2021 നവംബർ 29, തിങ്കളാഴ്‌ച

നിൽപ്പ്,
അതേ നോട്ടം 
അതേ ഇടം 
അതേ കുപ്പായം
നീ.
കണ്ണിനുള്ളിൽ 
തിളങ്ങുന്ന സൂര്യൻ,
കരയുമ്പൊഴും
ചിരിക്കുമ്പൊഴും
മങ്ങാതെ
മറയാതെ
മങ്ങിയ വെളിച്ചത്തിലും.
തിരയടങ്ങാത്ത കടൽ
നെഞ്ചിനുമീതെ.
കൈ നീട്ടിയൊന്ന് 
പൊതിഞ്ഞുപിടിച്ചാലോ. 
ഞെട്ടറ്റുവീണ വാക്കുകൾ
അടക്കം ചെയ്തിട്ടെന്നപോലെ 
വിടരാത്ത ചുണ്ടുകൾ.
വിരൽനീട്ടിയൊന്ന് 
തൊട്ടുനോക്കാമായിരുന്നു.
നീയൊന്നനങ്ങിയോ.
ദേ,
ജനാലവിരി മാറ്റാൻ
ഇരുട്ട് വരുന്നുണ്ട് 
അവളോടൊരു കീറത്തുണി
ചോദിച്ചുവാങ്ങട്ടെ
ഈ നിലക്കണ്ണാടിയൊന്ന്
തുടച്ചുമിനുക്കണം.

2021 നവംബർ 28, ഞായറാഴ്‌ച

പുര 
കെട്ടി,മേഞ്ഞു,
മഞ്ഞു പൂത്തുകൊഴിയുന്ന  
മരത്തിനു താഴെ.
വരച്ചിട്ടു,
തെളിനീരിൽ മുക്കിയെടുത്ത് 
നീളത്തിലൊരു പുഴ.
കാററിന്,
വളളിനിറഞ്ഞ്
പൂക്കുന്നൊരൂഞ്ഞാൽ.
വിയർത്തുവരുമ്പോൾ
പിഞ്ഞാണം നിറയെ
ഊതിയാററിയ കഞ്ഞി,
പകലിന്.
വെളളത്തിനു പോയ
വെയിലിനും
തുണിപെറുക്കാൻ പോയ
മഴയ്ക്കും
തളർന്നു വരുന്നേരം
ചാഞ്ഞു മയങ്ങാൻ 
മെഴുകിയ മണ്ണിന്റെ വരാന്ത.
നൂർത്തിവിരിച്ചിട്ട പുൽപ്പായ
നിലാവിനും.
കത്തിച്ചു വെച്ച 
മിന്നാമിന്നിവെട്ടത്തിൽ
മുടിയുടക്കറുത്ത്
വാരിക്കെട്ടിവെച്ച്,
ഒററയ്ക്കിരുന്ന്
തീരാത്ത കഥയുടെ വിത്തുകൾ 
കുടഞ്ഞുപെറുക്കുന്നു  
നക്ഷത്രക്കമ്മലിട്ടൊരു
കറുത്ത പെണ്ണ്.

2021 നവംബർ 26, വെള്ളിയാഴ്‌ച

ഞാൻ
എന്ന വാക്ക്     
നീ
എന്ന പൊരുളിനെ       
അതിന്റെ 
ഉറവിടത്തിൽ നിന്ന്  
ചുംബിച്ചെടുക്കുന്നതിന്റെ   
ഒച്ച,
ഒരു മരം  
വേരുകളാഴ്ത്തി
ആഴം കൊണ്ട് 
അതിന്റെ
ആകാശത്തെ
മണ്ണിടത്തിൽ നിന്ന്
തൊട്ടെടുക്കുന്നതുപോലെ.

2021 നവംബർ 23, ചൊവ്വാഴ്ച

സ്വപ്നങ്ങൾ നിർമ്മിക്കുന്ന
ഒരുവളിലേക്കായിരുന്നു 
അവസാനമായി 
ഞാനൊരു യാത്രപോയത്.

കാൽവിരൽ കുത്തി
അവൾ 
അനായാസമായി
കടലിനെ കരയാക്കി നടക്കും.
മേഘങ്ങളെ ആട്ടിൻപറ്റങ്ങളാക്കി
ആകാശച്ചെരുവിലൂടെ
മേച്ചുനടക്കുമ്പോൾ
അവളൊരു മാലാഖയെപ്പോലെ.

