2023, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ഒറ്റയായ്.....
കൂട്ടംതെറ്റിനിന്ന് 
താഴേയ്ക്കുറ്റുനോക്കുന്ന 
നിന്നോടിപ്പോൾ
അവർ ചോദിച്ചതെന്തെന്നറിയാൻ
എനിക്ക് നക്ഷത്രങ്ങളുടെ ഭാഷ പഠിക്കേണ്ടതില്ല.

ഇവിടെ നിശാഗന്ധി ചിരിക്കാൻ 
തുടങ്ങുന്നു.
ജരാനര ബാധിക്കാത്ത 
ആ നാട്ടുവഴികളിൽ
ഋതു ഇടയ്ക്കിടയ്ക്ക് കുപ്പായം മാറാറുണ്ടോ?
മഴയോട് പൊരുതിത്തോറ്റ നിറങ്ങളാണ്
മുറ്റം നിറയെ. 
കാറ്റിനുറങ്ങാൻ ചില്ലകൾ കൂടൊരുക്കുന്നുണ്ട് 
കിളികൾ പഠിപ്പിച്ച പാട്ടുകൾ 
മൂളിനോക്കുന്നുണ്ടിലകൾ
ദേ, ഇരുട്ട് വീണ്ടുമിരുളാൻ തുടങ്ങുന്നു.

നീയൊരു താമരത്തണ്ട് താഴേയ്ക്കിട്
മുത്തശ്ശി പ്ലാവിന്റെ കൊമ്പിലൊരൂഞ്ഞാൽ കെട്ടി
ആയത്തിലായത്തിലാടി 
ഞാൻ നിന്റെ വിരൽപിടിക്കട്ടെ.

2023, ഓഗസ്റ്റ് 26, ശനിയാഴ്‌ച

ഇന്നലെയും 
പാടവരമ്പത്ത് വന്നുനിന്ന്
നീയെന്റെ പേര് നീട്ടിവിളിച്ചിട്ടുണ്ടാവും
പതിവുപോലെ.
മറുവിളിക്കുമപ്പുറത്തൊരു 
ലോകത്താണ്
ഞാനെന്നറിയാതെ 
നീ 
അരിശം മൂത്തുമൂത്ത് 
ഊക്കോടെ 
മുറുക്കിത്തുപ്പിയിട്ടുണ്ടാവും.
ആ 
ഒരുമ്പെട്ടോൾ കിണറുകളിൽ 
വെള്ളം നിറയ്ക്കാനോ 
ആകാശത്ത് 
മഴവില്ലു വരയ്ക്കാനോ 
ചെടികളെ നിരയായ് നിർത്തി
പൂക്കൾ ചൂടിച്ച് രസിക്കാനോ 
അതോ 
കടല് തേകി തിരവറ്റിക്കാനോ 
പോയതാവാമെന്ന് പിറുപിറുത്ത് 
അമർത്തിച്ചവിട്ടി 
നീ
വരമ്പ് മുറിച്ച് 
അക്കരെയെത്തിയിട്ടുണ്ടാവും. 

നിന്റെ സൂര്യനിപ്പോൾ കുളിക്കാനിറങ്ങുന്ന നേരം.
ഇവിടെയവൻ മലമുകളിൽ 
വലംകാൽ കയറ്റിവെച്ച് 
ഒരേ നില്പാണ്, അനങ്ങാതെ.


2023, ഓഗസ്റ്റ് 16, ബുധനാഴ്‌ച

ചില രാത്രികളിൽ 
ഉറക്കത്തിനത്താഴമൊരുക്കിവെച്ച് 
നിലാവ് താഴേയ്ക്കിറങ്ങും. 
മുലകുടിച്ചുകൊണ്ടൊക്കത്തിരിക്കുന്ന 
കിനാക്കുഞ്ഞിനെ ചേലകൊണ്ട് 
മറച്ചുപിടിക്കും.
വിരിതൊടാത്ത ജനലിനരികത്ത് 
പതിവുപോലെ നിലയുറപ്പിക്കും. 
പള്ളനിറഞ്ഞ കുഞ്ഞ് 
നിലാവിനേക്കാൾ ചന്തത്തിൽ ചിരിക്കും.
ചുവരുകൾ തമ്മിൽ തമ്മിൽ 
അടക്കംപറയുന്നിടത്തൊട്ടുനേരം 
ചെവികൂർപ്പിച്ചങ്ങനെ നിൽക്കുമവൾ.
ഇന്നലെയുമവർ കേട്ടതാണത്രെ 
നേർത്തുനേർത്തലിഞ്ഞലിഞ്ഞില്ലാ-
തായൊരു തേങ്ങൽ,
മൂടപ്പെട്ട ഏതോ പുഴയുടേതുപോലെ. 

തുടികൊട്ടുന്ന നെഞ്ചോടുചേർന്ന് 
ആ വിരലിൽ മുറുകെപ്പിടിച്ച് 
കൈകാലിളക്കിക്കളിക്കുന്ന 
കുഞ്ഞിനെയും 
ചിരിപടരുന്ന ചുവരുകളെയും 
തെല്ലുനേരം നോക്കിനിന്നിട്ട് 
അവൾ പടവുകൾ കയറാൻ തുടങ്ങും.

അത്താഴമുണ്ടുനിറഞ്ഞവന് 
കൈകഴുകിത്തുടയ്ക്കാനവളുടെ 
ചേലത്തുമ്പ് നീട്ടിക്കൊടുക്കേണ്ടതുണ്ട്.


2023, ഓഗസ്റ്റ് 9, ബുധനാഴ്‌ച

മഴ തൊട്ടു തണുക്കാൻ 
ജനലരികു ചേർന്നുനിന്ന്
കൈ നീട്ടിപ്പിടിക്കുന്നണിയാത്ത
കറുത്ത കുപ്പിവളകൾ.

പേരില്ലാരാജ്യത്തെ 
രാജകുമാരീയെന്നുറക്കെ 
കൂകിവിളിച്ച് കടന്നുപോകുന്നു 
കുപ്പായമിടാത്തൊരു കാറ്റ്.
 
ഇതാ ഭൂമിയുടെ അറ്റമെന്ന് 
ഉറക്കത്തിനിടയിൽ കയറിവന്ന്
പതിയെ ചിരിച്ചുകാട്ടുന്നു 
കിനാവിൽ വരാത്തൊരാൾ.