"എത്രയും പ്രിയപ്പെട്ടവളേ,"
പാതിരാവിൽ
കത്തു കിട്ടുമ്പോൾ
പനിച്ചൂടിൽ വെന്തുപാകമായിരുന്നു.
വിറയ്ക്കുന്ന വിരലുകളിൽ
വിറതീണ്ടിയിട്ടില്ലാത്ത അക്ഷരങ്ങൾ.
"പൂർത്തിയായിരിക്കുന്നു,
നീ പറഞ്ഞതുപോലെ,എല്ലാം.
നക്ഷത്രങ്ങൾ വിരിയുന്നതും പൊഴിയുന്നതും
അടുത്തുകാണണമെന്ന മോഹം,
അങ്ങനൊരിടം,
നിനക്കേറെയിഷ്ടമാകും.
നാലു ജനാലകൾ,
ചുവരിനെ
കണ്ണാടിയോ കലണ്ടറോ
ഘടികാരമോ കുത്തിനോവിച്ചിട്ടില്ല.
നിനക്ക് നിന്നിലേയ്ക്കെത്തിനോക്കാൻ
തെളിനീരുപാകിയ കിണർവട്ടം,
അതും നീ പറഞ്ഞിരുന്നു.
പിന്നെ................."
അടഞ്ഞുപോകുന്ന കണ്ണുകളിലേക്ക്
ഒഴുകിവരുന്ന വരികളിൽ
നിവർത്തിവെച്ചിരിക്കുന്ന
ഇഷ്ടങ്ങളുടെ പട്ടിക.
അക്ഷരത്തെറ്റില്ലാത്ത
അതിമനോഹരമായ കൈപ്പട,
ഒരിക്കൽമാത്രം പറഞ്ഞുകേട്ടതിൽ
ഒരു തരിപോലും
ഊർന്നുപോകാത്ത ഓർമ്മ.
പണിതീർത്തിരിക്കുന്നു,
എന്റെ ഒറ്റമുറി മേട.
സംശയമൊട്ടുമില്ല,
പഠിച്ച ക്ലാസ്സുകളിലെല്ലാം
ഒന്നാമനായിരിന്നിരിക്കുമിവൻ,
ദൈവം.