2018, മേയ് 23, ബുധനാഴ്‌ച

പാടിപ്പതിഞ്ഞത്


പുഴയോരത്ത്
മഴ പൂത്തിറങ്ങിയിരുന്ന
നിലാമുററമുള്ള പുര
കിളികൾക്കിരുന്ന്
പാട്ടുപഠിക്കാൻ
തണുപ്പ് വിരിച്ചിട്ട
ഇത്തിരിപ്പോന്നൊരിറയം

കടവിനെന്തൊരു
തണലായിരുന്നു
തണലിനെന്തൊരു
തണുപ്പായിരുന്നു
കരയാകെ മരമായിരുന്നു
മരമാകെ മണമായിരുന്നു 
പാട്ട് മുറിക്കാൻ
കുസൃതിക്കാറ്റ്
ഒളിഞ്ഞു നോക്കാൻ
പുലർമഞ്ഞുതുള്ളി

കാണുന്നില്ലേ

കടവിൽ മുങ്ങിമരിച്ച
നമ്മുടെ പുരയോരം

മുട്ടിവിളിച്ച്
മണ്ണിനെ തൊട്ട്
പേറ്റുനോവിറക്കിവെച്ച്
നടുവ് നിവർത്താൻ
മലയെങ്ങുപോയെന്ന്
കനത്തു കറുത്ത് മേഘങ്ങൾ

എവിടെ നമ്മുടെ കിളികൾ ?
നമ്മുടെ പാട്ടിനിരിക്കാനൊരു ചില്ല ...?

2018, മേയ് 16, ബുധനാഴ്‌ച

മടക്കിക്കൊടുക്കാൻ
മറ്റൊന്നുമില്ലെന്ന്
അടക്കിപ്പിടിച്ച്
ഓർമ്മകളുറങ്ങുന്ന
കുന്നിലേയ്ക്ക്
തിരിതെറുക്കാനിറങ്ങുന്നു
മഴയുടെ കൈയും പിടിച്ച്
മായാത്തൊരു വാക്ക്

ഉണരുമെന്നുറപ്പുണ്ട്
ഉയിരോളം നനഞ്ഞതാണ്
ഏതു പേരിട്ടു വിളിച്ചിട്ടും
മതിയാവുന്നില്ലെന്നറിഞ്ഞ്
തേടിയലഞ്ഞിരുന്നു
വരിയായ വരികളിലൊക്കെയും

ഒരു തൂവലിറുത്തെടുത്ത്
ഒരു സ്പർശം കൊണ്ടെന്റെ
മുറിവാകെയുണക്കുമെന്ന്
മുറിയാതെ പറഞ്ഞിരുന്നു

നിനച്ചിരിക്കാതെതന്നെ
വരുമെന്നോർത്ത്
വാലിട്ടു കണ്ണെഴുതാൻ
ഒരുക്കിവെച്ചിരുന്നു
കുന്നിക്കുരുവിന്റെ കറുപ്പും
വണ്ണാത്തിക്കിളിയുടെ തൂവലും

നിന്നെ തൊടാനായില്ലെങ്കിൽ
എനിക്കെന്തിനീ വിരലുകൾ
നിന്നെ നിറയ്ക്കാനായില്ലെങ്കിൽ
എനിക്കെന്തിനീ നെഞ്ചകം .




2018, മേയ് 13, ഞായറാഴ്‌ച


ഏകാന്തത പുതച്ച്
ഉദയസൂര്യനെയും
നോക്കിയിരിക്കുന്ന
തീവണ്ടിയാത്രക്കാരീ ,

നിന്റെ നനുത്ത
മൂക്കിൻതുഞ്ചത്തുനിന്ന്
ഞാന്നിറങ്ങി 
പൂത്തുലഞ്ഞുനിന്ന
കരൾ പകുത്ത വരി
അതിൽ കുരുക്കിട്ട്
ആത്മഹത്യയ്ക്കൊരുങ്ങിയ
ഒരോർമ്മയെ
കനത്ത മൗനത്തിന്റെ
വിരലുകളാൽ
തലോടുകയാണ്
ഒച്ചയില്ലാത്തൊരീ യാത്ര

ഞാൻ നീട്ടിയ
ഭിക്ഷാപാത്രത്തിൽ
ഒററയായ് തിളങ്ങുന്നു
നീയെറിഞ്ഞു തന്ന
ഇന്നലെയുടെയൊരു തുട്ട്

തെളിഞ്ഞുവരുന്നുണ്ട്
വെയിൽ പൂത്തിറങ്ങിയ വഴി
ഒരിറ്റ് വിയർപ്പുനീരാൽ
ഒരു കിനാപ്പാടം നനയ്ക്കാൻ
ഇനി ഞാനിറങ്ങട്ടെ .





2018, മേയ് 9, ബുധനാഴ്‌ച

വരികൾക്കിടയിലിരുന്ന്
വിയർക്കുന്നുണ്ട് തൂവാല

വേനൽ കുടിച്ചു മുറിഞ്ഞ്
ഇളകുന്നുണ്ടൊരു പുഴ

പുഴ കാണാതെ
വരി കാണാതെ
മുഖം മറച്ചുപിടിക്കാൻ
ബാക്കിയാവുന്നത്
ഒരിലപ്പച്ചയുടെ നിഴൽ

കണ്ണീരിനും
വിയർപ്പിനും
ഒരേ രസമെന്ന്
വായിച്ചെടുക്കുന്നു വരി

നേർത്തുനേർത്ത്
മാഞ്ഞുപോകുന്നു
ഒടുവിൽ
തണലെന്നൊരു വാക്ക്

കാത്തുകാത്ത്
കനൽ കൂർപ്പിച്ച്
കനവെന്നെഴുതുന്നു
നോവിന്റെയോരത്ത്
ഒറ്റയ്ക്കിരുന്നൊരു
കിനാത്തുരുത്തുകാരി .