2017, ജനുവരി 29, ഞായറാഴ്‌ച

മഞ്ഞിൽ നനഞ്ഞ ഒരു പൂവിന്റെ തണുപ്പ്
കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ എന്റെ ചുണ്ടുകളിൽ
അമ്മ ഒരു ശിശുവായതുപോലെ .

വിരലുകൾക്ക് തളിരിലകളുടെ മൃദുലത
എത്രപേരെ ഊട്ടിയ വിരലുകളാണിത്
എത്ര വിരലുകളിൽ അക്ഷരങ്ങളുടെ മധുരം വിളമ്പിയത്
കഠിനാദ്ധ്വാനത്തിന്റെ തഴമ്പുകൾ മാഞ്ഞുപോയിരിക്കുന്നു .

'നീ ഉറങ്ങിയോ ' എന്ന ചോദ്യം ഇന്നലെ അമ്മ ചോദിച്ചതേയില്ല .
ഉറക്കത്തിൽ  എന്തൊക്കെയോ അസ്വസ്ഥമായി പിറുപിറുത്ത്,
തൊട്ടടുത്ത് .... അച്ഛൻ പോയശേഷം ..... അപൂർവമായി
മാത്രം കിട്ടുന്ന അവസരങ്ങളിൽ അമ്മയെചേർന്നു കിടക്കുമ്പോൾ
'പഴങ്കഥ' കേട്ട് കണ്ണുനിറയ്ക്കുന്ന മാത്രയിൽ ഒരു മിന്നാമിനുങ്ങായി
വന്നുപോയിരുന്നു അച്ഛൻ .വിളിച്ചു കാണിക്കുമ്പോൾ 'ഓ അത്
എന്നും വരാറുള്ളതാണെന്നു പറഞ്ഞ് അവിടെയും എന്നെ
അമ്മ തോൽപ്പിക്കാറാണ് പതിവ് . ഇന്നലെ ഞാൻ കണ്ണ് നിറച്ചില്ല ,
അതുകൊണ്ടാവാം ആ ഒരു തരി വെട്ടം വന്നുപോയതുമില്ല .

'മാറ്റിയെടുക്കപ്പെട്ട കുട്ടിയാണോ ഞാനെന്ന പതിവു ചോദ്യം ഇന്നലെ
മനഃപൂർവം ഒഴിവാക്കിയതാണ് .ഇത്രയും ക്ഷീണിച്ച അവസ്ഥയിലും
ഒരു പൂർണ്ണവിശ്വാസത്തിന്റെ കുറവ് അമ്മ പ്രകടിപ്പിച്ചാൽ അത്
എനിക്ക് താങ്ങാനാകുമായിരുന്നില്ല .

എത്ര കരയിച്ചതാണ്. ഒരു കളിവാക്കുപോലെ പലരുമെറിഞ്ഞ് ,
എത്ര മുറിവേൽപ്പിച്ചതാണ് . തെളിവുകൊണ്ടുമാത്രം 'എന്റെ കുട്ടി '
എന്ന് സമ്മതിക്കേണ്ടിവന്നു എന്ന് അമ്മയിൽ നിന്ന് കേൾക്കേണ്ടിവന്ന
ഒരു മകൾ ...ഒരുപാടമ്മമാരെ സ്നേഹിച്ചു കൊതിതീർക്കുന്നവൾ .

ഇന്നലെ അമ്മ ഉറക്കത്തിൽ സംസാരിച്ചത് അച്ഛനോട് തന്നെയാവും .
അതുകൊണ്ടാവും ഒരു മിന്നാമിനുങ്ങിലേയ്ക്ക് പരകായം ചെയ്യാൻ
എന്റെ അച്ഛന് കഴിയാതെ പോയത് .

അമ്മയ്ക്ക് വാരിക്കൊടുത്തൂട്ടി ,ആദ്യമായൊരു പിറന്നാളാഘോഷം.
ഞാനും എന്റെ വിരലുകളും മാത്രമറിഞ്ഞ്......ഇനി മരിക്കുവോളം പിറന്നാളോർമ്മയുണ്ടുനിറയാനിതുമതിയെനിക്ക് .

ശാരീരികാസ്വാസ്ഥ്യത്തിൽനിന്ന് വിടുതൽ വാങ്ങി അമ്മ വരുന്നതും
കാത്ത്......  പൂർണ്ണ ആരോഗ്യവതിയായി വരുമ്പോൾ ഞാൻ പറയും ,
അടുത്ത ജന്മത്തിലെനിക്ക് അമ്മയുടെ മകളായി , ആദ്യത്തെ കുട്ടിയായി
ജനിക്കണം . പാടാനറിയാത്തവളെ പാട്ടുപഠിപ്പിക്കുന്നതും നോക്കി
രാഗങ്ങൾ വേർതിരിച്ചറിയാവുന്നൊരു കുട്ടിയായി ദൂരെ മാറിയിരുന്ന്
കണ്ണുനിറയ്ക്കാൻ ഇനിയൊരിക്കൽകൂടി ...വയ്യ .

