2019, മേയ് 24, വെള്ളിയാഴ്‌ച

തിരമുറിച്ചെഴുതുന്നതെന്തെന്നാൽ

ഒരു വിങ്ങൽ
ഹൃദയഭിത്തി തുളച്ച്
ഉള്ളിലൊരു കൂടു പണിയാൻ
തുടങ്ങുമ്പോഴൊക്കെ
പാലം കടന്ന്
ചിരപരിചിതമായൊരിടവഴിയിലൂടെ
എന്നിലേയ്ക്കെത്താറുണ്ട്
ഒരു ചൂട്ടുവെളിച്ചം.

അന്നേരം കേൾക്കാം
തൊഴുത്തിലൊരു
നേർത്ത മുരടനക്കം
കൂട്ടിലൊരു ചിറകടിയൊച്ച
ഇളകിയാടി നിൽക്കുന്ന 
കപ്പിയുടെ കരച്ചിൽ.

ഒക്കെയുമൊന്നു കണ്ണോടിച്ച്
കുടഞ്ഞു വിരിക്കുന്ന
ചാരുകസേരയിലിരുന്ന്
'നീ പറയാതെതന്നെ കേട്ടെന്ന 
മുഖവുരയോടെ
ഒച്ചയില്ലാത്തൊരു ചിരി.

നീട്ടുംമുമ്പേ പിടിച്ചുവാങ്ങി
മുട്ടായിപ്പൊതി തുറന്നുവെച്ച്
ബാക്കിനിൽക്കുന്ന
ചെറുതും വലുതുമായ
പുഴുവെടുക്കാത്ത പല്ലുകൾ
നന്നായി തുറന്നു കാട്ടി
ഉറക്കെച്ചിരിക്കുന്ന ഞാൻ.

മെടഞ്ഞുതരുന്ന
ഓലക്കാൽ പമ്പരവുംകൊണ്ട് 
മുറ്റത്തു കയറിനിൽക്കുന്ന
മടിയൻകാറ്റിനെ വെല്ലുവിളിച്ച്
നിലാവിന്റെ വിരലും പിടിച്ച്
ശ്വാസമെന്നെ തോൽപ്പിക്കുംവരെ
അങ്ങോട്ടിങ്ങോട്ടോട്ടം.

കണ്ണട ശരിയാക്കിവെച്ച്  
തെറ്റിച്ചെഴുതിയ വാക്കിന്
ഒരു ചുവന്ന വട്ടം.
അതിനടയാളമിടുന്ന   
ചെവിയിലെ കിഴുക്കിന്റെ
വല്ലാത്ത പുകച്ചിലിൽ
സാരമില്ലെന്നൊരു സാന്ത്വനം.

നിഴൽപറ്റി നടന്ന്,
വെളിച്ചമുറങ്ങിയിട്ടില്ലാത്ത 
കവലകളിലെ
കടത്തിണ്ണയിലുറങ്ങുന്ന
നിശ്വാസങ്ങളിൽ നിന്ന്
കുടിച്ചുവറ്റിച്ച വെയിലിന്റെ
കനലുള്ള വരികൾ
ഒന്നൊന്നായ് കേട്ടെഴുത്ത്.

ഒടുവിൽ
മുടിപ്പിന്നലിലൊരു നക്ഷത്രം
തിരുകിത്തന്ന്
ഒതുക്കുകല്ലിറങ്ങിനിൽക്കുന്ന 
ചൂട്ടുകറ്റയുടെ കാളൽ.

വെളിച്ചമസ്തമിക്കെ,
തിര ചാടി മറിയുന്ന 
കടലിന്റെ മടിയിലേയ്ക്ക്
വിരലുണ്ടുറങ്ങാൻ
ഊളിയിട്ടിറങ്ങിപ്പോകുന്നു
ഞാനെന്ന രാവിന്റെ കുട്ടി.
_________________________________

2019, മേയ് 11, ശനിയാഴ്‌ച

ആയതിനാൽ

വേദനയുടെ
നിലയില്ലാക്കയത്തിൽ
കൈകാൽ കുഴഞ്ഞ്
ഒരു തുള്ളി വെളിച്ചത്തിനായ്
ഞാൻ വിരൽ നീട്ടുമ്പൊഴും

നിസ്സംഗനായ്
കടല കൊറിച്ച്
ഒരു പകലിനെയപ്പാടെ
കാൽവെള്ളയ്ക്കുള്ളിലാക്കി
പാതിരാത്രിയിലും
വിശക്കുന്ന
കൂട്ടുവരികൾക്ക്
പൊട്ടിച്ചിരിയുടെ പൊതിച്ചോർ
അഴിച്ചുകൊടുത്ത്
എന്നെയെവിടെയോ
മറന്നുവെയ്ക്കുന്ന നീ

മരിച്ചാലും
കരയില്ലെന്ന ഉറപ്പ്

ആയതിനാൽ
ആയതിനാൽ മാത്രമാണ്
ഞാൻ നിന്റെ നീലയെ
ആവോളം കോരിക്കുടിക്കുന്നതും
എന്റെ പ്രണയത്തെ
നിന്റെ പേരുചൊല്ലി വിളിക്കുന്നതും.!
__________________________________

2019, മേയ് 5, ഞായറാഴ്‌ച

തീർത്ഥാടനം

നീയിരുന്ന തിര,
അതിൽ
കടലുകുഴച്ചുരുളയുരുട്ടി
ഞാനൂട്ടിയ മീനുകൾ.

