2015, ജൂലൈ 30, വ്യാഴാഴ്‌ച

അച്ഛനെ വീണ്ടും വായിക്കുമ്പോൾ ...

വായിക്കുംതോറും ഇഷ്ടം കൂടിക്കൂടി വരുന്നൊരു പുസ്തകം .
അതാണ്‌ എനിക്കെന്റെ അച്ഛൻ .
ഓർമ്മയിൽ നിറയാൻ തുടങ്ങിയിട്ട് ഇന്നേക്ക്  6 വർഷം തികയുന്നു .
ഇരുട്ടിലേയ്ക്ക്‌  പകച്ചുനോക്കുമ്പോഴൊക്കെ ഒരു മിന്നാമിനുങ്ങായി കാഴ്ചയിൽ ഓടിയെത്തും .
ചെവികൊടുക്കുമ്പോൾ അലക്കിതേച്ച വെള്ളമുണ്ടിന്റെ കിരുകിരെയുള്ള ശബ്ദം.
കറുത്ത ഫ്രെയിമിന്റെ കണ്ണട , ഭംഗിയായി ചീകിയൊതുക്കിയ ഇടതൂർന്ന തലമുടി .
മീശവെയ്ക്കാത്ത , ഗൗരവമുള്ള മുഖം .കൈത്തണ്ടയിൽ ഒരിക്കലും നിലച്ചുകണ്ടിട്ടില്ലാത്ത സമയസൂചികൾ. ശരീരവും മനസ്സും എപ്പോഴും വൃത്തിയും വെടിപ്പുമായി സൂക്ഷിച്ച ,
കർക്കശക്കാരനായ എന്റെ അച്ഛൻ .

തലയിലൊരു തലോടൽ .ഇരുട്ട് മാഞ്ഞ് വെളിച്ചമാകാൻ അത് ധാരാളം .

'' പഴുത്ത പ്ലാവില വീഴുമ്പോൾ
ചിരിപ്പൂ പച്ച പ്ലാവിലയേ ,
നിനക്കുമിങ്ങനെ വരുമെന്ന്
നിനച്ചിരിക്കണമെന്നെന്നും .''

ഒന്നിലധികം തവണ അച്ഛൻ ഈ വരികൾ പറഞ്ഞുതന്നിട്ടുണ്ട് .
എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പ് കേട്ടു പഠിച്ചത് .
സാഹിത്യത്തിൽ അല്പംപോലും താല്പര്യം കാണിക്കാതിരുന്ന കണക്കു മാഷ്‌, അച്ഛൻ .
ആരാണ് എഴുതിയതെന്ന് ഞാൻ ചോദിച്ചില്ല ,അച്ഛൻ പറഞ്ഞുതന്നതുമില്ല .
ആ വരികളിലെ ഗഹനമായ അർത്ഥം , അർത്ഥമറിയാതെ ഞാൻ ഉരുവിട്ടിരുന്നു .
പഴുത്ത പ്ലാവിലയുടെ വീഴ്ച ഒരു മരണം എന്നതിനേക്കാൾ ഒരു പതനമായിട്ടാണ് ഞാൻ
എന്നും വായിച്ചത് . അതുകൊണ്ടാവാം ആരുടെ പതനത്തിലും ഞാൻ വല്ലാതെ
വേദനിക്കുന്നത് .

അധ്യാപകനായിരുന്ന അച്ഛൻ  എന്നെ പഠിപ്പിച്ചിട്ടില്ല .അധ്യാപികയല്ലാത്ത ഞാൻ
എന്റെ കുട്ടികളെ പഠിപ്പിച്ചു .ഒടുവിലാണ് എനിക്ക് ബോധ്യമായത് അതിനുള്ള കാരണം .
ഞാൻ എന്ന പുസ്തകം എന്നെങ്കിലും ഒരിക്കൽ എന്റെ കുട്ടികൾ വായിക്കുമ്പോൾ അതിലെ
ഒരദ്ധ്യായം അവരെ വേദനിപ്പിക്കുമായിരിക്കും ,ഞാനൊരു അധ്യാപികയായി സ്വയം
അവരോധിക്കപ്പെട്ട ഒരു അദ്ധ്യായം .അച്ഛന്റെ വിരൽതുമ്പിലെ പിടി വിടുവിച്ച് ഞാൻ
നടന്ന വഴി .
സ്നേഹിച്ചു കൊതിതീർന്നിട്ടില്ലിന്നും .

2015, ജൂലൈ 22, ബുധനാഴ്‌ച

ഉറങ്ങാറായില്ലേയെന്ന് രാത്രി പിന്നെയും പിന്നെയും ...

ഉറക്കം മുറിച്ചുകടക്കാൻ
കൂട്ടിനു കൂടെ വരാറുണ്ട്
തണുത്ത  വിരലുകൾ .
നിറങ്ങൾ മങ്ങിയടർന്ന്
തേഞ്ഞുതീരാറായ വഴികളിൽ
കൂട്ടംകൂടി നടക്കാറുണ്ട് .
സൊറ പറഞ്ഞിരിക്കാൻ
നിഴലനക്കം കണ്ട്
പായ മുഴുവനായി നിവർത്തിയിടും
കുളിക്കടവിലിടിഞ്ഞുവീണുപോയ പുഴ .

ഞാൻ നിവർത്തിവെയ്ക്കുന്ന
മഴയുടെ പൊതി പങ്കിട്ടെടുത്ത്
അവരോരോരുത്തരും നന്നായി നനയും .
ചിലർ നക്ഷത്രങ്ങൾ അടർത്തിയെടുത്ത്
ചൂട്ടിൻ തുമ്പ് കത്തിച്ചുപിടിച്ച്
മറന്നുപോയ മുഖങ്ങൾ
പരസ്പരം നോക്കി ഓർത്തെടുക്കും .