അമ്മയെന്നെഴുതി ,
ഗ്രേസിയെന്ന് വായിച്ച് ,
ഓരോ തിരയിലും കാൽനനച്ച് ,
എന്റെ അമ്മയെ നിങ്ങളറിയുമോയെന്ന്
ചോദിച്ചു കരയാൻ ഒരു ജന്മം എനിക്കിനി വേണ്ട.......

2017, ജനുവരി 23, തിങ്കളാഴ്‌ച



'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'


ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിലെ വീരനായിക
ഡോ . രജനി തിരണഗാമയ്ക്ക് സമർപ്പിച്ചുകൊണ്ട്
'No more tears sister ' എന്നെഴുതിവെച്ച്
ശ്രീ .ടി .ഡി .രാമകൃഷ്ണൻ നമ്മെ കൊണ്ടുപോകുന്നു
തന്റെ 'സുഗന്ധി എന്ന  ആണ്ടാൾ ദേവനായകി'യിലേക്ക് .

കഥ തുടങ്ങുംമുൻപ് അദ്ദേഹം പറയുന്നു ,
'' തിരുവനന്തപുരത്തുനിന്നു കാസറഗോഡേക്കുള്ളതിന്റെ
പകുതി ദൂരമേ ജാഫ്‌നയിലേക്കുള്ളൂ.ഭാഷ ,സംസ്കാരം ,
വിദ്യാഭ്യാസം ആഹാരരീതി എന്നിവയിലെല്ലാം തമിഴരെക്കാൾ
നമുക്ക് അടുപ്പം ശ്രീലങ്കക്കാരോടാണ് .ഗൾഫ് എന്ന സ്വപ്നലോകം
തുറക്കുന്നതിനു മുമ്പ് മലയാളികളുടെ അഭയകേന്ദ്രമായിരുന്നു
ഈ കൊച്ചുരാജ്യം .എന്നിട്ടും മലയാളികളെ ,ശ്രീലങ്കയിൽ
കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധവും കൂട്ടക്കൊലയും
തീരെ ബാധിച്ചില്ല .കാരണം നമുക്കിടയിലൊരു കടലുണ്ട്........)

ശരിയാണ് ..........നാമിങ്ങനെയാണ്

ഈ പുസ്തകത്തെ
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ
'ഇടപെടൽ' എന്ന് വായിക്കാം

ഒരു രാജ്യത്തിന്റെ മുറിവിലേയ്ക്ക്....... ഒരു മിത്തിനെ
ആധാരമാക്കി എത്ര വിദഗ്ധമായി, ഭംഗിയായി ഒരു കഥ
രൂപപ്പെടുത്തിയിരിക്കുന്നു .
ഇതിലെ സ്ത്രീ കഥാപാത്രങ്ങൾക്കൊക്കെ കരുത്ത് .ബുദ്ധിയും
ശരീരവും കൊണ്ട് കീഴടക്കുന്നവർ .

''....മഹീന്ദന്റെ വാൾ അവളുടെ രണ്ടു മുലകളും അരിഞ്ഞുവീഴ്ത്തി .
..................രണ്ടായി മുറിച്ച വലിയ മാതളപ്പഴംപോലെ ചോരയിൽ
കുളിച്ച് ചുവന്നുതുടുത്ത അവളുടെ മുലകൾ മണ്ഡപത്തിന്റെ
നടുവിൽ കിടന്നു ..............മഹീന്ദൻ വീണ്ടും വാളുയർത്തിയപ്പോഴേക്കും
അദൃശ്യനായ ആരോ അയാളുടെ കൈ കടന്നുപിടിച്ചു ...അമാനുഷികമായ
എന്തോ ശക്തി കൈവന്ന ദേവനായകി പെട്ടെന്ന് ആകാശത്തോളം വളർന്നു .
ഒരു കാൽ സിഗിരിയയിലും മറ്റേ കാൽ ശ്രീപാദമലയിലുംവെച്ച് അവൾ
ആകാശത്തിലൂടെ നടന്നുപോയി .അവളുടെ രണ്ടു മുലകളും പ്രകാശിക്കുന്ന
ചുവന്ന നക്ഷത്രങ്ങളായി അവളോടൊപ്പം ആകാശത്തിലേക്കു പറന്നു ..."
അതേ സമയത്തുതന്നെ ചോളപ്പട സിംഹശൈലം വളയുന്നു ....
സ്ഫോടനങ്ങളുടെ പരമ്പര ....മഹീന്ദൻ ബന്ധനസ്ഥനാക്കപ്പെടുന്നു .
             