നീയിരുന്ന വെയിൽ,
അതിൽ
ആകാശം നുള്ളിയെടുത്ത്
ഞാനടയിരുത്തിയ ചിറക്.

നീയെന്ന കവിത,
അതിലെന്റെ ഉയിരു നട്ട്
വേനൽ തൊടാതെ
നിലാവു കൊയ്ത കിനാപ്പാടം.

ഞാനൊരു കാറ്റിൽ
നിലംപറ്റിയ കിളിയൊച്ച.

ഓർമ്മപ്പാളത്തിലൂടെ
ഒരേ താളത്തിലോടുന്ന
ഒരിക്കലുമൊരിടത്തും
നിർത്തിയിടാത്ത പുകവണ്ടി.
____________________________

2019, മേയ് 4, ശനിയാഴ്‌ച

പകർത്തിയെഴുത്ത്

ഒരിക്കലും
പിരിയാനാവില്ലെന്ന്
ചേർത്തുപിടിച്ച്
ഒരു ശ്വാസത്തിൽ
ഒന്നായിരുന്നതിനെ
എത്ര വീറോടെയാണ്
ഒരു കൊടുംകാറ്റ്
പാഞ്ഞടുത്ത്
രണ്ടു ദേശങ്ങളായ്
പിഴുതെറിഞ്ഞത്.

ചുവന്നുപരന്നൊരു
പൊട്ടിനെ,
ഒരു തെളിഞ്ഞ
കൺമഷി വാലിനെ,
ഒരു വളകിലുക്കത്തിന്റെ
ഉടയാത്ത താളത്തെ,
കാണാക്കിനാക്കളുടെ 
ആമാടപ്പെട്ടിയെ,
വിരൽമൂർച്ചകൊണ്ട് 
കുത്തിയെടുത്ത്
കുടഞ്ഞെറിയാൻ
ഒരു മാത്ര,
ഒരേയൊരു മാത്ര.

ഒരിലപ്പച്ചകൊണ്ടും
കാടാകാനാവാതെ
ഒരു തുള്ളികൊണ്ടും
പുഴയാകാനാവാതെ
ഞാൻ,നീയെന്ന
രണ്ടു ബിന്ദുക്കളായ്
രണ്ടാകാശവരികളിലേയ്ക്ക്
കുടിയേറപ്പെടാൻ
തിരുത്തിയെഴുതപ്പെട്ടവർ
നമ്മൾ.
_________________________

2019, മേയ് 2, വ്യാഴാഴ്‌ച

തിരയടക്കം

വാതിലടച്ച്
താഴിട്ടു പൂട്ടി.

കിളിയൊച്ചയുടഞ്ഞ
മുറ്റത്തെയൊന്നാകെ
പെറുക്കിയടുക്കിവെച്ചു.

വിവസ്ത്രരാക്കപ്പെട്ട
വാക്കുകളെ
മേൽ കഴുകിച്ച്
ഉടുതുണി കൊടുത്തു.

ദേഹമാസകലം 
നനഞ്ഞൊട്ടിയ പുഴയെ
കടവിലൊരിടത്തായ് 
അഴിച്ചു വെച്ചു.

പതിയെ,
ഞാനെന്നിൽനിന്നിറങ്ങി
തിരക്കറിയാത്ത 
ഇടവഴിയിലേയ്ക്ക്.

ഒറ്റക്കാൽപ്പുരയുടെ
കൽഭിത്തിക്കുള്ളിൽനിന്ന്
പുറപ്പെട്ടു വരുന്നുണ്ട്
നീ'യെന്ന മന്ത്രാക്ഷരി.

വീശിയടിച്ച്
ചുരമിറങ്ങിവരുന്ന കാറ്റ്, 
ചേർന്നുനടക്കുമ്പോൾ 
എനിക്കൊരു തൂവലിന്റെ
കനം മാത്രം.

വഴിനീളെ നടന്ന്
കനൽ വിരിക്കുന്നു,
പോക്കുവെയിലിന്റെ
വിരലുകൾ.

വഴിതെറ്റാതിരിക്കാൻ
ചേല കുടഞ്ഞിടുന്നു
കവിൾ ചുവന്ന മേഘങ്ങൾ.

ആകാശത്തിന്
തിരികെ കൊടുക്കണം
കടമായ് തന്ന ചിറക്.

മുടി വാരിക്കെട്ടി
റവുക്കയുടെ കെട്ടഴിച്ചിട്ട്
നിലാവിളക്കിന്റെ
തിരിതാഴ്ത്തിവെച്ച്
രാത്രിയിപ്പോൾ
ചരിഞ്ഞുകിടന്നുറങ്ങാൻ
തുടങ്ങുകയാവും.

നീയിപ്പോൾ
കാട്ടുപൂക്കൾക്ക്
നിറംകൊടുക്കാൻ
മഞ്ഞളരയ്ക്കുകയും.

ചിറകിനു തുന്നാൻ
ഉടലറുത്തുകൊടുത്ത്
നീ പാർത്തൊരുയിരുമായ്
തിരിച്ചുപോകുകയാണ്.

ഞാനിനി മേൽ
ഓർമ്മയിൽനിന്നും
പുറത്താക്കപ്പെട്ടവൾ.
________________________________