2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

ഞാനിപ്പോൾ ഭൂപടത്തിൽ കണ്ടിട്ടില്ലാത്ത ഒരു ദേശം വരയ്ക്കുകയാണ് ....!

ഞാനിപ്പോൾ
അമ്മയുടെ മടിയിലിരിക്കുകയാണ്
അച്ഛൻ തൊട്ടടുത്തുതന്നെയുണ്ട്
പാടവും മരങ്ങളും പിറകോട്ടു നടക്കുകയാണ്
വഴിവക്കിലെ പൂക്കളിൽ തേൻ കുടിക്കുന്ന
പൂമ്പാറ്റകളെപ്പോലും കാണാനാവുന്ന വേഗതയിൽ.

ഞാനിപ്പോൾ
അരികിലെ സീറ്റിലിരുന്ന് കാഴ്ച കാണുകയാണ്
പഴയതിനേക്കാൾ വേഗത്തിലാണ് പാടവും മരങ്ങളും
നിറയെ യാത്രക്കാർ
തലമുടിയൊതുക്കി മെടഞ്ഞ് മുന്നിലേക്കിട്ടിട്ടുണ്ട്
പിൻസീറ്റിലിരിക്കുന്നവരെ അലോസരപ്പെടുത്താതെ.
കാഴ്ചകൾക്ക് വല്ലാത്തൊരു മനോഹാരിത
പോക്കുവെയിലിന്റെ ഇളം ചൂട്
മുഖത്തേയ്ക്കിറ്റിറ്റു വീഴുന്ന ചാറ്റൽമഴ
വീടിന്റെ പൂമുഖത്ത്
കടവരാന്തയിൽ
ചുമടുതാങ്ങിയുടെ ചുവടെ
മേയുന്ന പശുവിന്റെ കയററ്റത്ത്
വരികളിൽ നിന്നു പറന്നിറങ്ങി വന്ന്
ഉള്ളിൽ ചേക്കേറിയ മുഖങ്ങൾ
ഒരേ വഴിയും വേറിട്ട കാഴ്ചകളും
നാളെയെന്താവും ഒരുക്കിവെയ്ക്കുകയെന്ന ചിന്ത
മുടങ്ങാത്ത  നോക്കിയിരിപ്പ് .

ഞാനിപ്പോൾ
അരികിലെ സീറ്റിലിരിക്കുകയാണ്
എന്റെ കാഴ്ചകൾ ഉള്ളിലേയ്ക്കാണ്
ഓടുന്ന മരങ്ങളും പാടവും കാണുന്ന കണ്ണുകളിലേയ്ക്ക്.

ഞാനിപ്പോൾ
അരികിലെ സീറ്റിൽ പാട്ടുകേട്ടിരിക്കുകയാണ്
യാത്രക്കാരായി രണ്ടുപേർ മാത്രം
എത്ര വേഗത്തിലാണ് മരങ്ങളും പാടവും ഓടിമറയുന്നത്
കാഴ്ചയെ തൊട്ടെടുക്കാൻ, 'ഒന്നു പതുക്കെ'യെന്ന്
ഇടയ്ക്കിടയ്‌ക്ക്‌ ഇടംകൈയിൽ പതിയുന്ന സ്പർശം.

ഞാനിപ്പോൾ
വീടിന്റെ ഉമ്മറത്തിരുന്ന്
അന്തിത്തിരി തെറുത്തുവെയ്ക്കുകയാണ്
ഇതു വഴി പോകുന്ന ഓരോരുത്തരും
പിറകോട്ടോടുന്ന ഞാനെന്ന  കാഴ്ചയും കടന്ന്
അടുത്ത കാഴ്ചയിലേക്ക് കുതിക്കുകയാണ് .


2017, ഏപ്രിൽ 18, ചൊവ്വാഴ്ച

'കാത്തു' കാത്ത്

ഓട്ടുകൈവളക്കൊഞ്ചലാലിന്നൊരു
കാട്ടുചെമ്പകപ്പൂവിതൾ നുള്ളണം

വള്ളിമേലിരുന്നാടി,കിളികളെ
കണ്ട്,നാലു കുശലം പറയണം

നീരു കോരി മുഖമൊന്നു നോക്കീട്ട്
നീലചുറ്റുന്ന പുഴപോൽ ചിരിക്കണം

മുറ്റമാകെ വിരിച്ചിട്ട പിച്ചക -
പ്പൂക്കളാലൊരു മാലയുണ്ടാക്കണം

തൂശനിലയും തടുക്കും വിരിച്ചിട്ട്
കാലമായെന്നുറക്കെ വിളിക്കണം

ഉണ്ട്, തിണ്ണയിൽ ചായുന്ന നേരത്ത്
കൂട്ടിനായൊരു തോണിയൊരുക്കണം

രാവുറങ്ങാൻ വരുന്നെന്നു കണ്ടിട്ട്
മധുരമാം പഴംപാട്ടൊന്നഴിക്കണം

താരകങ്ങൾ ചിരിക്കുന്ന വേളയിൽ
ചന്തമാർന്നോരുടുപ്പൊന്നു തുന്നണം

മലയിറങ്ങി വരുന്നതും നോക്കി ഞാൻ
കാത്തിരിക്കാൻ തുടങ്ങി നാളേറെയായ് .

