2017, ജനുവരി 29, ഞായറാഴ്‌ച

മഞ്ഞിൽ നനഞ്ഞ ഒരു പൂവിന്റെ തണുപ്പ്
കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ എന്റെ ചുണ്ടുകളിൽ
അമ്മ ഒരു ശിശുവായതുപോലെ .

വിരലുകൾക്ക് തളിരിലകളുടെ മൃദുലത
എത്രപേരെ ഊട്ടിയ വിരലുകളാണിത്
എത്ര വിരലുകളിൽ അക്ഷരങ്ങളുടെ മധുരം വിളമ്പിയത്
കഠിനാദ്ധ്വാനത്തിന്റെ തഴമ്പുകൾ മാഞ്ഞുപോയിരിക്കുന്നു .

'നീ ഉറങ്ങിയോ ' എന്ന ചോദ്യം ഇന്നലെ അമ്മ ചോദിച്ചതേയില്ല .
ഉറക്കത്തിൽ  എന്തൊക്കെയോ അസ്വസ്ഥമായി പിറുപിറുത്ത്,
തൊട്ടടുത്ത് .... അച്ഛൻ പോയശേഷം ..... അപൂർവമായി
മാത്രം കിട്ടുന്ന അവസരങ്ങളിൽ അമ്മയെചേർന്നു കിടക്കുമ്പോൾ
'പഴങ്കഥ' കേട്ട് കണ്ണുനിറയ്ക്കുന്ന മാത്രയിൽ ഒരു മിന്നാമിനുങ്ങായി
വന്നുപോയിരുന്നു അച്ഛൻ .വിളിച്ചു കാണിക്കുമ്പോൾ 'ഓ അത്
എന്നും വരാറുള്ളതാണെന്നു പറഞ്ഞ് അവിടെയും എന്നെ
അമ്മ തോൽപ്പിക്കാറാണ് പതിവ് . ഇന്നലെ ഞാൻ കണ്ണ് നിറച്ചില്ല ,
അതുകൊണ്ടാവാം ആ ഒരു തരി വെട്ടം വന്നുപോയതുമില്ല .

'മാറ്റിയെടുക്കപ്പെട്ട കുട്ടിയാണോ ഞാനെന്ന പതിവു ചോദ്യം ഇന്നലെ
മനഃപൂർവം ഒഴിവാക്കിയതാണ് .ഇത്രയും ക്ഷീണിച്ച അവസ്ഥയിലും
ഒരു പൂർണ്ണവിശ്വാസത്തിന്റെ കുറവ് അമ്മ പ്രകടിപ്പിച്ചാൽ അത്
എനിക്ക് താങ്ങാനാകുമായിരുന്നില്ല .

എത്ര കരയിച്ചതാണ്. ഒരു കളിവാക്കുപോലെ പലരുമെറിഞ്ഞ് ,
എത്ര മുറിവേൽപ്പിച്ചതാണ് . തെളിവുകൊണ്ടുമാത്രം 'എന്റെ കുട്ടി '
എന്ന് സമ്മതിക്കേണ്ടിവന്നു എന്ന് അമ്മയിൽ നിന്ന് കേൾക്കേണ്ടിവന്ന
ഒരു മകൾ ...ഒരുപാടമ്മമാരെ സ്നേഹിച്ചു കൊതിതീർക്കുന്നവൾ .

ഇന്നലെ അമ്മ ഉറക്കത്തിൽ സംസാരിച്ചത് അച്ഛനോട് തന്നെയാവും .
അതുകൊണ്ടാവും ഒരു മിന്നാമിനുങ്ങിലേയ്ക്ക് പരകായം ചെയ്യാൻ
എന്റെ അച്ഛന് കഴിയാതെ പോയത് .

അമ്മയ്ക്ക് വാരിക്കൊടുത്തൂട്ടി ,ആദ്യമായൊരു പിറന്നാളാഘോഷം.
ഞാനും എന്റെ വിരലുകളും മാത്രമറിഞ്ഞ്......ഇനി മരിക്കുവോളം പിറന്നാളോർമ്മയുണ്ടുനിറയാനിതുമതിയെനിക്ക് .

ശാരീരികാസ്വാസ്ഥ്യത്തിൽനിന്ന് വിടുതൽ വാങ്ങി അമ്മ വരുന്നതും
കാത്ത്......  പൂർണ്ണ ആരോഗ്യവതിയായി വരുമ്പോൾ ഞാൻ പറയും ,
അടുത്ത ജന്മത്തിലെനിക്ക് അമ്മയുടെ മകളായി , ആദ്യത്തെ കുട്ടിയായി
ജനിക്കണം . പാടാനറിയാത്തവളെ പാട്ടുപഠിപ്പിക്കുന്നതും നോക്കി
രാഗങ്ങൾ വേർതിരിച്ചറിയാവുന്നൊരു കുട്ടിയായി ദൂരെ മാറിയിരുന്ന്
കണ്ണുനിറയ്ക്കാൻ ഇനിയൊരിക്കൽകൂടി ...വയ്യ .

അമ്മയെന്നെഴുതി ,
ഗ്രേസിയെന്ന് വായിച്ച് ,
ഓരോ തിരയിലും കാൽനനച്ച് ,
എന്റെ അമ്മയെ നിങ്ങളറിയുമോയെന്ന്
ചോദിച്ചു കരയാൻ ഒരു ജന്മം എനിക്കിനി വേണ്ട.......