2016, ഡിസംബർ 20, ചൊവ്വാഴ്ച

വസുന്ധര

കണ്ണും കാതും
ഹൃദയത്തോട്
ചേർത്തുപിടിച്ചാൽ
കേൾക്കാം

ഒരു നേർത്ത
സ്വരത്തിൽ നിന്ന്
അവൾ മുഴക്കങ്ങളെ
തീപ്പിടിപ്പിക്കുന്നത്
 
തേങ്ങലിൽ നിന്ന്
ആർത്തലച്ച് 
മുടിയഴിച്ചിട്ട്
കടപുഴകുന്നത്

വറ്റിപ്പോകുന്ന
ഞരമ്പുകളിലൂടെ
ദാഹമെന്നു മുറിഞ്ഞ്
ഉൾവലിയുന്നത്‌

ചുട്ടുപൊള്ളി
കൊടും തിരകളായ്
തീരത്തെ വിഴുങ്ങി
ചൂടാറ്റുന്നത്

വിണ്ടുകീറി
വികലമായ നെഞ്ച്
ആകാശത്തേക്ക്
തുറന്നുപിടിക്കുന്നത്
 
നിറം ചോർന്ന
പൂക്കൾകൊണ്ട്
വസന്തമെന്നെഴുതുന്നത്

പടക്കോപ്പ്
മൂർച്ചപ്പെടുത്തി
വികൃതമാക്കപ്പെട്ട ഭൂപടം
തിരുത്തുന്നതെങ്ങനെ ....!  

2016, ഡിസംബർ 17, ശനിയാഴ്‌ച

അയനം


ഇരുട്ട് വിളഞ്ഞ
നെടുങ്കൻ പാടത്തിന്റെ
തെക്കേ മൂലയിൽ നിന്ന്
എത്തിനോക്കിയാൽ 
താഴേപ്പറമ്പിൽ കാണാം
ഇന്നലെ പെയ്ത മഴയിൽ
ഒലിച്ചുപോയ വീടുകളുടെ
അസ്ഥികൂടങ്ങൾ

കൂക്കിവിളി കേട്ട്
ഞാനിവിടെയുണ്ടേന്ന് 
കൈപൊക്കി നിന്ന്
മരമുടല് കാത്തുവെച്ച്
മഴയെടുക്കാതെൻറെ കുടില്

കാറ്റിനെയാട്ടിയോടിച്ച് 
തടുക്ക് വിരിച്ച്
ഇരുട്ടേന്ന് നീട്ടിവിളിച്ച്
അത്താഴം വിളമ്പി
കൂട്ടിരിക്കുന്ന
മണ്ണെണ്ണ വിളക്ക്

മെഴുകിയ തിണ്ണയിൽ
ചുരുണ്ടുകിടക്കുന്ന
തുടലില്ലാത്ത മുരൾച്ച

അകലെ തെളിയുന്ന 
ചൂട്ടുവെട്ടത്തിലേയ്ക്ക്
കഴുത്തു നീട്ടി
തൂണും ചാരിയിരിക്കുന്ന
മിന്നിന്റെ മിനുക്കം

ഇല്ലായ്മയിലേക്ക്
കണ്ണ് വിടർത്തി
വിരലുണ്ടു ചിരിച്ച്‌
പിഞ്ഞിയ പായയിൽ
തളിരായൊരു കവിത

പൊട്ടക്കിണറ്റിനുള്ളിലെ  
വീണുടഞ്ഞ ചന്ദ്രനോട്
'എന്നെ മനസ്സിലായില്ലേ'യെന്ന്‌
വാറ്  പൊട്ടിയ പഴഞ്ചൻ ചോദ്യം.

2016, ഡിസംബർ 14, ബുധനാഴ്‌ച

ഒരൊറ്റ ഉമ്മകൊണ്ട് ജീവിതത്തെ നിത്യതയിലേയ്ക്ക് ഉയർത്തുന്നവനാണ് മരണമെന്ന് .....