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഋതുചര്യ


വര മുറിച്ചു
കടക്കാൻ
വിരൽകടിച്ചു
നിൽക്കുന്നവളേ ,

കണ്ണിലെ
കടലു നനച്ച്
വിണ്ണിനെ
തോർത്തിയെടുക്ക്

പോക്കുവെയിൽ
കോരിയെടുത്ത്
ചുവരൊന്ന്
തേയ്ച്ചുമിനുക്ക്

മേഘക്കാർ
നനച്ചു കുഴച്ച്
തറ നന്നായ്
മെഴുകിയൊരുക്ക്

കിനാവിന്
മുടിയിൽ ചൂടാൻ
ചേമന്തിപ്പൂ
മാലകൊരുക്ക്

കവിതയ്ക്ക്
ചാഞ്ഞുമയങ്ങാൻ
നിലാപ്പൊൻ
തടുക്കുവിരിക്ക് .
------------------------------


2017, ഏപ്രിൽ 9, ഞായറാഴ്‌ച

ഉയിരാകെ പൂക്കുന്നുണ്ടാവും

മുണ്ടിന്റെ
കോന്തല പിടിച്ച്
വിയർപ്പുതുടച്ച്
ദോശക്കല്ലിൽ ശ്ശീ'ന്നൊരു
വട്ടംപരത്തി
നിവർന്നപ്പോഴാണ്
ഉറക്കെക്കരയാൻ
തുടങ്ങിയത്.

വാരിയെടുത്ത്
ഒക്കത്തിരുത്തീട്ട് 
നുണക്കുഴിവിരിയുന്നതും
നോക്കിനോക്കിയിരുന്ന്
കരിമണംവന്ന ദോശ
പാത്രത്തിലേക്ക്
നീക്കിവെച്ച്
താഴെനിർത്തിയതേയുള്ളു.

കണ്ണെടുക്കും മുമ്പേ...!

പറയാനൊണ്ടായിരുന്നു,
ഒരു നൂറുകൂട്ടം.


ചിമ്മിനിവെട്ടത്തിൽ
പൂവാലീടെ പേറ്റുനോവിന്
ഇന്നലേം ഉറങ്ങാതിരുന്നത്,

കാറ്റൊന്നു ചിരിച്ച നേരത്ത്
ഇളകിയാടിയ പെരയെ നോക്കി
അയ്യോന്ന് വേവലാതിപ്പെട്ടത്,


മഴ തുള്ളിയ നേരത്ത്
കനൽ കെട്ടുപോയല്ലോയെന്ന്
മേലെ നോക്കി പിറുപിറുത്തത്,

ഇനിയും പൂവിട്ടില്ലേന്നു കലമ്പി
റോസാച്ചെടിയുടെ തലയ്ക്ക്
ഒരു നുള്ളുകൊടുത്തത്

കാൽപ്പെട്ടി തുറന്നുവെച്ച്
മാനം കാണിക്കാതെ
ഒരു തൂവാല മുത്തിമണത്തത്

ഒറ്റയ്ക്കല്ലല്ലോ
നീയില്ലേ കൂടെയെന്ന്
കവിളു കാക്കുന്ന
മറുകിലമർത്തി
ഒരുമ്മ കൊടുക്കാൻ കൊതിച്ചതാണ്‌

നീയിപ്പോളെവിടെയൊക്കെയോ
പെയ്തു നിറയുന്നുണ്ടാവും ....! 

2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

ചരമഗീതം


വെയിലിന്റെ
നെറുകയിൽ
വിരൽത്തുമ്പു നനച്ച്
വല്ലാതെ
പനിക്കുന്നുണ്ടെന്ന്
ചാറി മറയുന്ന മഴ.

നിഴലു തോർന്ന്
കാടിറങ്ങിപ്പോയ
വഴി തൊട്ട്
വല്ലാതെ
മുറിഞ്ഞുപോയെന്ന്
പാറി മറയുന്ന കാറ്റ്.

എഴുതാതെ കറുത്ത
കണ്ണുകളിൽ
ഉറക്കമിളച്ചതിന്റെ
അടയാളങ്ങളെന്ന് രാത്രി.

ചമഞ്ഞൊരുങ്ങി
കിടക്കാൻ
ഒരു വരി മൂളണമെന്ന്
തൊണ്ടവറ്റിയ പാട്ടുകളോട്
വിണ്ടുകീറിയ ഒരുവൾ.