2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

ഞാനിപ്പോൾ ഭൂപടത്തിൽ കണ്ടിട്ടില്ലാത്ത ഒരു ദേശം വരയ്ക്കുകയാണ് ....!

ഞാനിപ്പോൾ
അമ്മയുടെ മടിയിലിരിക്കുകയാണ്
അച്ഛൻ തൊട്ടടുത്തുതന്നെയുണ്ട്
പാടവും മരങ്ങളും പിറകോട്ടു നടക്കുകയാണ്
വഴിവക്കിലെ പൂക്കളിൽ തേൻ കുടിക്കുന്ന
പൂമ്പാറ്റകളെപ്പോലും കാണാനാവുന്ന വേഗതയിൽ.

ഞാനിപ്പോൾ
അരികിലെ സീറ്റിലിരുന്ന് കാഴ്ച കാണുകയാണ്
പഴയതിനേക്കാൾ വേഗത്തിലാണ് പാടവും മരങ്ങളും
നിറയെ യാത്രക്കാർ
തലമുടിയൊതുക്കി മെടഞ്ഞ് മുന്നിലേക്കിട്ടിട്ടുണ്ട്
പിൻസീറ്റിലിരിക്കുന്നവരെ അലോസരപ്പെടുത്താതെ.
കാഴ്ചകൾക്ക് വല്ലാത്തൊരു മനോഹാരിത
പോക്കുവെയിലിന്റെ ഇളം ചൂട്
മുഖത്തേയ്ക്കിറ്റിറ്റു വീഴുന്ന ചാറ്റൽമഴ
വീടിന്റെ പൂമുഖത്ത്
കടവരാന്തയിൽ
ചുമടുതാങ്ങിയുടെ ചുവടെ
മേയുന്ന പശുവിന്റെ കയററ്റത്ത്
വരികളിൽ നിന്നു പറന്നിറങ്ങി വന്ന്
ഉള്ളിൽ ചേക്കേറിയ മുഖങ്ങൾ
ഒരേ വഴിയും വേറിട്ട കാഴ്ചകളും
നാളെയെന്താവും ഒരുക്കിവെയ്ക്കുകയെന്ന ചിന്ത
മുടങ്ങാത്ത  നോക്കിയിരിപ്പ് .

ഞാനിപ്പോൾ
അരികിലെ സീറ്റിലിരിക്കുകയാണ്
എന്റെ കാഴ്ചകൾ ഉള്ളിലേയ്ക്കാണ്
ഓടുന്ന മരങ്ങളും പാടവും കാണുന്ന കണ്ണുകളിലേയ്ക്ക്.

ഞാനിപ്പോൾ
അരികിലെ സീറ്റിൽ പാട്ടുകേട്ടിരിക്കുകയാണ്
യാത്രക്കാരായി രണ്ടുപേർ മാത്രം
എത്ര വേഗത്തിലാണ് മരങ്ങളും പാടവും ഓടിമറയുന്നത്
കാഴ്ചയെ തൊട്ടെടുക്കാൻ, 'ഒന്നു പതുക്കെ'യെന്ന്
ഇടയ്ക്കിടയ്‌ക്ക്‌ ഇടംകൈയിൽ പതിയുന്ന സ്പർശം.

ഞാനിപ്പോൾ
വീടിന്റെ ഉമ്മറത്തിരുന്ന്
അന്തിത്തിരി തെറുത്തുവെയ്ക്കുകയാണ്
ഇതു വഴി പോകുന്ന ഓരോരുത്തരും
പിറകോട്ടോടുന്ന ഞാനെന്ന  കാഴ്ചയും കടന്ന്
അടുത്ത കാഴ്ചയിലേക്ക് കുതിക്കുകയാണ് .