ഡോ .പ്രദീപൻ പാമ്പിരിക്കുന്ന് ( ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
കൊയിലാണ്ടി കേന്ദ്രത്തിലെ മലയാള വിഭാഗം മേധാവി .ദളിത് സൈദ്ധാന്തികൻ
സാഹിത്യ സംഗീത നിരൂപകൻ , നിരവധി ലേഖനങ്ങൾ ,പുസ്തകങ്ങൾ ....
കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം കൽബുർഗി വധവുമായി ബന്ധപ്പെട്ടു
രാജിവെച്ചു .ഏകജീവിതാനശ്വര ഗാനം , ദലിത് സൗന്ദര്യശാസ്ത്രം , സംസ്കൃത കാവ്യം
ഘടകർപ്പര കാവ്യത്തിന്റെ വിവർത്തനം എന്നിവ പ്രധാന കൃതികൾ .
സുകുമാർ അഴീക്കോട് എൻഡോവ്മെന്റ് അവാർഡ് ,ഭാഷാഇൻസ്റ്റിറ്റ്യു ട്ടിന്റെ
എൻ .വി .സ്മാരക വൈജ്ഞാനിക അവാർഡ് .........

ഡിസംബർ എട്ടിന് രാത്രി മരണം .
ഒന്നാംതീയതി വീട്ടിലേയ്ക്കു പോകുന്നതിനിടെ ബൈക്ക് ഇടിച്ചിടുകയായിരുന്നു .
ഡിസംബർ എട്ടിന് രാവിലെ ശ്രീനിവാസൻ കൊയിലാണ്ടി (പ്രിയ സുഹൃത്ത് / കൂടെപ്പിറപ്പ് )
വിളിച്ചു പറയുമ്പോൾ ഒന്നും സംഭവിക്കരുതേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു .
രാത്രി മരണവിവരമറിയുമ്പോൾ ആകെ തളർന്നുപോയി .

ശ്രീനി എനിക്ക് കുറിച്ച വാക്കുകൾ ......
 
 Prathibadhananaya ,souhridhangalil ennum santoshicha , Baashayeyum,pusthakangaleyum nechodu charthu snehicha ente priya snehithan avasanam vayicha varikal geetha Chechi varachuchertha ee vaangmaya chithrangalayirunnu.......

Sree......Avarodu parayanam njan avarumayi souhridhapedan aagrahikkunnu enne....njanum prof Kalpetta narayananumayi samsarichu piriyumbol.......

സൗഹൃദപ്പെടുക !!! ഈയുള്ളവളുമായി , അതിശയപ്പെട്ടുപോയി  കേട്ടപ്പോൾ .
ആ വലിയ മനസ്സ് ..........ആവാതെ പോയല്ലോ ഈ ജന്മത്തിൽ .
മരിച്ചുപോകുന്നവർക്കു ഒരു ലോകമുണ്ടെങ്കിൽ എനിക്ക്  മാഷിനെ കാണണം .
ചങ്ങാതിയാവണം . കുറെ ചോദിച്ചറിയാനുണ്ട് ,പറയാനും ...............