ആണ്ടാൾ ദേവനായകി യുഗങ്ങൾ തോറും നായകിമാരായി വീണ്ടും
വന്നു പോകുന്നു .

പീറ്റർ ദേവാനന്ദം തേടിനടന്ന സുഗന്ധി പ്രസിഡണ്ടിനെ വധിക്കാനായി
സാർക് സമ്മേളനവേദിയിലേക്ക് ( 2007 ) രണ്ടുകൈകളും വെട്ടിമാറ്റപ്പെട്ടവ- ളായി, വെടിമരുന്നു നിറച്ച വണ്ടി ഒറ്റയ്ക്ക് ഓടിച്ചു വരുന്നതും
പിടിക്കപ്പെടുന്നതും അവൾ കാർ നിർത്തി ഇറങ്ങുന്നതും സ്‌ഫോടനത്തിൽ
തീയാളിക്കത്തുമ്പോൾ ആകാശത്തേക്ക് പറന്നുയരുന്നതും വിസ്മയിപ്പിക്കുന്ന
കാഴ്ചകളായി നമ്മിലൂടെ കടന്നു പോകുന്നു .

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'വായിക്കുന്ന ഏതൊരു പെണ്ണും
ഒരു തവണയെങ്കിലും സ്വയം ദേവനായകിയെന്നു പ്രഖ്യാപിക്കാൻ
കൊതിക്കും .അടുത്ത ജന്മത്തിൽ ദേവനായകിയാകാൻ ആഗ്രഹിക്കും .
ബുദ്ധിയും സൗന്ദര്യവും ജ്ഞാനവും കൊണ്ട് അവളാകാൻ,അവളായി
ജയിക്കാൻ .

പുസ്തകം മടക്കിവെയ്ക്കും മുമ്പ്
ഞാൻ ഒരിക്കൽക്കൂടി വായിക്കുന്നു

 ''കനവ് തുലൈന്തവൾ നാൻ
 കവിതൈ മറന്തവൾ നാൻ
 കാതൽ കരിന്തവൾ നാൻ
 കർപ്പ് മുറിന്തവൾ നാൻ ''

.

2017, ജനുവരി 19, വ്യാഴാഴ്‌ച

കാലസൂത്രം


വഴി ചോദിക്കാൻ
ഒരു ചൂണ്ടുവിരൽ
തിരയേണ്ടതില്ല.

എതിരെ
ഒരൊച്ചയ്ക്ക്
കാതോർക്കേണ്ടതുമില്ല.

കൊലചെയ്യപ്പെട്ട
പുഴയുടെ കണ്ണീർ
അകാലത്തിൽ മരിച്ച
ഇലകളായ്
പൊഴിക്കുന്നുണ്ട്
ചില്ലകൾ.

തെളിയാൻ  
ഒരു വിളക്കും 
പടികടന്നെത്താതെ,

നനയാൻ 
ഒരു വാനവും
മഴവില്ലു വരയ്ക്കാതെ,

ചുട്ടുപൊള്ളിക്കുമിടം.

കിളിപ്പാട്ടിനു താളമിടാതെ
ഒരു ചില്ലയും
തളിർക്കില്ലെന്ന്,

കാറ്റിഴഞ്ഞു പോയ
വഴിയിലൊരു ചൂണ്ടുപലക.

വക്കുടഞ്ഞ പാത്രത്തിൽ
കവിതയെന്ന വറ്റു കാണാതെ,

കൂട്ടംതെറ്റി പിരിഞ്ഞുപോകുന്നു
പൊരുളഴിഞ്ഞ വാക്കുകൾ.


