2019, ജൂൺ 26, ബുധനാഴ്‌ച

വിലാപങ്ങൾക്കുമപ്പുറം

ഓരോ തുള്ളിയിലും
വേദനയുടെ കറുത്ത തന്മാത്ര.

മുറിഞ്ഞുവീണ മരവും
മുറിക്കപ്പെട്ട മുടിയും.

ചായപ്പെൻസിലുകളിൽനിന്ന്
പച്ച നഷ്ടമായ കുട്ടിയെപ്പോലെ
തേങ്ങിക്കരയുന്ന മണ്ണ്.

ആകാശത്തോളമുയർന്ന്
അശാന്തിയുടെ കനത്ത ദണ്ഡുകൾ.

മനുഷ്യൻ പഠിക്കാത്ത ഭാഷയിൽ
കരയുന്ന കിളികളുടെ ഒച്ച.

കാടകമൊഴിയുന്തോറും
നിറഞ്ഞുകവിയുന്ന വീടകങ്ങൾ.

ഒരു പ്രളയത്തിനുമിളക്കാനാവാത്ത
കൊടിയടയാളത്തിന്റെ നാലുകാലുകൾ.

ഉറവ വറ്റിയ കിണർ നോക്കിക്കിടന്ന്
ഉറക്കം വരാതെ കണ്ണു ചുവന്ന ഭൂമി.

നിസ്സഹായതയെന്നു വായിച്ച്
വരികളിൽ നിന്നിറങ്ങിപ്പോകുന്ന
വാക്കുകളുടെ പച്ച.

ഗർഭത്തിലിരുന്നു കാൽ കുടയുന്നു
എന്നോ പിറക്കാനിരിക്കുന്ന നക്ഷത്രം.
____________________________________

2019, ജൂൺ 21, വെള്ളിയാഴ്‌ച

നീയേ...

ഇന്നലെയും
ഉറങ്ങുംവരെ 
കൂടെയുണ്ടായിരുന്നു.

പറയാതിറങ്ങിപ്പോയതാണ്.

മോറിക്കമഴ്ത്തുന്ന
പാത്രങ്ങളുടെ അടുക്കിൽനിന്നോ,
ഊണുമേശയുടെ
അറ്റത്തുനിന്നോ
വിരസമായിത്തോന്നിയ
വായനയുടെ നടുമുറിയിൽനിന്നോ
ഒരിതൾ അടർന്നു വീഴുംപോലെ
ഒച്ചയുണ്ടാക്കാതെ.

എടീ'യെന്ന്
അമ്മേ'യെന്ന്
രണ്ടു പേരുകൾ ധാരാളം 
ഇസ്തിരിയിട്ടോ?
കിടക്കാറായോ?
ഇതിന്റെ മീനിങ്ങെന്താണ്?
ആ ലൈറ്റൊന്ന് ഓഫാക്കുവോ?
ഇത്യാദി ചോദ്യങ്ങൾക്ക്
ഉത്തരമായി വീടകം നിറയാൻ.

വ്യക്തവും
കൃത്യവുമായി
വഴി ചോദിച്ചു വരുന്ന    
വിലാസത്തിനു കൊടുക്കാൻ
ഒരു പേരു വേണമെന്നിരിക്കെ   
ഞാനെങ്ങനെയാണെന്നെ 
പറഞ്ഞു കേൾപ്പിക്കുക.

പിന്നാപ്പുറത്ത് 
പടർന്ന തേൻമാവിന്റെ
താഴേയ്ക്ക് ചാഞ്ഞ ചില്ല 
ഞാനെന്തേ പൂക്കുന്നില്ലെന്ന്
തൊട്ടുരുമ്മിക്കൊണ്ട്  
സങ്കടപ്പെടുന്നുണ്ട്.

പൂച്ചയെക്കണ്ടിട്ടാവും
കരിയിലക്കിളികൾ
കൂട്ടത്തോടെ ഒച്ചയിടുന്നു.

മുറ്റമടിച്ച്
വിയർപ്പും തുടച്ച്,
പോയവൾ പോട്ടേന്നൊരു 
നെടുവീർപ്പിനെയും കൂട്ടി
അകത്തേയ്ക്ക് കയറാൻ
കാലെടുത്തുവെച്ച നേരം.

അയയിൽക്കിടന്ന്
വെളുക്കുവോളം
മഞ്ഞുകൊണ്ടു നനഞ്ഞ 
തുണികൾക്കിടയിലൂടെ
വിറച്ചു തുള്ളുന്ന  
ഉടലൊതുക്കിപ്പിടിച്ച്
പൊട്ടിയ ചിരിപാതിയോടെ
ഒളികണ്ണിട്ട്  
ഞാനിവിടുണ്ടേന്ന് 
വേലിക്കൽ നിന്നതാ   
കടുംചുവപ്പ് രാശിക്കാരി..!
_________________________

2019, ജൂൺ 19, ബുധനാഴ്‌ച


വായന
            പ്രണയം
                           ജീവിതം
                                          മരണം.

ആർത്തിയോടെ വായിച്ച്
ആരുമറിയാതെ കുത്തിക്കുറിച്ച്
ഇതിനോളമാനന്ദമെന്തുണ്ടു വേറെയെന്ന
ലഹരിയിൽ സ്വയം മറന്നൊരു കാലം.

