കടലേ,
തിരയെന്നെഴുതുന്നേരം
നിനക്കെന്തിനാണിത്രയുമൊച്ച.
കേൾക്കാം,
തിരകൾക്കുമുകളിലൂടെ
ഒരുവൾ നടന്നുപോയതിന്റെ,
മരുന്നുമണമുള്ള ഉടൽ
വലിച്ചെറിഞ്ഞതിന്റെ,
ആഴക്കടലിലൊരു
പുര കെട്ടി മേഞ്ഞതിന്റെ,
മൺചട്ടിയിൽ ഉപ്പുപരലിട്ട് മീൻകഴുകിയെടുക്കുന്നതിന്റെ,
വിളിച്ചിട്ടില്ലാത്ത എന്റെ പേര്
ഇടയ്ക്കിടെയങ്ങനെ
തൊണ്ടയിൽ കുരുങ്ങുന്നതിന്റെ,,
നിലയ്ക്കാത്ത ഒച്ചകൾ.
കാണാനാവും,
എന്നെ പെറ്റ ആ വയറിലെ
നോവിന്റെ
മായാത്ത അടയാളം.
ഉറക്കെ
വിളിക്കണമെന്നുണ്ട്
ജനിച്ച തീയതിയും നക്ഷത്രവും
മറവിയെ ഊട്ടിയൂട്ടി നിറയ്ക്കുന്ന
സന്ധ്യകളിൽ ഉരുവിടുന്ന
ആ പേര്.
ഇപ്പോഴുമുണ്ട്
അലമാരയുടെ,
മേശയുടെ
വാതിലിന്റെ മറവുകളിൽ
കണ്ണീർ പൊഴിച്ചിട്ട
കുഞ്ഞുനേരങ്ങളുടെ
ആഴത്തിലുള്ള മുറിവുകളുടെ
ഉണങ്ങാത്ത വിടവുകൾ.
ഞാനിതുവരെ
കണ്ടിട്ടേയില്ല,
ഒരു കഥയിലോ കവിതയിലോ,
കടലെന്ന് വായിക്കുന്നേരം
കരകവിയുന്ന എന്നെ.
പഴകിയൊരോർമ്മ നനച്ച്
കണ്ണിലൊരു കാട് വളർത്തുന്നവളെ.
(ജീവിതത്തെ ഇങ്ങനല്ലാതെങ്ങനെ
എഴുതാൻ.)