പ്രശസ്ത എഴുത്തുകാരൻ സുഭാഷ്‌ചന്ദ്രൻ കുറിച്ചിരിക്കുന്നു :-

ഇന്നലെ രാത്രി പ്രദീപനെ കാണാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിരുന്നു. അത്യാഹിത വിഭാഗത്തിലെ ഉള്ളറകളിലൊന്നിൽ ആസന്നമൃത്യുവായി കിടന്നിരുന്ന എട്ടോ ഒമ്പതോ പടുവൃദ്ധർക്കിടയിലെ ഒരു കട്ടിലിൽ കട്ടി കുറഞ്ഞൊരു ആശുപത്രി ത്തുണിയിൽ മൂടി കിടക്കുകയായിരുന്നു അദ്ദേഹം. മുഖത്തു നിന്ന് നഴ്സ് തുണി മാറ്റിയപ്പോൾ വിനയമധുരം നിറഞ്ഞ ആ പഴയ ചിരിയുടെ സ്ഥാനത്ത് വേദനനിലച്ചതിൽ ആശ്വാസം കൊള്ളുന്ന ഒരു ശാന്തത, നരച്ചു തുടങ്ങിയ താടിരോമങ്ങൾക്കുള്ളിൽ അടങ്ങി നിൽക്കുന്നത് കണ്ടു. പ്രദീപൻ, പൊടുന്നനെ പൊട്ടി മുളച്ച ആവേശത്തോടെ ഇനി നിന്നെ വാഴ്ത്താൻ ആളുകളെത്തും. നീ ദളിതനായിരുന്നെന്നും ബുദ്ധിമാനായിരുന്നെന്നും കവി തന്നെയായിരുന്നെന്നും അവർ പറയും.
പ്രദീപൻ, നമ്മൾ സുഹൃത്തുക്കളായിരുന്നില്ല. അധികമൊന്നും പരസ്പരം സംസാരിച്ചിട്ടില്ല. ഒന്നിച്ചു പങ്കിട്ട ഒരവസരത്തെക്കുറിച്ചു പോലും ഓർക്കാനില്ല. എന്നിട്ടും ഞാനവിടെ വന്നതെന്തിനെന്നോ? എന്നെത്തന്നെ കാണാൻ . മരണ സർപ്പത്തിന്റെ അനിവാര്യമായ ദംശനമേറ്റ് നീലിച്ച, എക്കാലത്തേക്കുമായി നിലച്ച ആ ജൈവഘടികാരത്തിന് അഭിവാദ്യമർപ്പിക്കാൻ. സന്തോഷത്തോടെയിരിക്കൂ പ്രദീപൻ . സമാധാനത്തോടെയിരിക്കൂ. എന്തെന്നാൽ ജാതിയും മതവും ആണും പെണ്ണും സമ്പത്തും ദാരിദ്ര്യവും പാണ്ഡിത്യവും പാമരത്വവും സ്നേഹവും ശത്രുതയുമില്ലാത്ത ഒരിടത്തെത്താനുള്ള നമ്മുടെ ശ്രമങ്ങൾക്ക് നിലവിലെ സാഹചര്യങ്ങളിൽ ഇതേയുള്ളൂ പ്രതിവിധി: ഈ തണുപ്പൻ മരണം.

നിന്റെ സ്വന്തം സുഭാഷ് ചന്ദ്രൻ

' ഈ തണുപ്പൻ മരണം' ശരിയാണ് , തീർത്തും ശരി .



2016, ഡിസംബർ 7, ബുധനാഴ്‌ച

ഉയിർപാകം

പച്ചപ്പിൽ
ഉണങ്ങാനിട്ടിരിക്കുന്നു 
നീ തുടച്ച്
ഞാൻ നനഞ്ഞ
വെളുത്ത തൂവാല

ശ്വാസത്തിന്റെ
വെയിലിലുണക്കി
സ്വപ്നമെന്ന് 
കോരിയെടുത്ത്
പത്തായത്തിലുറക്കണം

മഞ്ഞുണ്ട്
കിളിയുണ്ട്
ചില്ലയുണ്ടെന്ന്
പറഞ്ഞുപതിഞ്ഞത്
പാടിയുണർത്തണം 

നീ നീയെന്നുരുവിട്ട്
പാകംവന്ന
നാവുകൊണ്ട് 
ഉപ്പെന്നു തൊട്ട്
കടലെന്നു രുചിക്കണം

ആദ്യം വരച്ചത്
മണ്ണെന്ന്
വിണ്ണെന്ന്
അല്ല കടലെന്ന്
എന്നാലാരാരെയെന്ന്
വീണ്ടും വീണ്ടും
വിചാരപ്പെട്ട്
പടിഞ്ഞാറ് കോരി
തൂവാല ചുവപ്പിക്കണം . 
ഉറങ്ങുംമുമ്പ് അച്ഛനാ കഥ പറഞ്ഞു തരാം - കുപ്പായത്തിന്റെയും ചെരുപ്പുകളുടെയും പഴയൊരു നാടോടിക്കഥ ...