സ്വപ്നങ്ങളും പേറി
വരിവരിയായി നടന്നുപോകുന്ന
ഉറുമ്പുകൾക്ക്
അവൾ
ഈർക്കിൽതുമ്പുകൊണ്ട് വഴികാട്ടും.

നിലാവിനെ നിർമ്മിക്കാൻ
അവൾക്കൊരൊറ്റ പിച്ചകപ്പൂവിതൾ
ആ നേരത്ത് 
അവളുടെ വിരൽത്തുമ്പുകൾ
കൂടുതൽകൂടുതൽ നേർത്തുവരും
നിലാവതിൽ പറ്റിപ്പിടിച്ചിരിക്കും.

നനുനനുത്ത ഓർമ്മകളുടെ
ചൂട്ടും കത്തിച്ചുപിടിച്ച് 
അവൾ 
രാപ്പാലം കടക്കാനൊരുങ്ങുമ്പോൾ 
നക്ഷത്രങ്ങളൊരുമിച്ചുകൂടിനിന്ന്
കണ്ണുചിമ്മും.

തിരികെപ്പോരാനൊരുങ്ങി,
ചിരിക്കുന്ന സൂര്യനെക്കെട്ടിയ
പൊട്ടാത്ത ചരട് 
അവളെന്റെനേർക്ക് നീട്ടി
എന്റെ വിരൽത്തുമ്പിലിരുന്ന്
അവൻ ചില്ലകൾക്കു മുകളിലൂടെ
പച്ചയിലകളെയുരുമ്മിയുരുമ്മി പറന്നുനടക്കുന്നതും
ഇരുട്ടുപരക്കുന്നതിനു മുമ്പ്
എന്റെ തലമുടിച്ചാർത്തിനുള്ളിൽ
ഓടിവന്നൊളിക്കുന്നതും
ഞാനൊന്നു കണ്ടു, കണ്ണുകളടച്ച്.

താഴേക്കിറങ്ങിനിന്ന്
ചരടു പിടിക്കുന്ന നേരത്ത്
എന്റെ വിരൽത്തുമ്പുകളും
അവളുടേതുപോലെ നേർത്തുനേർത്ത്..!

2021 നവംബർ 20, ശനിയാഴ്‌ച

ഉടലഴിച്ച്
വെട്ടം പുരട്ടി
'നിറമേത് നാളെ...'
നഖം കടിച്ച്
കാൽവിരൽ തൊട്ട്
വട്ടം വരയ്ക്കുന്നു ഭൂമി.
'കടുത്ത പച്ചയിൽ
വിളഞ്ഞ മഞ്ഞ'
പുതപ്പു മാറ്റി
കുടഞ്ഞെണീറ്റ്
ചിരിച്ചു മായുന്നു മഞ്ഞ്.

2021 നവംബർ 17, ബുധനാഴ്‌ച

തിളച്ച്
തൂവിയെങ്കിൽ
ഒരു വറ്റുകൊണ്ട്
വയർ നിറഞ്ഞേനെ.

കനലില്ലാത്ത നാവ് 
ഒതുക്കിപ്പിടിച്ച്
കനമുള്ളൊരു
നോവടുപ്പ്.
 
ചുവരിൽ തട്ടി 
തലയിടിച്ചുവീണ്
കിതപ്പാറ്റുന്ന കാറ്റ്.

കമിഴ്ന്നുറങ്ങുന്ന
കലത്തിന്റെ
വായറ്റത്തിന് 
ചിലയ്ക്കാനാവില്ലെന്ന്
വാലുമുറിച്ചിട്ട്
ഉത്തരത്തിലൊരു പല്ലി.

കഥ കേൾക്കാൻ
ഒരുറക്കവും
വാശിപിടിക്കുന്നില്ലെന്ന്
ഒറ്റയ്ക്കിരുന്നു
കണ്ണു തുടച്ച്
വായന മതിയാക്കുന്നു,
കരിഞ്ഞ മണമുള്ള രാത്രി.

2021 നവംബർ 16, ചൊവ്വാഴ്ച

ഓർമ്മയുടെ
ഒരു കണമിപ്പൊഴും
വറ്റാതിരിക്കുന്നതു-
കൊണ്ടാവാം
പകലറുതി വരയ്ക്കുന്ന
സൂചികളുടെയറ്റത്തു നിന്ന്
സെക്കൻഡിന്റെ മുനകൊണ്ട്
നീയെന്നെ തൊട്ടു വിളിച്ച്
കടന്നു പോകുന്നത്.