അച്ഛനെ വീണ്ടുമൊരു ശിശുവാക്കി
അച്ഛമ്മ മുറുക്കാൻപെട്ടി  തുറന്നുവെയ്ക്കുന്നു .
എത്തിനോക്കി  ചിരിക്കുന്ന തളിർ വെറ്റില .
'തീണ്ടാരിയുള്ളവരാരും  വെറ്റിലക്കൊടിക്കരികിൽ
പോകാറില്ലല്ലോ'യെന്ന ഓർമ്മപ്പെടുത്തൽ .

അച്ഛമ്മ കാലുനീട്ടി വിസ്തരിച്ചിരിക്കുന്നു
വെറ്റില കീറിയെടുത്ത്‌ ചുണ്ണാമ്പു തേയ്ക്കുന്നു .
ഓടിപ്പോയി തുപ്പൽകോളാമ്പിയുമെടുത്ത്
ഇടതുവശം നീക്കിവെച്ച്  യമുനേടത്തി .

അച്ഛമ്മയുടെ വലതുവശം ചേർന്നിരുന്ന്
അടയ്ക്കയും വെറ്റിലയും ഇടിച്ചുകൊടുത്ത്
ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ തട്ടി
ഉടഞ്ഞുവീഴുന്ന വാക്കുകളും പെറുക്കിയെടുത്ത്
ഇത്തിരിപ്പോന്ന  വെളിച്ചം കൊണ്ട്
ഞാനെന്റെ വിരൽതുമ്പുകളിലെ 
ചോപ്പുനിറം അളന്നെടുക്കുന്നു .

പണ്ടൊരിക്കൽ അച്ഛനറിയാതെ
മൂത്തച്ഛനോട് സ്നേഹം കൂടി
ഒരുമിച്ച് മുറുക്കാൻ ചവച്ച ദിവസമാണ്
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും
ദിവാകരൻസാർ  ശരിയായിരുന്നെന്നും
ഉറച്ചു വിശ്വസിക്കേണ്ടി വന്നത്.

ആരോ അടയാളപ്പെടുത്തിയിട്ട
ഒരു ഭ്രമണപഥത്തിൽ
എന്തിനോവേണ്ടി  നിരന്തരം കറങ്ങുന്നവൾ .
















2015, ജൂലൈ 10, വെള്ളിയാഴ്‌ച

ആത്മം

എന്റെ മുറിയുടെ
ജാലകം തുറന്നിട്ടാൽ
കടലിന്റെ അഗാധതയും
ആകാശത്തിന്റെ പരപ്പും
മോതിരവിരൽ കൊണ്ട്
തൊട്ടെടുക്കാം
അവരുടെ ചേലത്തുമ്പുകൾ
കൂട്ടിക്കെട്ടി
ഒരു തൊട്ടിലുണ്ടാക്കാം
നീന്തലിനും പറക്കലിനും
ഒരേ മുദ്രയാണെന്നും
ആഴവും പരപ്പും
ഒന്നുതന്നെയാണെന്നും
തിരിച്ചും മറിച്ചും പറഞ്ഞ്
ചെറുവിരൽ കുടിക്കാം.

ഉറക്കത്തിൽ
ഒരീർക്കിൽ തുമ്പിനാൽ
തകർന്നുപോകുന്ന
മണൽക്കൊട്ടാരം തീർത്ത്
ഞാനൊരു കുഴിയാനയാകും.

എത്ര വിരുതോടെ 
എത്ര അനായാസമായാണ്
ചിറകു വിടർത്തി
മണ്ണിൽ നിന്ന് വിണ്ണിലേയ്ക്ക്
പറക്കാൻ തുടങ്ങുന്നത്.


2015, ജൂലൈ 4, ശനിയാഴ്‌ച

' ഹതശേഷ '

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ 
ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത
ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടിടീച്ചർ കേട്ടെഴുത്ത് നടത്തുന്നു
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക് .
ശാരദാമ്മ ടീച്ചറിന്റെ ക്ലാസ്സിൽ
അക്ഷരസ്ഫുടതയോടെ
ഒരു ഖണ്ഡിക വായിച്ച്
കൊതിതീരാതെ 
ഇരിപ്പിടത്തിൽ അമർന്നിരിക്കുന്നു.
ചെറിയ കെട്ടിടത്തിൽനിന്ന്
വലിയ കെട്ടിടത്തിലേയ്ക്കു കയറി
റംല ടീച്ചറിന്റെ മേശക്കരികിൽ
കൂട്ടുകാർക്കഭിമുഖം നിന്ന്
ഈണത്തിൽ  ചൊല്ലുന്ന വരികളിൽ
നിശബ്ദമാകുന്ന എട്ടാംക്ലാസ്സ് മുറി.

ഒഴിഞ്ഞ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ നിന്ന്
ഞാനെന്റെ കവിതയെ
കണ്ടെടുക്കുന്നു.
കാറ്റിൽ ആടിയുലയുന്ന  ദാവണി
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ .

രാസനാമങ്ങളും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
വെളുത്ത പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറി.

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിനു മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തിവെച്ചിരിക്കുന്ന 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.

ഒരു ജീവിതംകൊണ്ടെത്ര തവണ
മരണത്തെ അടയാളപ്പെടുത്താനാവുമെന്ന്
ശൂന്യമായ  ഇടവേള
ഒരിക്കൽക്കൂടി പറഞ്ഞുതരുന്നു .
-------------------------------------------