2023, സെപ്റ്റംബർ 30, ശനിയാഴ്‌ച



ഉയർന്നുപൊങ്ങിത്തെളിയുന്നൊ-
രോർമ്മ
അണഞ്ഞുപോം തിരി കെടുന്ന മാത്ര.
കാറ്റൊന്നു ചികഞ്ഞപാടുണർ-
ന്നെണീക്കും 
കരിഞ്ഞയിലതൻ ചടുമർമ്മരം പോൽ. 

(സ്വതന്ത്രപരിഭാഷ)

(memory is an autumn leaf that murmers
a while in the wind and then is heard no more.....Kahlil Gibran)

2023, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

തിരശ്ശീലയ്ക്ക് പുറകിൽ 
ഒരു നിഴലായ് കണ്ടു എന്നത് നേര് 
തൊട്ടില്ല, 
അതിരില്ലാ പാടത്തിനപ്പുറമെന്ന് 
കേൾക്കാതെപോയൊരു
കൊയ്ത്തുപാട്ടിന്റെ കിനാച്ചരട് 
കെട്ടിയെന്നു മാത്രം
ഒരു അലയായ് കേട്ടു എന്നത് നേര് 
കരകാണാക്കടലിനക്കരെയെന്ന് 
പറയാതെപോയൊരു 
കഥയുടെ രസച്ചരട് 
അഴിച്ചുവെച്ചു എന്നു മാത്രം 
നിലാവലക്കിയ പുതപ്പിനുള്ളിൽ
കിനാവായ് വന്നെങ്കിലെന്ന് 
പലവട്ടം മോഹിച്ചു എന്നതും നേര് 
വന്നില്ല,
കുളിച്ചുകയറി വരുന്നേരം 
ജനലിനിപ്പുറം മറഞ്ഞ്
പാദങ്ങൾ നോക്കിനിന്നുവെന്നു മാത്രം. 

പടിയിറക്കിവിട്ടതാണ്.........
ഞാൻ, സ്മാർത്തവിചാരം ചെയ്യപ്പെട്ട 
ഒരു വാക്ക്.



2023, സെപ്റ്റംബർ 23, ശനിയാഴ്‌ച

തനിച്ചു നിൽക്കുന്ന മടിച്ചി മാവുണ്ട് 
കുനിഞ്ഞുവന്നെന്റെ നെറുകയിൽതൊട്ട് 
വിറപൂണ്ടെന്നോട് പതിയെ ചൊല്ലുന്നു
പറന്നുവന്നൊരാ കിളികളൊത്തു നീ 
മുഴുത്ത മാമ്പഴം പകുത്തു തിന്നതിൻ 
കൊതി അടങ്ങിയിട്ടില്ലെനിക്കിന്നുമേ. 

2023, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

അന്നൊരു മൂവന്തി
മഴയും നനഞ്ഞൊരു പുഴ
പുരയിലേയ്ക്കു കയറിവന്നു
നടക്കാൻ പഠിക്കുന്നൊരു
കുഞ്ഞിനെപ്പോലെ. 
ഇറങ്ങിപ്പോയപ്പോഴുണ്ട്
കമഴ്ത്തിവെച്ചിരുന്ന മൺകലങ്ങളുടെ
വായ പിളർന്ന്
നിറയെ തിളങ്ങുന്ന പരൽമീനുകൾ. 
മഴ മാഞ്ഞുപോയി 
നോക്കുമ്പോൾ
മെഴുകിവെടിപ്പാക്കിയ നിലത്ത് 
നിറയെ സൂര്യന്റെ വിരലുകൾ 
കണേണ്ട കാഴ്ച !
ആരോടെങ്കിലും പറയാതെങ്ങനെ
പുഴയെ നോക്കി ചെന്നപ്പൊഴോ 
കണ്ണൊക്കെ കലങ്ങി
അവൾ പനിപിടിച്ച് കിടപ്പാണ്.
പറഞ്ഞിട്ടെന്തു കാര്യം 
മഴയത്ത് കുടയെടുക്കാതെ 
വന്നതെന്തേന്ന് ചോദിക്കാനും മറന്നു. 

2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

തിണ്ണയിലൊറ്റക്കിരുന്ന് 
ഒരു പകൽക്കിനാവിന്റെ
മുടിയുടക്കറുക്കുന്നതിനിടെ 
മുങ്ങാങ്കുഴിക്ക് പോയൊരോർമ്മയെ
കുരുക്കഴിച്ചെടുക്കുന്നു   
അരിച്ചരിച്ചിറങ്ങുന്ന വെയില്.

