2023, ജനുവരി 31, ചൊവ്വാഴ്ച

നിലാവിന്
ഇത്രയും ഭംഗിയായി 
ചിരി വരച്ചതാരായിരിക്കും 
അവളല്ല 
അവൾ.......
രാത്രിക്ക് കണ്ണെഴുതുന്നവൾ,
പണ്ടേക്കു പണ്ടേ 
വെയില് തീണ്ടി തീപ്പെട്ടവൾ.


2023, ജനുവരി 25, ബുധനാഴ്‌ച

നിലത്തുകിടന്ന്
അവളുറങ്ങുന്നു,
ഉയർന്നുതാഴുന്ന ഒച്ചകൾക്ക്
നടുവിൽ 
ഒരു ശ്വാസംകൊണ്ടുപോലും
ഉറക്കത്തെയുണർത്താതെ.

ഒച്ചവെക്കുന്നേരം 
തെല്ലിട അടുക്കളയെ 
ഒക്കത്തുനിന്നടർത്തിവെച്ച് 
ജനലഴികളിൽ ചേർന്നുനിന്ന് 
അത്രയും പ്രണയാർദ്രമായ് 
അവളെന്തോ......
വെയിലറിയാതെ 
വിയർപ്പുമണികളൊന്നൊന്നായ് 
പെറുക്കിയെടുക്കുമ്പൊ
ഒരു പൂവടരുന്ന ഒച്ചയിൽ 
അവളെന്തോ.....
കാണാതിരുന്നാൽ 
ഇലയനക്കങ്ങളിൽ കണ്ണുംനട്ട് 
ആരോടെന്നില്ലാതെ
അവളെന്തോ.....
പൂക്കളെയുറക്കുന്നേരം 
ചേലയൊന്നു പിടിച്ചുവലിച്ചാൽ 
ചുണ്ടത്ത് വിരൽവെച്ച് 
അവളെന്തോ.....
രാവുറങ്ങുന്നേരത്ത് 
ജനാലകളടയ്ക്കുമ്പൊ 
ആരും കേൾക്കാതെന്നോട് 
അവളെന്തോ.....

അത്രമേലത്രമേൽ വാചാലമായിരുന്നു 
മൗനംകൊണ്ടെഴുതിയിരുന്ന
ആ കവിതകൾ.

2023, ജനുവരി 15, ഞായറാഴ്‌ച

നിഴലിനെ പിടിച്ച് 
കുറ്റിയിൽ കെട്ടിയിട്ട് 
പയ്യിനേം പിടിച്ചോണ്ട്,
പയ്യോ കാറ്റോ ചവിട്ടിമെതിച്ചതെന്നറിയാത്ത-
പുൽക്കൊടികളുടെ 
ഞരക്കത്തിനു മീതേ നടക്കെ, 
ആത്മഹത്യ ചെയ്തൊരു മഴത്തുള്ളി 
മരച്ചില്ലയിൽനിന്ന് 
ഉച്ചിയിൽത്തന്നെ വീണു ചിതറി.
ദൂരെനിന്നോടിവന്നൊരു- 
വെളിച്ചത്തിന്റെ പൊട്ട് 
സ്ഥാനംതെറ്റാതെ നെറ്റിയിൽവന്നിരിപ്പായി.
നാളെ നാളെയെന്നെന്തോ 
മന്ത്രിക്കുന്നതുപോലെ.
കയറില്ലാത്ത കൈവെള്ളയിൽ
മായാതെ നീലിച്ച തഴമ്പ്.
വീടണഞ്ഞിട്ടുണ്ടാവുമിപ്പൊ പയ്യ്. 
മുറ്റം മഷിയെഴുതാൻ
തുടങ്ങിയിരിക്കുന്നു.
കത്തിച്ചുവെച്ച വിളക്ക്
വെളിച്ചമഴിച്ചുടുത്ത് പുഴയിലിറങ്ങി 
കുളിച്ച് തുടിച്ച് രസിപ്പാണ്.
രാവ് കനക്കുംമുമ്പേ 
ഞാനൊന്നു വേഗം മുങ്ങിനിവരട്ടെ.
കരിയിലയിൽ
മഞ്ഞുതുളളികൾ 
താളമിടുന്നതിന്റെ ഒച്ച.
ചെവിയോർക്കെ കേൾക്കാം 
പച്ചയായൊരോർമ്മയിൽ  
മണ്ണ് തളിരിടുന്നതിന്റെ രാഗം.

2023, ജനുവരി 7, ശനിയാഴ്‌ച

നിന്റെ വിരലുകൾ 
എന്റെ പിൻകഴുത്തിൽ 
നേർരേഖകൾ വരയ്ക്കുമ്പോൾ 
എന്റെ വിരലുകൾ 
വരയ്ക്കുന്ന നേർരേഖകൾ 
പാമ്പുകളെപ്പോലെ മുറ്റത്ത് 
കെട്ടുപിണഞ്ഞ് ഇഴയാൻ തുടങ്ങും.
ചാഞ്ഞുകിടക്കുന്ന കൊമ്പിലേക്ക് 
പേടിച്ചരണ്ട കലപിലകൾ 
ചാടിക്കയറും.
പച്ചയിലകളിലേക്ക് 
നിറങ്ങൾ മുഖംമറയ്ക്കും.
പാട്ടൊഴിഞ്ഞ കിളിമരം 
പറക്കാനാവില്ലല്ലോന്ന് നിശ്വസിക്കും.
നീട്ടിപ്പിടിച്ചുവെച്ച തല,
തൊഴുത്ത് 
പൂർവ്വസ്ഥിതിയിലേക്കു മടക്കും.
കൊത്തിരസിച്ച്,
കൂവാൻ മറന്ന കൂട് 
തലകൾ പുറത്തേക്കിട്ട് രഹസ്യം
ചികയും.
വെളുത്ത മൂക്കുത്തി കുടഞ്ഞെറിഞ്ഞ്
മുക്കുറ്റിച്ചെടി തലതാഴ്ത്തിനിൽക്കും.

മറച്ചുപിടിക്കാൻ
ഒരു സാരിത്തലപ്പു മതിയെന്നിരിക്കെ
ഞാനെന്താണിങ്ങനെ.....?

നിനക്ക് വഴിയൊരുക്കാൻ
കിണറ്റിൻകരെ നിൽക്കുന്ന വരിക്ക- 
പ്ലാവിന്റെ   ഒരു ചില്ല മുറിച്ചുമാറ്റിയിട്ടുണ്ട്.

(പെരും നുണയാണെ,
ഒറ്റയ്ക്കൊന്ന് മുറ്റത്തേയ്ക്കിറങ്ങി
നടക്കാൻ കൊതിയായിട്ട് വയ്യ.)