രാവിന്റെ ചുവരിന്
ചായമടിക്കുന്നതിന്റെ
തിരക്കിനിടയിൽ വെച്ചാണ്
ഇന്നലെ ഞാൻ കണ്ട
മുറിയാത്ത സ്വപ്നത്തെക്കുറിച്ച്
അവനോട് പറയാൻ തുടങ്ങിയത്.
"നിറയെ നക്ഷത്രത്തുന്നൽ,
ആകാശത്തോളം വലിപ്പമുണ്ടായിരുന്നു
നമ്മുടെ പുതപ്പിന്,
പുഴക്കരയിൽ അണയാതെ
കൊളുത്തിവെച്ച മൺചെരാത്.
ജനാലയിലൂടെ നീന്തി വന്ന്
അഴിഞ്ഞുലഞ്ഞു കിടക്കുന്ന
നേർത്ത നിലാവെളിച്ചം,
മുഖത്തേക്ക് പാറിവീഴുന്ന
കാറ്റിന്റെ മുടിയിഴകൾ,
ഓരോ ആവർത്തനത്തിലും
എണ്ണം തെറ്റിച്ചുകൊണ്ട്
ചിതറിക്കളിക്കുന്ന അക്ഷരങ്ങൾ
പോലെ
രാവേറെയായിട്ടും
ഉറങ്ങാതോടിക്കളിക്കുന്ന
കുഞ്ഞു നിഴലുകൾ,
നമ്മുടെ ചുണ്ടുകൾക്കിടയിൽ
പതിയുന്ന
അവരുടെ വിരൽച്ചൂടിൽ.....
കറുപ്പിലും കറുപ്പായവൻ
തിരക്കിന്റെ ചായക്കൂട്ടിലേക്ക്,
മുറിഞ്ഞ്.....
പുഴയിൽ വീണു കിടക്കുന്ന
ചന്ദ്രന്റെ ഒരരിക് നുള്ളിയെടുത്ത്
വെളുപ്പിലും വെളുപ്പായൊരു പൂവ്
വരയ്ക്കാൻ ഞാനും.....