ഇല്ലാത്ത പേനിനെ തപ്പിയെടുക്കാൻ
പരതിനടക്കുന്നതിനിടെ  
ആകാശത്തിന്റെയൊരു വാൽക്കഷണം മുറിച്ചെടുത്ത്
അതിൽ മഴവില്ലും പതിച്ചുവെച്ച് 
കരിപുരണ്ട വിരലുകൾ 
കൂട്ടിപിടിച്ചതിൽ ചുണ്ടമർത്തുന്നു തോരാതെ.

കടലു പോലെ നീലിച്ച കണ്ണിൽ
പുഴയൊഴുക്കിവിട്ട് മാഞ്ഞിട്ടും 
തോരാതെ നുരയുന്ന ഉന്മാദത്തിന്റെ 
തിര.

മൂക്കിൻ തുഞ്ചത്തു തട്ടിത്തെറിച്ച്  
തിളച്ചയെണ്ണയിലെ കടുകുമണി
തിളവരാതെ പിണങ്ങിക്കിടക്കുന്ന
തെറ്റായളന്നിട്ട കുത്തരി
പാതി ചിരകിക്കളഞ്ഞ തേങ്ങാമുറി
കറിക്കഷണങ്ങളിലേയ്ക്കെ-
ത്തിനോക്കുന്ന മുറിഞ്ഞ വിരല്....

തിടുക്കത്തിലൊരു വട്ടംകൂട്ടൽ.
എന്നിട്ടും 
ഉപ്പും മുളകും പുളിയും പാകമെന്നും
ഇന്നലത്തെക്കാളേറെ രുചിയാണെന്നും
ഉണ്ടു നിറയുന്ന വിശപ്പ്.

കടലിനുമതേ രുചി 
ഇന്നലെ കുറുക്കിയതു പോലെ.!
പുതച്ചുറങ്ങാൻ
ഒരുനൂൽ തണുപ്പെന്ന് 
വിയർത്ത് കേഴുന്നെൻ 
വിളർത്ത മൺപുര. 

പതിഞ്ഞ പാട്ടിന്റെ 
കരിഞ്ഞൊരീരടി 
മറിച്ചുനോക്കുന്നു 
മെലിഞ്ഞവൾ രാത്രി. 

തളർന്ന മുറ്റത്തെ 
ഇളിച്ചു കാട്ടുന്നു 
തലയ്ക്കൽ നിൽക്കുന്ന 
മദിച്ച ചന്തിരൻ. 

ഉണർന്ന കാറ്റിന്റെ
വിരൽ കൊരുത്തതാ 
പുതപ്പ് തുന്നുന്നു 
പടർന്ന തേന്മാവ്. 






2023, സെപ്റ്റംബർ 2, ശനിയാഴ്‌ച

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ 
അമ്മയുടെ പിറകേ  നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടി ടീച്ചറിന്റെ കേട്ടെഴുത്ത് 
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക്.
നിലത്ത് വട്ടത്തിൽ ചമ്രംപടിഞ്ഞിരുന്ന്
കൂട്ടുകാരുമൊത്ത് 
പൊതിച്ചോർ പങ്കിട്ടുകഴിക്കുന്ന ഉച്ച.
ചെറിയ കെട്ടിടത്തിൽനിന്ന്
അമ്മയുള്ള വലിയ കെട്ടിടത്തിലേയ്ക്ക്. 
കുട്ടികളില്ലാത്ത സീത ടീച്ചറിന്റെ വീട്ടിൽ
പലഹാരം കഴിച്ച് കഥയും കേട്ടിരിക്കുന്ന 
ചില രാത്രികൾ.

കലാലയത്തിലെ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ 
ഒരു കുഴലൂത്തുകാരന്റെ 
പിന്നാലെയെന്നപോലൊരു കവിത 
മുന്നിലിരിക്കുന്ന കുട്ടികൾക്ക് 
അഭിമുഖമായി 
എന്റെ വിരൽപിടിച്ചങ്ങനെ
'മനസ്വിനി'യായി ഒഴുകിപ്പരക്കുന്നു
നീണ്ട കരഘോഷം 
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ.

ജന്തുശാസ്ത്രവും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
കട്ടിയുള്ള പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറിയുടെ
നിശ്ചലദൃശ്യങ്ങൾ. 

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിന്  മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തി വെച്ചിരിക്കുന്നു 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.