ഇങ്ങനെ തുടങ്ങുന്നു സുദീപ് ( ന്യായാധിപൻ , പ്രശസ്തകഥാകാരി പ്രിയ .എ .എസ് ന്റെ
കൂടെപ്പിറപ്പ് ) സ്വന്തം മകൾ സുദീപ്തയ്ക്ക്  ഒരു കഥ .....................

- പണ്ടൊരിക്കൽ ഒരു വീട്ടമ്മയ്ക്ക് ഒരു കഥയും ഒരു പാട്ടും അറിയാമായിരുന്നു. പക്ഷേ അവർ ആ കഥ ആരോടും പറയാതെയും ആ പാട്ട് ആരോടും പാടാതെയും ഉള്ളിലടക്കി വച്ചു.
അവരുടെ ഉള്ളിൽ തടവിലാക്കപ്പെട്ട കഥയും പാട്ടും പുറത്തു കടക്കാനാകാതെ വീർപ്പുമുട്ടി. എങ്ങനെയെങ്കിലും പുറത്തു കടന്ന് ഓടി രക്ഷപ്പെടാൻ അവ ആശിച്ചു. ഒരു നാൾ, വീട്ടമ്മ ഉറങ്ങുന്ന തക്കം നോക്കി, അവരുടെ പാതി തുറന്ന വായിലൂടെ കഥ രക്ഷപ്പെട്ടു താഴെ വീണ്, ഒരു ജോഡി ചെരുപ്പുകളായി രൂപം മാറി വാതിൽപ്പടിയിൽ ചെന്നിരുന്നു. പാട്ടും അതുപോലെതന്നെ രക്ഷപ്പെട്ട് ഒരു കുപ്പായത്തിന്റെ രൂപമെടുത്ത്, വാതിലിനടുത്തുള്ള കുറ്റിയിൽ തൂങ്ങിക്കിടന്നു.
അവിടെ കയറി വന്ന സ്ത്രീയുടെ ഭർത്താവ് വാതിലിനു പുറത്തെ കുപ്പായവും ചെരുപ്പുകളും കണ്ട് ഭാര്യയോടു ചോദിച്ചു:
- ആരാണിവിടെ വന്നിരിക്കുന്നത്?
- ആരുമില്ലല്ലോ.
അവൾ പറഞ്ഞു.
- അപ്പോൾ ഈ കുപ്പായവും ചെരുപ്പുകളും?
-എനിക്കറിയില്ല.
അയാൾക്കു സംശയം കലശലായി. വഴക്കായി. കോപം മൂത്ത ഭർത്താവ് വീട്ടിൽ നിന്നിറങ്ങിപ്പോയി. അയാൾ ഉറങ്ങാനായി പോയത് തൊട്ടടുത്ത ഹനുമാൻ ക്ഷേത്രത്തിലേയ്ക്കായിരുന്നു.
ആ സ്ത്രീ വീണ്ടും വീണ്ടും തനിയെ ചോദിച്ചു:
-ആരുടെയാണ് ആ കുപ്പായവും ചെരുപ്പുകളും?
അത്ഭുതവും സങ്കടവും തോന്നി അവർ വിളക്കണച്ച് ഉറങ്ങാൻ തുടങ്ങി.
ആ ഗ്രാമത്തിലെ വിളക്കുകളിലെ നാളങ്ങളെല്ലാം അണച്ചു കഴിഞ്ഞാലുടൻ ഹനുമാൻ ക്ഷേത്രത്തിൽ സമ്മേളിച്ച് രാത്രി മുഴുവൻ വർത്തമാനം പറഞ്ഞിരിക്കുകയാണ് പതിവ്. അന്ന് ഒരു നാളം മാത്രം വൈകിയാണെത്തിയത്.
മറ്റുള്ളവർ ചോദിച്ചു:
- ഇന്നെന്തേ ഇത്ര വൈകാൻ?
നാളം പറഞ്ഞു:
-ഞങ്ങളുടെ വീട്ടിലെ ഭാര്യയും ഭർത്താവും രാത്രി വൈകുവോളം വഴക്കിടുകയായിരുന്നു.
- അവരെന്തിനാണു വഴക്കിട്ടത്?
- ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് ഒരു ജോഡി ചെരുപ്പുകളും ഒരു കുപ്പായവും വാതിൽക്കൽ ഉണ്ടായിരുന്നു. അവ ആരുടേതാണെന്നു ഭർത്താവു ചോദിച്ചു. അറിയില്ലെന്നു ഭാര്യ പറഞ്ഞു. അങ്ങനെ വഴക്കായി.
- എവിടുന്നാണാ ചെരുപ്പുകളും കുപ്പായവും വന്നത്?
- ആ വീട്ടമ്മയ്ക്ക് ഒരു കഥയും പാട്ടും അറിയാമായിരുന്നു. അവരാകട്ടെ ആരോടും ആ കഥ പറയുകയോ ആ പാട്ടുപാടുകയോ ചെയ്തില്ല. അവരുടെ അകത്തിരുന്നു വീർപ്പുമുട്ടിയ കഥയും പാട്ടും വല്ല വിധേനയും പുറത്തു കടന്ന് ചെരുപ്പും കുപ്പായവുമായി മാറി ആ സ്ത്രീയോടു പകരംവീട്ടി. പക്ഷേ ആ കാര്യം ആ സ്ത്രീ അറിഞ്ഞതുമില്ല.
ക്ഷേത്രത്തിൽ കിടക്കുകയായിരുന്ന ഭർത്താവ് തീനാളങ്ങളുടെ വർത്തമാനം കേട്ടു. അയാളുടെ സംശയം മാറി. പുലർച്ചെ അയാൾ വീട്ടിൽ തിരിച്ചെത്തി. അയാൾ ഭാര്യയോട് ആ കഥയെക്കുറിച്ചും പാട്ടിനെക്കുറിച്ചും ചോദിച്ചു. പക്ഷേ അവർ അപ്പോഴേയ്ക്കും അക്കാര്യം മറന്നു പോയിരുന്നു.
- എന്തു കഥ?ഏതു പാട്ട്?
അവർ ചോദിച്ചു.
 --------------------------------------------------