അതുകൊണ്ട്,
അതുകൊണ്ടു മാത്രമാണ്'
വിചിത്രമായൊരു ചിത്രമായ്
ഞാനെന്നെ വരഞ്ഞ് 
ഇരുളൊച്ചയുടെ മൂശയിൽ
മിനുക്കിയെടുത്ത്
നാളെയെന്നു വെളിച്ചപ്പെടുന്നത്.!

2021 നവംബർ 9, ചൊവ്വാഴ്ച

നിറഞ്ഞു നിറഞ്ഞ്
കടലാകുമ്പോൾ,
മുന്നിലുള്ളതൊക്കെ
മാഞ്ഞുപോകുമ്പോൾ
വിരല് മടക്കി മടക്കി 
തിരകളെയെണ്ണാൻ തുടങ്ങും.
തെറ്റിപ്പോയി തെറ്റീപ്പോയീന്ന്
ആർത്തുചിരിച്ചവർ 
കര നനച്ചിറങ്ങിപ്പോകും.
വിരല് കുഴയുമ്പോൾ 
കടല് കാണാത്തൊരുവൾ
മുകളീന്നിറങ്ങിവരും
ഒക്കത്തും
മുന്നിലും പിറകിലുമായി 
മുലകുടി മാറാത്തവരും  
ഇത്തിരി വളർന്നവരും  
കുറേപ്പേർ.
കണ്ണെഴുതാൻ  
ഓരോരുത്തരെയായി
മുന്നിലേക്ക് നിർത്തിത്തരും 
മഷിച്ചെപ്പ് തുറക്കുമ്പൊഴേക്കും 
ഇമ്മിണി വെട്ടത്തിൽ
മാഞ്ഞുപോയതൊക്കെ
തെളിഞ്ഞുവരും.
കടല് വറ്റും.


2021 നവംബർ 7, ഞായറാഴ്‌ച

ഇരുട്ടിന്റെ
പിഞ്ഞാണത്തിൽനിന്ന്
തെറിച്ചുവീഴുന്നു 
വറ്റുകളായ് 
നക്ഷത്രങ്ങൾ.
വിശപ്പ് വിശപ്പെന്ന്,
കുമ്പിളുമായ് 
പിടഞ്ഞെഴുന്നേൽക്കുന്നു
സന്ധ്യയോളം തളർന്ന്, 
മയങ്ങിവീണ കിനാവുകൾ.


2021 നവംബർ 3, ബുധനാഴ്‌ച

തട്ടിക്കൂട്ടി
ഉണക്കിവെയ്ക്കും,
രാവും പകലും
മുറതെറ്റാതെ.
പതിരല്ല പതിരല്ലെന്ന്
തൂവൽ പൊതിയും
മുറ്റം കാക്കുന്ന 
കിളയനക്കങ്ങൾ.
നീയാണെന്റെ രാജ്യമെന്ന്
മുന കൂർപ്പിച്ച്  
വരഞ്ഞു വരഞ്ഞ്
മൂർച്ചപ്പെട്ടതാണെന്റെയീ  
മുറിവടയാളങ്ങൾ.

2021 നവംബർ 2, ചൊവ്വാഴ്ച

പച്ചയായൊരു
പെരും നോവിനെ    
മടിയിലുറക്കി    
മരവിച്ചിരിക്കെ 
ഇടനെഞ്ചിലൊരു 
പുഴകുത്തുന്ന 
വണ്ടേ,
രഥവേഗം
മുറിയുന്ന വഴിയിൽ 
വിരലായ് മുളയ്ക്കുമെന്ന്   
തുളുമ്പിനിറയുന്നു 
ആഴത്തിലിരുന്നൊരു 
വാക്കിന്റെ വട്ടം.
വരാന്തയിൽ 
ചുരുണ്ടുകൂടിക്കിടക്കുന്നു 
വിശന്നു വലഞ്ഞ  
വെയിൽ,
പാളിനോക്കുന്ന കാറ്റിന്റെ 
പതിഞ്ഞ മുരടനക്കം,
അടർന്നുവീഴുന്ന
മഞ്ഞച്ച ആകാശങ്ങളുടെ
പതിഞ്ഞ തേങ്ങൽ,
എന്നോ മറഞ്ഞുപോയ 
കാലടികളിൽ തട്ടി
കമഴ്ന്നുകിടക്കുന്നു മുറ്റം,
വിരൽത്തുമ്പുകൊണ്ട് 
തൊട്ടടുക്കാൻ പോലുമാ-
വാത്തവിധം
മാഞ്ഞുപോയിരിക്കുന്നു
വീടിന്റെ നിഴൽ.