2017, സെപ്റ്റംബർ 27, ബുധനാഴ്‌ച

അന്ന്
വാനത്തിന്റെ
ഉച്ചിയിൽനിന്ന്
പൂത്തിറങ്ങിയാണ്
പുഴയെ ചുബിച്ച്
നമ്മൾ പുഴയായ്
ഒഴുകിയത്

അത്രയും
നനഞ്ഞിട്ടില്ല
പിന്നീടൊരു
മഴയും

അത്രയും
ഉതിർന്നിട്ടില്ല
പിന്നീടൊരു
കാറ്റും

അത്രയും
വിയർത്തിട്ടില്ല
പിന്നീടൊരു
വെയിലും

മരിക്കാൻ
മഞ്ഞയണിഞ്ഞില്ല
പിന്നീടൊരിലയും

അത്രയുമത്രയും
നീയായിരുന്നു
ഞാനന്ന്
ഇന്നും ...!





2017, സെപ്റ്റംബർ 23, ശനിയാഴ്‌ച


പാദരക്ഷകൾ
അഴിച്ചുവെച്ചിരുന്നു
പടിയിറക്കത്തിന്
ഒരു മാത്ര മുമ്പേ

ഊട്ടാനിനി
കഥകളില്ലെന്ന്
തീപ്പെടാനിനി
കിനാവുകളൊന്നും
ബാക്കിയില്ലെന്ന്
ചുവപ്പഴിഞ്ഞ്
കറുത്തിടങ്ങളിൽ
വിരൽപതിച്ച്
അടയാളപ്പെടുത്തുന്നു

നീ തൊട്ട്‌
വിശുദ്ധമാക്കിയവളെ
വലതുവശം ചേർത്ത്
വലംകൈ മുറുകെ ചുറ്റി
കൂടെ കൂട്ടുകയാണ്
വാക്കുകൾ വിരിച്ചിട്ട്
പൊരുളുറങ്ങുന്ന
ദിക്കിലേയ്ക്ക്
പകലിറങ്ങും മുമ്പേ
എത്തേണ്ടതുണ്ട്

പെണ്ണേ

രക്തം കിനിയുമ്പോൾ
തുടയ്ക്കാൻ
കീറത്തുണിയൊന്നും
കരുതിവെയ്‌ക്കേണ്ടതില്ല
പുരട്ടാൻ പച്ചിലച്ചാറും

നോക്ക്

കാലുകളിരുന്നിടത്ത്
ഉണങ്ങിയ രണ്ടു മുറിവുകൾ.



2017, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

ഒരിളം കാറ്റിന്റെ
നിഴൽപറ്റിനിന്ന്
തട്ടിത്തൂവിപ്പോയ
നറുമണം
പാതിവിരിഞ്ഞ
പിച്ചകപ്പൂകൊണ്ട്
നുള്ളിയെടുത്ത്
നെറുകയിൽ തൊട്ടുവെച്ച്
മലയിറങ്ങി വരുന്ന
നാട്ടു വഴി

മഞ്ഞുതുള്ളികൾ
പൂത്തു നിൽക്കുന്ന
ശാഖയിൽ
ഇന്നലെ പതിഞ്ഞ
വിരൽനഖപ്പാടിന്റെ
മനം മയക്കുന്ന
വൈഡൂര്യത്തിളക്കം

മഴ മാഞ്ഞ ദിക്കിൽ
ചുവരു കാക്കുന്നു 
പൊഴിയുംവരെ
നിറമായിരിക്കുമെന്ന്
കിനാവ് പിഴിഞ്ഞെടുത്ത്
നിലാവ് നിറച്ചെഴുതിയ
ചുവന്ന തീട്ടൂരം

കേട്ടു മയങ്ങിയ
പഴംകഥയിലെ
പെരുംനുണകളെടുത്ത്
വരികളിൽ  ചാലിച്ച്
രാത്രിക്കു കണ്ണെഴുതി
ഉയിരേന്നു പാടിപ്പാടി
വെളുപ്പിക്കേണ്ടതുണ്ട്

ഒരു ശ്വാസകണം കൊണ്ട്
വറ്റാത്ത നിലമുഴുത്
ഒരു നുള്ളു കാഴ്ചയുടെ
വിത്തുപാകി
ഒരു നാളെയെ
മുളപ്പിച്ചെടുക്കാൻ
നീ മണ്ണാകണം
ജലമാകണം
എന്റെ വിരലു കാക്കുന്ന
വെളിച്ചമാകണം .