കരയാതിരിക്കാനാവില്ലെന്ന് വീണ്ടും ....

ചെരുപ്പുകളായി രൂപം മാറിയ കഥയും,കുപ്പായമായി രൂപം മാറിയ പാട്ടും
എവിടെയൊക്കെയോ നിഴൽപരത്തി , വീണ്ടെടുക്കാനാവാത്ത ഒരു കാലത്തെ
മുന്നിൽ കൊണ്ടുവെച്ച് , കൊതിപ്പിച്ച് ഓർമ്മകളുടെ കയത്തിലേയ്ക്ക്
എന്നെ വീണ്ടും .!

പഠിത്തം മാത്രമെന്ന് കേട്ടെഴുതിയ കാലത്തെ
നിഷേധിയാകാൻ കഴിയാതെ പോയ കാലത്തെ
വായനയെ  വസന്തമെന്നു പേരിട്ട് വിളിച്ച കാലത്തെ 
രഹസ്യമായി കുറിച്ചിട്ട വരികളിൽ മഴവില്ല് വിരിയുന്നത്
നോക്കിനിന്ന് നനഞ്ഞ കാലത്തെ ഓർത്തെടുക്കുമ്പോൾ ..

ചാരമായ വരികൾക്ക് ഏറെ പ്രായമായിരിക്കുന്നു .

' - എന്തു കഥ?ഏതു പാട്ട്?'.........എവിടെ തിരഞ്ഞാലാണ് കിട്ടുക ?
ഒരു തീനാളത്തിനും അവരെ  മുന്നിൽ കൊണ്ട് നിർത്താനാവില്ലെന്നു
അറിഞ്ഞുകൊണ്ടുതന്നെ , ആരോടെന്നില്ലാതെ ഞാൻ ..............