് 
തൊട്ടു വിളിക്കുന്നുമില്ല.
തുറന്നു കിടപ്പുണ്ട്
മുൻ വാതിൽ,
ഭാരം താങ്ങിച്ചരിഞ്ഞ്.
കൊണ്ടുപോകാൻ മറന്നതാവും,
ചുവരിൽ
ക്ലോക്കിരുന്നിടത്തെ 
വെളുത്ത പാട്.

എവിടേയ്ക്കായിരിക്കും
ഇവരെയൊക്കെ
മാറ്റിപ്പാർപ്പിച്ചിരിക്കുക.




2020, മാർച്ച് 9, തിങ്കളാഴ്‌ച

ആകാശം
കുടഞ്ഞിട്ടു തന്നു   
കടല് വരയ്ക്കാ-
നൊരു  
തൂവൽ നീല.
തിര തീണ്ടി 
മരണപ്പെട്ട കിളിയെ
അടക്കം ചെയ്യാൻ
വാക്കിനുള്ളിൽ 
കാട് തിരയുകയാ-
ണൊരു   
വിരൽ പച്ച.

2020, മാർച്ച് 5, വ്യാഴാഴ്‌ച

ഉണക്കാനിട്ട മഴയും
ആറാനിട്ട  വെയിലും.
കാറ്റിന്റെ 
കരയിലൊരിടത്ത് 
നിലാവിന്റെ ചില്ലയിൽ 
തോരാനിട്ടിരിക്കുന്ന
മുറിവുകൾ തുന്നിയ
കുപ്പായം.
പെയ്ത്തിന്റെ
നോവിളക്കത്തിൽ     
കടലിന്റെ മാറിൽ 
തെളിഞ്ഞു വരുന്നുണ്ട്,   
നീല വാർന്നു മരിച്ച മീനിന്റെ
 ചുവന്ന കണ്ണുകൾ.

2020, മാർച്ച് 3, ചൊവ്വാഴ്ച

കേൾക്കില്ല,
വായിക്കപ്പെടില്ലെന്ന
പെരും നോവിനെ    
മടിയിൽകിടത്തിയുറക്കി    
മരവിച്ചിരിക്കെ 
ഇടനെഞ്ചിലൊരു 
പുഴ കുത്തുന്ന 
വണ്ടേ,
രഥവേഗം
മുറിയുന്ന വഴികളിൽ
വിരൽ നീട്ടുമെന്ന് 
വീണ്ടും വീണ്ടും
പാടിയുമെഴുതിയും
തുളുമ്പിപ്പോകുന്നു
വരിയിലേതോ 
വാക്കിന്റെ തുള്ളി.
അഴിച്ചു വെച്ചിരുന്നില്ല
ഞാനെന്റെ 
കാതില.
ഹാ !
കിനിഞ്ഞു വീഴുന്നൊരു-
തുള്ളി 
മഞ്ഞിലൊരു
കുഞ്ഞു സൂര്യൻ.
നാളെയുയിരിട്ടുണരണം 
മണ്ണിൻ
വിരൽത്തുമ്പിലൊരു 
മുക്കുറ്റി മഞ്ഞയായ്.


മിനുക്കിയെടുത്തുവെച്ച
പകലിനെ
പൊതിഞ്ഞെടുത്തുപോകുന്ന
ഇരുട്ടിന്റെ മറവിൽ
ചുവരിലെ 
നീളൻ കണ്ണാടിയിറമ്പിലൂടെ   
ചിമ്മിനിവിളക്കു തെളിയിച്ച്
അവളിറങ്ങി വരും.

ഉറക്കപ്പായ ചുരുട്ടി വെച്ച്
കാതു രണ്ടും നിവർത്തി വിരിച്ചിട്ട്
അവളിരിക്കും,
'തുടങ്ങ്' എന്ന പതിവു ചിരിയോടെ.

കഴുകിക്കമഴ്ത്തിയ മീൻചട്ടി
പൂച്ച തട്ടി മറിച്ചിട്ടത്,
കുടവുമായ് വന്ന മഴയെ
കാറ്റ് തട്ടിക്കൊണ്ടു പോയത്,
ഇലകളൊന്നായ് പൊഴിഞ്ഞ്
ചില്ലകളാകാശത്തിന്റെ 
മുറിവുകളായത്,
അകാലത്തിൽ മരണപ്പെട്ട 
വാക്കിൻ കൂട്ടം
ജനലഴികൾ മുറിച്ച്
ഉള്ളിൽ കടന്നിരുന്നത്,
അങ്ങനെയങ്ങനെ.

സാരിത്തുമ്പു പിടിച്ച്
മൂക്കുപിഴിഞ്ഞു തുടച്ചും
ഇടയ്ക്കു കളിയാക്കിച്ചിരിച്ചും 
അവൾ.

ഒടുവിൽ,
എന്റെ രാജ്യമേയെന്നൊരാന്തലിൽ
ഞങ്ങളൊന്നായ് മുറിഞ്ഞ്
അവൾ ചുവരിനുള്ളിലേയ്ക്കും
ഒരു കീറ് വെട്ടമെടുത്ത്   
ഞാനെന്റെ പുര മേയാനും.