2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

''വാംങ്മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം .''

( വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)

വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.

ധ്യാനിക്കാറുണ്ട് ഒരു വാക്കിനായ് പലപ്പോഴും.
വാക്കേ കനിയുക .

പുനർവിചാരമില്ലാതെ എടുത്തെറിയാറുണ്ട് 
വാക്കുകളെ പലയിടങ്ങളിലേയ്ക്കും.കൈവിട്ടുപോയ 
വാക്കിനെയോർത്ത് നിസ്സഹായതയോടെ വിലപിക്കാറുണ്ട്.
ഇനിയില്ലയിനിയില്ലെന്ന് ഉരുവിടാറുണ്ട്.
വാക്കേ പൊറുക്കുക .

അടുക്കിവെയ്ക്കാറുണ്ട് വരികളിൽ.മോഹം കൊണ്ട്.
അടർത്തിവെയ്ക്കാറുണ്ട് കിനാവുകളുടെയുച്ചിയിൽ.
വാക്കേ പൂക്കുക .




2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

നിള
അവൾക്കു മുകളിലൂടെ കടന്നു പോയിട്ടുണ്ട് .അരികിലിറങ്ങി
നോക്കിനിന്നിട്ടുണ്ട്, ഒരു തേങ്ങൽ വന്ന് കാഴ്ച മറയ്ക്കുംവരെ .
പലവട്ടം .
അന്നൊക്കെ അവൾ പേരിൽ മാത്രം നിറഞ്ഞൊഴുകിയവൾ .
പോയകാലത്തിന്റെ ബാക്കിപത്രമെന്നവണ്ണം അങ്ങിങ്ങായി
സൗന്ദര്യത്തിന്റെ തിരുശേഷിപ്പുകൾ .നനഞ്ഞ കൺപീലികൾ
പോലെ അവിടവിടെ മഞ്ഞിച്ച പുൽനാമ്പുകൾ .ഓർക്കുമ്പോൾ,
വായിക്കുമ്പോൾ ഒക്കെ അവളൊന്നു നിറഞ്ഞുകാണാൻ വല്ലാതെ
മോഹിച്ചു .

ഇന്നലെ കണ്ട ചിത്രങ്ങളിൽ , വീഡിയോകളിൽ ഇരുകരകളെയും
ചേർത്തുപിടിച്ച് അവൾ ആർത്തുല്ലസിച്ച് ഒഴുകുകയാണ് .എത്ര
കണ്ടിട്ടും മതിവരാത്ത കാഴ്ച .' ഇവിടെയൊരു നദിയുണ്ട്' എന്ന്
ഇനിയെന്നും പാടാൻ കഴിഞ്ഞെങ്കിൽ .

മണ്ണടരുകളിൽ തളർന്നുറങ്ങിപ്പോയ നദിയുടെ കുഞ്ഞുങ്ങളെല്ലാം
ഉണർന്നെണീറ്റെങ്കിൽ .

നദികൾ ആത്മഹത്യ ചെയ്യുന്നവരല്ല .കൊല്ലുകയാണ് മനുഷ്യൻ .

മണ്ണിന്റെ നിറവാണ് നദിയുടെ പാട്ടെന്ന് മനുഷ്യൻ എന്നാവും
തിരിച്ചറിയുക .വേണ്ടാത്തതൊക്കെ വലിച്ചെറിയാനുള്ളതല്ല
അവളുടെ നെഞ്ചെന്ന് അവനെന്നാണ് ബോധ്യപ്പെടുക.
കോരിയെടുത്ത് വിലയിടാനുള്ളതല്ല അവളുടെ നെഞ്ചകമെന്ന്
അവനെന്നാണ് മനസ്സിലാവുക .കെട്ടിയിടപ്പെടേണ്ടവളല്ല
നദിയെന്ന് ഇനിയെന്നാണ് അവനറിയുക.