പ്രണയത്തെ നിർവചിക്കാൻ ഒരു
വായനയും തികയാതെ വന്ന
സന്ത്രാസങ്ങളുടെ അടുത്ത കാലം.

വായനയെ വിഴുങ്ങി ജീവിതം വീർത്തു-
വീർത്ത് വിരൂപമായ മറ്റൊരു കാലം.

തിരികെയെത്തുമ്പോഴേക്കും
ഏറെ പിന്നിലാക്കിക്കൊണ്ട്  
കുതിച്ചു പോയ വായനയുടെ വണ്ടി.
കൂടെയെത്താനതിലേറെ പണിപ്പെട്ട്
വലിഞ്ഞുമിഴഞ്ഞും താണ്ടിയ ദൂരം.
വായിക്കപ്പെടാൻ എന്നോ 
എപ്പൊഴോ തോന്നിയ അതിമോഹം.
ഉപേക്ഷിക്കപ്പെടാതിരിക്കാൻ
എന്നിലൊന്നും അവശേഷിക്കുന്നില്ല,
എന്ന സത്യം കോരിക്കുടിച്ചൊടുവിൽ
മരണം സ്വയം വരിച്ച നാലാം കാലം.

ഓരോ പുനർവായനയും
വച്ചുനീട്ടുന്നത് കുറെയേറെ
അടയാളവാക്യങ്ങളുടെ കൂർത്തചില്ലുകൾ.
____________________________________________

2019, ജൂൺ 15, ശനിയാഴ്‌ച

നിഴൽച്ചിത്രങ്ങൾ

തുന്നൽക്കാരി സൗദേച്ചി
പുറംപണിക്കാരൻ വാസുവേട്ടനൊപ്പം
ഒളിച്ചോടിപ്പോയ ശേഷം
ബ്ളൗസിനളവെടുക്കാൻ
അമ്മ ആരെയും വീട്ടിൽ വരുത്തിയില്ല.

ചൂട്ടുകത്തിച്ചുപിടിച്ച്
കാരണവന്മാർ പലദിക്കിലേയ്ക്കും
പോയിവന്ന നാൾക്കു ശേഷമാണ്
അയലത്തെ പെണ്ണുങ്ങൾ
സന്ധ്യാനേരത്ത് പതിവായി
കൂട്ടംകൂടിനിന്ന് കുശുകുശുക്കൽ
ശീലമാക്കിയത്.

ഉടലറിഞ്ഞും ഉള്ളറിഞ്ഞും
തുന്നിക്കിട്ടിയവയിൽ
കുറ്റമാരോപിക്കാനില്ലാതെ
നിരാശപ്പെട്ട ദിവസങ്ങളെ
ഓർത്തെടുത്തയവിറക്കിയാണ്
അവരോരോരുത്തരും
പിരിഞ്ഞുപോയിരുന്നത്.

മണ്ണുകോരിയ
വലിയ കയാലയ്ക്കപ്പുറംനിന്ന്
ദിവാകരേട്ടൻ ഉറക്കെ ചോദിക്കും
ടീച്ചറേ,തുന്നാനൊന്നുമിരുപ്പില്ലേ
അടുക്കളയിൽ നിന്ന്
ഉത്തരമിറങ്ങിച്ചെല്ലുമ്പോഴേയ്ക്കും
ചോദ്യം ഇടവഴികടന്ന് പാടത്തിറങ്ങിയിരിക്കും.

വേനലും വർഷവും
ഊഴമിട്ട് കടന്നുപോകെ
ഒരു ത്രിസന്ധ്യനേരത്താണ്
സൗദേച്ചി ഒക്കത്തൊരു കുട്ടിയും
നിറവയറുമായി ഒറ്റയ്ക്ക് വന്നത്.

അമ്മ,നിറയെ ഊട്ടിയതും
ക്ഷീണിച്ച കൈത്തലം പിടിച്ച്
ഇതിരിക്കട്ടെയെന്നു തലോടി
അച്ഛനറിയാത്ത സമ്പാദ്യം
കൊടുത്തുവിട്ടതും ഓർമ്മ.

വീടുകടത്തിയ ശേഷം
ഞാനാ ഓർമ്മയിലൊട്ടുനേരം
ഇരുന്നതേയില്ല.

അമ്മ,മുറ്റമറിയാതെ
വീണുപോയ നാളുകളിലാണ്
അളവുകൾ കൂട്ടിയും കുറച്ചും
ആരൊക്കൊയോ തുന്നിയ
പിൻമുറക്കാരെയും 
വെയിലിൽ തൂങ്ങിയാടുന്ന
അവരുടെ ഹുക്കുകളും
നോക്കി നിന്നുപോയത്.

വലിയ കുപ്പായത്തിനുള്ളിലെ
ചെറിയ കുട്ടിയായി അമ്മയും
തുന്നൽ വിട്ടൊരു കുപ്പായമായി
സൗദേച്ചിയും
അളവുകളില്ലാത്ത ലോകത്ത്
ഇന്നും അയൽക്കാരായി
മിണ്ടിയും പറഞ്ഞുമിരിക്കുകയാവും.
____________________________________