നിനക്കു കണ്ണുതന്ന്
ഇരുട്ടും പുതച്ച്
വെറുതെ കിടക്കാൻ
വല്ലാത്തൊരു പേടി
ഈയിടെയായി
നീ പെറ്റിടുന്ന
നക്ഷത്രങ്ങൾക്കൊക്കെ
കൊലചെയ്യപ്പെട്ട
പെൺപൂമൊട്ടുകളുടെ
ചോരകത്തുന്ന മുഖം .
ഉറക്കം തൂങ്ങുന്ന
മരമുടലുകളെ
തട്ടിയുണർത്തി
വിരലു പിടിച്ച്
ചിത്രമെഴുതിക്കാൻ
നീ ഇടയ്ക്കും മുറയ്ക്കും
പറത്തി വിടുന്ന കാറ്റിന്
പാതിവെന്തു നീറിയ
മാംസത്തിന്റെ മണം .
നിന്റെ ചെരുവിലൊരു
വിത്തുപാകാൻ
അതിലൊരു കിനാവ്
കിളിർക്കുന്നതും നോക്കി
ഉറക്കമിളച്ചിരിക്കാൻ
ഇനിയെന്നാണ്
ഞാനീ മണ്ണിൽ നിന്നൊരു
കായ് പറിച്ചെടുക്കുക ...