2017, ജനുവരി 4, ബുധനാഴ്‌ച

അഹത


വാതിൽപ്പടിവരെ 
മുടങ്ങാതെ വന്നുപോയിരുന്നു

പറന്നുപോയ കിളിയെ,കാറ്റിനെ
'ഇത്തിരിനേരമെന്ന് തിരികെ വിളിച്ച്
കിന്നാരം പറഞ്ഞിരിക്കുന്നത്
അവരെ വയറുനിറയെ
അരിമണികളും പിച്ചകമണവുമൂട്ടുന്നത്
മഴയില്ലാമാനം നോക്കി കറുക്കുന്നത്
പുകയൂതിയൂതി
വേവുപാകം നോക്കി
വിയർപ്പാറ്റി നിന്ന്
അടുപ്പിന് കഞ്ഞിവിളമ്പിക്കൊടുക്കുന്നത്
ഒരിലപ്പച്ചകൊണ്ട് കാട് വരയ്ക്കുന്നത്
ഇന്നലെയും കണ്ടിരുന്നു

ചുവരൊരു ചിത്രം തൂക്കിയത്
ആണികൾ ഹൃദയഭിത്തി തുളച്ചത്
നിലയ്ക്കാത്തൊഴുകിയ രക്തത്തിൽ
എങ്ങോട്ടെന്നില്ലാതെയൊഴുകിപ്പോയത് 
ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞത്
ഇക്കണ്ട ദിനങ്ങളെയാകെ കരയിച്ചത്

നിന്നെ മുട്ടിവിളിക്കാൻ നിൽക്കാതെ
വാക്കിനു മുമ്പേ നടന്നതാണ്

വട്ടമൊന്നു മിനുക്കി
നിവർന്നു നോക്കുന്നേരം  
അവനിരിക്കുന്ന കണ്ണും 
അവനുമ്മവെച്ച്  ചുവന്ന കവിളും
വിരലോടിച്ചു കറുപ്പിച്ച തലമുടിയിഴകളും
നന്നായി തെളിഞ്ഞു കാണുന്നുണ്ട്
വാൽക്കണ്ണാടി അടച്ചുവെയ്ക്കെ
ആരോ പറയുന്നതുപോലെ
നിന്റെയീ ചൂണ്ടുവിരലിനറ്റത്തിരുന്നാണ്
ഭൂമി സൂര്യനെ പകലന്തിയോളം വരയ്ക്കുന്നത് '..!

2017, ജനുവരി 2, തിങ്കളാഴ്‌ച

നിലാചിത്രക

പട്ടം പറത്തുന്ന
പെൺകുട്ടീ ,

പൂക്കാത്ത മരത്തിന്
നീയാ പറക്കൽ
ചിരിയായ് കൊടുക്കുക

വരൂ
ഒരു ചില്ല താഴ്ത്തി
നമുക്ക് കാടുണ്ടാക്കിക്കളിക്കാം

മണ്ണ് ശ്വസിക്കുമിടങ്ങളിൽ
കണ്ണ് തെളിയിച്ച്
പതിയേ നടക്കാം

കൊഴിയുന്ന ഇലകളെ
ചൊരിയുന്ന മഴയെന്നു തൊട്ട്
കാടെന്നു നനയാം

ചിന്നംവിളിക്കുന്നൊരൊറ്റയാനെ 
മാനായ്  മെരുക്കി 
കാട്ടുവഴി തെളിക്കാം

പേരിനായുഴറുന്നവരെ
നാമെന്നേയറിയുന്നവരെന്ന്
പേരുചൊല്ലി വിളിക്കാം

ചില്ലമേലാടുന്ന കാറ്റിനെ
സംഗീതമെന്നുഴിഞ്ഞ്
മുറിയാതഴിച്ച്  കേൾക്കാം

കൈകാൽ കുടഞ്ഞ്
കാട്ടാറിളക്കുന്ന കുഞ്ഞിനെ
നിലാവേ'യെന്ന്‌ വാരിയെടുക്കാം 

മൂളുന്ന മൂങ്ങയോട്‌
മരപ്പൊത്ത് കാക്കുന്ന
ഒരു തരിവെട്ടം കടം വാങ്ങാം

ചൂട്ട്  കത്തിച്ചു പിടിക്ക്
കാറ്റിന്റെ ഒക്കത്തേറി
കിഴക്കു നോക്കി പറക്കാം

നോക്ക്
പട്ടമിരുന്ന ചില്ല നിറയെ
ആരോ പൂമൊട്ടുകൾ വരച്ചിരിക്കുന്നു ..!



2017, ജനുവരി 1, ഞായറാഴ്‌ച




പെണ്ണേ ,
മുടി വാരിക്കെട്ട്
പുഴയഴിച്ചുവെയ്ക്ക്

മഞ്ഞിൽ കുളിച്ച്
കിളിയായ് പാടി
പൂവായ് ചിരിക്ക്

തൊട്ടുതരട്ടെ
കണ്ണുതട്ടാതൊരു
കറുത്ത പൊട്ട്

ഇനി അവനോട്
ചേർന്നു നിൽക്ക്
ഞാനൊന്ന് വരയ്ക്കട്ടെ .