സ്നേഹിച്ചു കൊതിതീർന്നിട്ടില്ലെന്ന് ഒരു മകൾ
അമ്മയെക്കുറിച്ചു പറഞ്ഞു കരയുന്നു .ഫോണിന്റെ
അങ്ങേത്തലയ്ക്കലിരുന്ന് അവളും ഇങ്ങു ദൂരെയിരുന്നു
ഞാനും ഒന്നായിത്തീരുന്നു .
എത്ര സ്വർഗ്ഗീയമാണ് ഒരാലിംഗനമെന്നെയറിയിച്ച അമ്മ.
പ്രീഡിഗ്രി കാലത്തെ ഹോസ്റ്റൽ ജീവിതം സമ്മാനിച്ച അമ്മ .
നീണ്ട വർഷങ്ങൾക്കിപ്പുറവും ആ മനസ്സിൽ ഞാനേറ്റവും
പ്രിയപ്പെട്ടവളായിരുന്നുവെന്ന അറിവ് , ജന്മസുകൃതം .
കാര്യമറിഞ്ഞു കരയാൻ പഠിച്ച നാൾ മുതൽ ദൂരെ
മാറിനിന്നെന്നെയെന്നും കൊതിപ്പിച്ചിരുന്നു കടലിന്റെ
മകളായൊരമ്മ. എട്ടാമതും ആൺകുഞ്ഞെന്നറിഞ്ഞ്
ഒരു മകളെ വല്ലാതെ കൊതിച്ചതാണത്രെ .അന്നെന്റെ
പിഞ്ചുശരീരം ആ നെഞ്ചോട് ചേർന്നുകിടന്നിട്ടുണ്ടാവും
ഒരു നിമിഷമെങ്കിലും .പിടിക്കപ്പെട്ടപ്പോൾ വല്ലാതെ
കീറിമുറിഞ്ഞിട്ടുണ്ടാവും ആ നെഞ്ചകം.ഗ്രേസി എന്ന
പേര് ഒരു മന്ത്രം പോലെ ഞാനുരുവിട്ടുകൊണ്ടേയിരിക്കുന്നു
എന്ന്ഒരിക്കൽപ്പോലും അറിഞ്ഞിട്ടുണ്ടാവില്ല ആ അമ്മയും
തിര, അടിച്ചുകയറി നനച്ചിറങ്ങിപ്പോകുന്ന ആ വീടകവും .
പ്രസവിച്ച കുട്ടി തന്റേതല്ലെന്ന അമ്മയുടെ നേരിയ
സംശയം ,അത് വീണ്ടും വീണ്ടും അമ്മയിലൂടെയിറങ്ങി
പല നാവുകളിലൂടെയാണെന്നിലെത്തുക .ആ വേദനയെ
എന്തിനോടാണു ഞാനുപമിക്കുക. മൂന്നാമതായോ അതോ
എട്ടാമതായോ ഞാനെന്ന ചോദ്യം ഉള്ളിൽക്കിടന്ന്
ദഹിക്കാതെ തികട്ടിവരും .
അതിന് വല്ലാത്തൊരു രസമാണ്. ചവർപ്പിന്റെ,
കയ്പ്പിന്റെ ,എരിവിന്റെ .
സരസ്വതിയെന്ന വളർത്തമ്മ
ശങ്കരിയെന്ന അയലത്തമ്മ
കൂട്ടുകാരികളുടെ അമ്മമാർ
കൂടു വിട്ട് പറന്നുചെന്നിരുന്നിരുന്ന ചില്ലകളിലെല്ലാം
തിരഞ്ഞത് അമ്മക്കിളിയെ .ഒരിക്കൽപ്പോലും നിരാശ
എന്തെന്നറിഞ്ഞിട്ടില്ല .'ഈ ചിരി കേൾക്കാൻ വിളിച്ചതാണ് '
എന്നൊരു സ്നേഹം തഴുകുമ്പോൾ കണ്ണൊരു കടലാകും .
തിരയെടുക്കരുതേ എന്റെ അമ്മയുടെ വീടെന്നു പ്രാർത്ഥിക്കും .
ഇന്നൊരു ജനാല തുറന്നിട്ടാൽ കാണാനാവുന്ന ദൂരത്തിൽ
പൊന്നമ്മയെന്ന സ്നേഹം .
അമ്മമാർക്കെല്ലാം എന്തൊരു സുഗന്ധമാണ്.
മഞ്ഞളിന്റെ , പിച്ചകപ്പൂവിന്റെ ,വെളിച്ചെണ്ണയിൽ
വറുത്തുകോരുന്ന കൊതിയൂറുന്ന പലഹാരങ്ങളുടെ
അങ്ങനെയങ്ങനെ നൂറുകൂട്ടം .
ഒരു പോറലുമേൽക്കാതെ , മങ്ങാതെ ഭദ്രമായി പൊതിഞ്ഞു
വെച്ചിട്ടുണ്ട് ഞാനെന്റെ അമ്മയോർമ്മകളെ .കൂട്ടിനായ്
കൊണ്ടുപോകണം അവസാനയാത്രയിൽ .
( അത്തപ്പൂക്കളമൊരുക്കാൻ അമ്മയെ കാണാതെ ആദ്യമായ്
ഒരു മുറ്റം അലസമായ് നോക്കിക്കിടപ്പാണ്.ഉറങ്ങാതെ കിടന്ന്
നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഒടുവിൽ,ഞാൻ മൂന്നാമത്തെയോ
അതോ എട്ടാമത്തെയോയെന്ന് ചോദിച്ചു കരയാൻ അമ്മയില്ലിന്ന്.
സ്നേഹമായിരുന്നു നിറവായിരുന്നു ,കൊതിതീർന്നിട്ടില്ലെനിക്കും.)