2015, നവംബർ 23, തിങ്കളാഴ്‌ച

' മഞ്ഞക്കാണി '

അനാഥത്വത്തിന്റെ 
പര്യായം തിരഞ്ഞാണ്
നടക്കാനിറങ്ങിയത് .

കടലിലേയ്ക്ക് നടന്നുപോയ
അമ്മയുടെ ചിരിയിപ്പോഴും
നന്നേ ചെറുപ്പം .

'നിരാസ'ത്തിൽ
കൂർത്ത മുള്ള്.

മഴയുടെ പര്യായങ്ങളിൽ
പ്രണയത്തെ കാണാതെ
മഴനനഞ്ഞ പ്രണയത്തെ
കടക്കണ്ണാലുഴിഞ്ഞ്
നിനക്കെന്തിനൊരു പര്യായമെന്ന്
തുടുത്ത ചുണ്ട് വീണ്ടും ചുവപ്പിച്ച്
'മ 'യിലേയ്ക്ക് വീണ്ടും .
എന്തോരം നല്ല വാക്കുകളെന്ന്
ഒന്നൊന്നായെടുത്ത് 
വേഗത കുറച്ചു .

പണ്ടുപണ്ട് ,
വെള്ളിവീണ മുടികൾക്ക്
പകരംകിട്ടിയ
സ്നേഹംപുരണ്ട 
ചെമ്പ് നാണയത്തുട്ടുകൾ
ഒരു വാക്കിന്റെ നെറുകയിൽ
തിളങ്ങി നിൽക്കുന്നു ..!
'എന്തെങ്കിലും പ്രത്യേക ജോലിക്ക്
പിതാവ് നല്കുന്ന സമ്മാനം 'എന്നതിന്
ഒരൊറ്റ വാക്ക്,
ഇന്നലെവരെ കാണാതെപോയത് .

വാക്കുകൊണ്ടൊരോർമ്മയെ
വീണ്ടും പുതുക്കിപ്പണിത്
തലക്കെട്ടിൽ
ആ വാക്കെഴുതിവെച്ച്
കുടിലിനുള്ളിൽ
ഞാൻ വീണ്ടും സനാഥയാകുന്നു .

2015, നവംബർ 18, ബുധനാഴ്‌ച

ബാക്കിയാവുന്നതിലൊരു തുള്ളി

പുതപ്പിനടിയിൽ
തണുത്തു വിറയ്ക്കുന്നുണ്ട്
അമ്മച്ചൂട്  കൊതിച്ച്
കനമുള്ളൊരു പനി .

അടുക്കളവാതിലിലേയ്ക്ക്
ആർത്തിയോടെ
നുഴഞ്ഞു കയറുന്നുണ്ട്
പാതിയടഞ്ഞൊരു നോട്ടം.

നിനക്കു വേണ്ടെങ്കിൽ
എനിക്കും വേണ്ടെന്ന്
കൂട്ടിരുന്ന നോവിൽ
നനയുന്നുണ്ടുമിനീർ .

ജനലരികിൽ ചേർന്നുനിന്ന്
മഴ തൊട്ടു തണുക്കാൻ
കൈനീട്ടിപ്പിടിക്കുന്നുണ്ട്
നിറമേലും കുപ്പിവളകൾ .

നല്ലവാക്കോതുവാൻ
ത്രാണിയുണ്ടാവണേയെന്ന്
പേർത്തും പേർത്തും ജപിക്കാൻ
ഉണരുന്നുണ്ട് ചുണ്ടുകൾ .

പണ്ടുപണ്ട് വളരെ പണ്ട്
പേരില്ലാരാജ്യത്തൊരു
രാജകുമാരിയെന്ന് കേൾക്കാൻ
ഉഴറുന്നുണ്ടൊരുറക്കം .

ഇതാ , ഭൂമിയുടെ അറ്റമെന്ന്
ഉറക്കത്തിനിടയിൽ കയറിവന്ന്
ആരോ വിരൽ പിടിക്കുന്നു .
ഉയർന്നുതാഴുന്ന
ശ്വാസത്തിനുമേലെ
കാലെടുത്തുവെച്ച്
ശാന്തമായുറങ്ങുകയായിരുന്നെന്ന്
പനിക്കിടക്കയിൽനിന്ന്
ചാടിയെഴുന്നേറ്റിരുന്ന്
ഒരുവൾ മോണകാട്ടി ചിരിക്കുന്നു .

2015, നവംബർ 15, ഞായറാഴ്‌ച

വിരൽതൊടുന്നിതാരോ..

മണ്ണിനു കാതുകൊടുക്കിൽ 
പെറുക്കിയെടുക്കാം
പൊടിയുന്ന മഞ്ഞിന്റെ
കൊഴിയുന്ന തൂവലിന്റെ
മഞ്ഞിച്ച ഇലയുടെ
ചിലമ്പിച്ച ഈണങ്ങൾ .

ഊർന്നുവീണുപോകുന്ന
പ്രാണന്റെ സംഗീതം.!

കാറ്റിനു കാതുകൊടുക്കിൽ 
അരിച്ചെടുക്കാം
ഒഴുകുന്ന പുഴയുടെ
പാടുന്ന കിളിയുടെ
മൊരിയുന്ന വിത്തിന്റെ
മധുരിച്ച ഈണങ്ങൾ .

പകർന്നുപടർന്നു നിറയുന്ന
പ്രാണന്റെ സംഗീതം .!