ഓരോ നദിയെയും ചൂണ്ടി 'ഇതെന്റെ നദി ' എന്നെല്ലാ  മനുഷ്യരും
പറയുന്ന നാള് .അതൊരു സ്വപ്നമാണ് .ആകാശത്തോളം വലിയ
ഒരു സ്വപ്നം .




2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

കിഴക്കേമൂല
നോക്കിനിന്ന്
പടിഞ്ഞാറ്റേയ്ക്ക്
മഴവില്ലെടുത്തൊരു
പാലം പണിത്
കാത്തുകാത്ത്
നടത്തമാണ്
പാട്ടുമുറിക്കാൻ
സൂത്രത്തിലെത്തുന്ന
വികൃതിക്കാറ്റിനെ
കൺപീലികൊണ്ട്
ചുഴറ്റിയോടിക്കലാണ്
ചിന്തയിലാകെ തുളുമ്പി
നീയണയുമ്പോൾ
മുത്തുകോരുന്നതിന്റെ
മാലകോർക്കുന്നതിന്റെ
വിചിത്ര രൂപകൽപന

നോവെത്തിയിട്ടും
നിന്നെക്കാണാതെ
പെറാനാവില്ലെന്ന്
കൂമ്പിയൊരു നിൽപ്പ്
ഉണക്കുപായ മടക്കിവെച്ച്
നീണ്ടു നിവർന്നൊരു കിടപ്പ്
ആകാശത്തേയ്ക്കൊരു
നോട്ടം ചവച്ചരച്ച്
അയവെട്ടു നിർത്തി
നീട്ടിയൊരു മുടികുടയൽ
കൂടെത്തേണ്ടതുണ്ട്
കൂട്ടിരിക്കാനെന്ന്
ചില്ലയൊഴിയുന്നൊരു കുറുകൽ
  
യാത്ര ചോദിക്കും വരെ  
ഞാൻ കേട്ടതേയില്ല
നാട്ടുവർത്തമാനത്തിന്റെ
കുത്തൊഴുക്കിൽ
ഒലിച്ചുപോയ നിന്റെ പാട്ട് 

നിലത്തുവീണുടഞ്ഞ മഴവില്ലിനെ
നിരതെറ്റാതടുക്കിയെടുത്ത് 
വീണ്ടും പണിഞ്ഞുവെയ്ക്കണം 
കുരുങ്ങാതെ നൂർത്തെടുക്കണം 
ചുണ്ടുകൾ കൂട്ടിത്തുന്നാനൊരു വാക്ക്.




2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

മലമേലെ നിക്കണ
പൂക്കാത്ത മരത്തില്
നീ മുത്തി ചോപ്പ് വിരിഞ്ഞെന്ന്
എന്നെയാകെ മൊട്ടിട്ട് പരക്കണ്
നറുനിലാപ്പൂമണമെന്ന് !

ഒരു മിന്നാമിന്നിവെട്ടത്താൽ
ഈരേഴുലകുമുണർത്തുമെന്ന്
ഒരു വേർപ്പിൻ കണമിറ്റി
മഴക്കൊട്ട നിറയ്ക്കുമെന്ന്
ഒരു കിളിന്തില നുള്ളി
പെരുംകാടൊന്നൊരുക്കുമെന്ന്
ഒരു കുഞ്ഞനുറുമാൽ നീട്ടി
നിലാത്തൊട്ടിൽ കെട്ടുമെന്ന്

ഒരു തുള്ളി മഷിയാലേ
കരകാണാക്കടൽ ചാരെ
കരകാണാക്കടൽ താണ്ടാൻ
കടലാസ്സിൻ ചെറുതോണി

വരിയൊടുവിൽ
ലിപിയറിയാത്തൊരെന്റെ
വിരൽ പിടിച്ച്
ഒരു കറുത്ത കുത്ത്
വഴിയൊടുവിൽ
'നിന്റെ മാത്രമെന്നെഴുതി
ഒരു തുല്യം ചാർത്ത്

നിറഞ്ഞുതൂവിയെന്നു ചിരിച്ച്
വിളമ്പിത്തരുന്നതിൽ നിറയെ
കല്ലുവെച്ച നുണകളാണെങ്കിലും
പ്രിയപ്പെട്ടവനേ ,
മനംമയക്കുന്നൊരു ചന്തമാണ്
നിന്റെ നുണക്കുഴിക്ക്...!