2022, മാർച്ച് 31, വ്യാഴാഴ്‌ച


ഭാരമഴിച്ച് വാ
പറക്കാ'മെന്നൊരു 
വാക്ക്, 
നിന്റെയാകാശമെന്നും.

കിനാക്കൾ 
ഇരുട്ടിനോടൊത്തിണ-
ചേർന്നു രമിക്കുന്ന
മായാപ്രപഞ്ചമാകാമെന്ന്.

വെളുത്തും 
ചുവന്നും കറുത്തും 
ഉടലുയിരഴിഞ്ഞുഴിഞ്ഞ്, 
ഒടുവിൽ ഞാനൊറ്റയായ് 
ഉടൽകുഴഞ്ഞുയിർകുഴഞ്ഞ്.

മേഘങ്ങളെപ്പോൽ 
എഴുതിയും മായ്ച്ചും 
വീണ്ടുമെഴുതിയും
ഭൂമിയോളം ചെറുതായവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.

2022, മാർച്ച് 25, വെള്ളിയാഴ്‌ച

വീണ്ടെടുക്കാനാവാത്ത
ഒരുവളെയും ചുമലിലേറ്റി
ദിക്കറിയാത്ത യാത്ര.
ദാഹമോ വിശപ്പോ അറിയാതെ.
ആ ഉള്ളിൽ തുടിക്കുന്ന
പവിത്രമായ രഹസ്യത്തെ 
ഒന്നിറക്കിവെക്കാൻ
ഒരു ചുമടുതാങ്ങിയുടെ നിഴൽ 
ഏതു ദേശത്താവും 
തിരുശേഷിപ്പായുണ്ടാവുക.
കാലുകൾ കുഴയുന്നു.
കേൾക്കുന്നുണ്ട്.
പാട്ടുപേക്ഷിച്ച്
പറന്നുപോകുന്ന കിളികൾ
ചിറകുതിർത്തിടുന്നതിന്റെയൊച്ച.
.

2022, മാർച്ച് 20, ഞായറാഴ്‌ച

 
മുട്ടായി-
ക്കടലാസിനുള്ളിൽ 
വിയർത്തൊലിച്ചിരുന്ന്
നാരങ്ങാനിറത്തിൽ 
സൂര്യനെ വരയ്ക്കുന്നു 
ഭൂമിവലിപ്പമുള്ളൊരോർമ്മ.!

2022, മാർച്ച് 17, വ്യാഴാഴ്‌ച

വേഗമാവട്ടെ'യെ-
ന്നൊരാജ്ഞയുടെ
പിറകേ നടന്നെത്താൻ
നേരമൊട്ടും വേണ്ടിവന്നില്ല.
പലവട്ടം കൊതിച്ചിട്ടും
പറയാതെപോയ വാക്കിനെ
മൂടിവെച്ചിരുന്ന ചെപ്പ്,
കിനാവുകൾക്ക്
ഈറ്റില്ലമൊരുക്കാൻ
ഭദ്രമായ് മടക്കിയെടുത്ത
കറുകറുത്ത ആകാശം.
മതി,
മറ്റൊന്നുമെടുക്കേണ്ടതില്ല,
മഴവില്ലുകൊണ്ടെനിക്കൊരു 
പുരമേഞ്ഞൊരുക്കാൻ.

2022, മാർച്ച് 16, ബുധനാഴ്‌ച

ഛായാമുഖി

കാട്ടിലൊരുവൾ
കാടായ് കരഞ്ഞന്നാണ് 
കണ്ണീരിലെന്റെയുടൽ
രണ്ടായ് പിളർന്നത്.

മുറിവിന്നാഴത്തിൽ 
ഞാനെന്നെയുടച്ചത്.
ഒരു മായക്കാഴ്ചയായ്,
കഥാതന്തുവായൊടുങ്ങിയത്.

അന്നൊരു
വിലാപപർവ്വമായയെന്നെ 
പൊതിഞ്ഞെടുത്തത്
രാജരക്തമിരമ്പുന്ന 
നിന്റെ ബലിഷ്ഠമായ കൈകൾ.
   
കൊട്ടാരക്കെട്ടിനുള്ളിൽ
എന്നിൽ തെളിയാതിരുന്ന  
നിന്റെ 
ഛായാചിത്രത്തെയോർത്ത് 
നീ
ഒരലർച്ചയായൊടുങ്ങവെ,
ഞാൻ കാണുന്നുണ്ട്,
അങ്ങകലെ
പ്രണയംകൊണ്ട് 
മുറിഞ്ഞുപോയൊരു   
കാട്ടുപെണ്ണിന്റെ,
നിന്റെ അതിശക്തനായ-
മകന്റെ
അമ്മയായവളുടെ ചുണ്ടിൽ 
മിന്നിമറയുന്ന 
അതിഗൂഢമായൊരു ചിരി.

ഏതു കടലിനാണ്
അവളുടെ കണ്ണീർപ്പുഴയെ
ഒതുക്കിപ്പിടിക്കാനാവുകയെന്ന്
ചിന്തിച്ച്,
പേർത്തും പേർത്തും
ചിന്തിച്ച് 
കണ്ണൊന്നു ചിമ്മിയടയ്ക്കെ,
നിന്നോടെങ്ങനെ
പറയാതിരിക്കാനാവും.

ഹേ...
വൃകോദരാ,
നീ തച്ചുടയ്ക്കും മുമ്പേ
രണ്ടായ്  നുറുങ്ങിയവളാണ്
ഞാനെന്ന മായ/നേര്..!

2022, മാർച്ച് 6, ഞായറാഴ്‌ച

വെടിയുണ്ടകൾ
ഇരുവശത്തുനിന്നു-
മെന്റെ ചെവികൾക്കുനേരേ
പാഞ്ഞടുക്കുന്നതിന്റെ-
യൊച്ചയിൽ
ഞെട്ടിവിറയ്ക്കുന്നു
വിരലുകൾക്കിടയിലിരുന്ന് 
പത്രത്തിന്റെ ഒന്നാംപേജ്.
ഉറക്കെ കരഞ്ഞ്
തളർന്ന് 
ഒന്നുമറിയാതുറങ്ങുന്ന
പിഞ്ചുകുഞ്ഞുങ്ങളെ 
മാറോടടക്കിയ അമ്മമാരിലേക്ക് 
ചീറിത്തെറിക്കുന്ന 
ചോരയിൽ
നനഞ്ഞുകുതിരുന്നു,
വെടിപ്പായ് തുന്നിയെടുത്ത
നഗരത്തിന്റെ കുപ്പായം.
താങ്ങാനാവാത്ത 
കെടുതികളുടെ ചൂടിൽ
വെന്തുരുകുകയാണ് 
ഉള്ളറകൾ.
പടക്കോപ്പിൽനിന്ന്,
ചൂഴ്ന്നെടുത്ത
എന്റെ കണ്ണുകൾ
രണ്ടു തീഗോളങ്ങളായ്
താഴേക്ക്.
പൊട്ടിയ കപ്പിലെ 
ചായയുടെ കറപടരുന്ന  
കരിഞ്ഞ പേജുകളിൽനിന്ന് 
എന്റെ മുറിഞ്ഞുതൂങ്ങിയ 
കാലുകൾ
എന്റെ രാജ്യാതിർത്തി കടന്ന് 
പലായനംചെയ്യുകയാണ്.
(യുദ്ധമെന്ന വാക്കിനേക്കാൾ
അശ്‌ളീലമായി 
ഏതു വാക്കുണ്ട്
ഒരു രാജ്യത്തിനെടുത്ത്
പ്രയോഗിക്കാൻ.)