2016, നവംബർ 25, വെള്ളിയാഴ്‌ച

കിനാത്തുരുത്ത്

മുറ്റത്ത് 
കളമെഴുതുന്ന 
ചോരത്തുള്ളികളിൽ 
ഇടറിവീണ്
കണ്ണിരുണ്ട നമ്മൾ
നക്ഷത്രപ്പൂവിറുക്കാൻ  
ചന്ദ്രനെ പാകി
ആകാശതൈയൊന്ന് 
മുളപ്പിച്ചെടുക്കുന്നു

അവിടെ
മഞ്ഞു മെഴുകിയ
തിണ്ണയുള്ളൊരു
തൂവൽ മേഞ്ഞ വീട്

കുളിരു പുതച്ചുനിന്ന്
കാറ്റ് വിതയ്ക്കുന്ന മുറ്റം

ഞാനിതാ പൂത്തെന്ന്
ചുവന്നുതുടുത്ത്
ചിരിയടർത്തുന്ന
നിറഞ്ഞ ചില്ലകൾ 

ശരറാന്തൽ 
തുടച്ചുമിനുക്കി
തിരി കത്തിക്കുന്ന
മിന്നാമിനുങ്ങു്

നിലാക്കുരുക്കിട്ട്
ഊഞ്ഞാൽ കെട്ടുന്ന
മേഘക്കിടാത്തികൾ 

ആയത്തിലാടെന്ന്
പാട്ട് കുടഞ്ഞിട്ട് 
കൂട്ടംതെറ്റാത്ത പറവകൾ 

ഒരുനാൾ
താഴേമുറ്റത്തു കണ്ടേക്കും
പൂമ്പൊടികളുടെ
കളമെഴുത്ത്

അന്ന്
നീയെന്നു തൊട്ട്
ഞാനെന്നെണ്ണി
ഊഞ്ഞാലുറങ്ങുന്ന
ചില്ല ചായ്ച്ചു ചായ്‌ച്ച്
നമ്മളിറങ്ങും 
വെളിച്ചം തൊട്ടെടുത്ത് 
കണ്ണെഴുതാൻ .