2015, നവംബർ 11, ബുധനാഴ്‌ച

സ്വപ്നപഥത്തിലെവിടെയോ ...

അമ്മിണിയേടത്തിയുടെ
ഓലപ്പുരയിലെ
അടുപ്പിൻതിട്ടയിൽ
ഉറക്കംതൂങ്ങിയിരുന്ന
കറുമ്പിപ്പൂച്ചയുടെ കണ്ണിന്റെ
ഒരു തരി തൊട്ടെടുത്ത്
ചൂട്ടു കത്തിച്ച്
അപ്പുണ്ണീടെ ഒട്ടിയ
വയറിലൊരുമ്മ കൊടുത്ത്
ഞാനിന്നിറങ്ങുന്നു .

ഗോപാലേട്ടന്റെ ആലയിൽ
ചാരംപുതച്ചുറങ്ങുന്നുണ്ടാവും
ഒരു പിടി കനൽക്കട്ടകൾ
വേണിയേടത്തിയുടെ വീട്ടിലെ
അകത്തളത്തിൽ
തിരിതാഴ്ന്നിരിപ്പുണ്ടാവും
നാളെയെന്ന് മന്ത്രം ജപിക്കുന്ന
നിലവിളക്കുകൾ .

ഒരു കാതം കൂടിയുണ്ടെന്ന്
ഒരു ചൂണ്ടുവിരലടയാളം തന്ന
പാലമരത്തിന്റെ മണമെടുത്ത്
നെറ്റിയിൽ തൊട്ട്
പൊത്തിലൊരിടം കണ്ടുപിടിച്ച്
തുള വീണ ആകാശത്തെയും
വെട്ടേറ്റ സൂര്യനെയും
മുറിപ്പെട്ട് മുറിപ്പെട്ട്
തുന്നൽക്കാരിയായ ഭൂമിയെയും
അല്പനേരം സൂക്ഷിക്കാനേൽപ്പിച്ച്
ഞാൻ നടക്കുന്നു .

ഇന്നലെ ഞാൻ നട്ട പൂമരം
ഇരുണ്ടുപോയവളെന്ന്
ഇലയനക്കുന്നു
കാത്തിരുന്ന് കണ്ണുകുഴഞ്ഞെന്ന്
നീ പരിഭവിക്കുന്നു
ഉടലുമുയിരുമെന്നടക്കം പറഞ്ഞ്
നമ്മൾ കൈകോർക്കുന്നു
ഒരു ഭ്രമണപഥത്തിൽ നഷ്ടപ്പെട്ട്
നാളെ വീണ്ടും
രണ്ടു ഗ്രഹങ്ങളായ് പിരിയാൻ
പുതിയൊരു സൗരയൂഥം തീർക്കുന്നു . 

2015, നവംബർ 1, ഞായറാഴ്‌ച

ഒരുതരി വെളിച്ചത്തിലോരായിരം നക്ഷത്രങ്ങൾ

ഒളിഞ്ഞുനിന്നു ചിരിവിതറുന്ന
പ്രകാശരേണുക്കളെ
നുള്ളിയെടുത്തു വെയ്ക്കാൻ
തീരാത്ത കൊതിയാണ് .

ഓലക്കീർ വകഞ്ഞുമാറ്റി
അകായിലേക്ക് കടന്നിരിക്കുന്ന
വെളിച്ചപ്പൊട്ടുകളെ നുള്ളിനുള്ളി
വിരൽതുമ്പത്തു ചോരപൊടിയാൻ
തീരാത്ത കൊതിയാണ് .

ഒരാഴവട്ടത്തിൽനിന്ന്
ഒരു ചില്ലു കോരിയെടുത്ത് 
കൈക്കുമ്പിളാൽ മൊത്തിക്കുടിച്ച്
അകംപുറമൊരുപോലെ നനയാൻ
തീരാത്ത കൊതിയാണ് .

നെഞ്ചിലേയ്ക്കിറങ്ങിനിന്ന്
ചിന്നിച്ചിതറിച്ച്‌
നക്ഷത്രപ്പൊട്ടുകളിൽ
മുഖം തോർത്തിയെടുക്കാൻ
തീരാത്ത കൊതിയാണ് .

പേരമരചില്ലയിലാടുന്ന
പോക്കുവെയിൽക്കണ്ണാടിയോട് 
ഒരു  ചീന്തെനിക്കുമെന്നു കടംവാങ്ങി
കണ്‍കോണിൽ പൊതിഞ്ഞുവെയ്ക്കാൻ
തീരാത്ത കൊതിയാണ് .

നിലാവിൻ  മുലക്കച്ച കെട്ടാതെ
രാത്രിയാൾ നടക്കാനിറങ്ങുമ്പോൾ
ഒപ്പരം ഞാനുമുണ്ടേന്ന്
കണ്ണുകുടഞ്ഞെടുത്ത് 
വഴിനീളെ കത്തിച്ചുപിടിക്കാൻ
തീരാത്ത കൊതിയാണ് .

കിനാവിൻ  പാടവരമ്പത്തിരുന്ന്
കാറ്റിൻ വിരലാലൊരു  താൾ മറിച്ച്
'നിന്റെ കണ്ണിലാണെന്റെ കവിത'യെന്ന്
വായിച്ചു വായിച്ചു നിറയാൻ
തീരാത്ത കൊതിയാണ് ....!
-------------------------------------------